പ്രഭ മങ്ങുന്ന മന്ത്രിയുടെ സ്വന്തം കദളി പദ്ധതി
text_fieldsഈ കദളിപ്പഴത്തിലെന്താ പൊന്നുണ്ടോ? ഉണ്ടെന്നു തന്നെയാണ് വിശ്വാസം. അത്രക്കുണ്ട് കദളിപ്പഴത്തിെൻറ മഹത്വം. ഇതൊക്കെയാണെങ്കിലും കദളിവാഴ കൃഷി ചെയ്യുന്ന ജൈവകര്‍ഷകര്‍ക്ക് അത്ര നല്ല കാലമല്ല. തൃശൂര്‍ ജില്ലയുടെ അഭിമാനമായി മാറിയ കദളിവാഴ കൃഷിയുടെ സ്വര്‍ണ്ണപ്രഭ മങ്ങുകയാണ്.
കദളി പ്രധാനമായും കൃഷി ചെയ്യുന്ന കൊടകര ബ്ലോക്കിലെ എഴുനൂറ്റിയമ്പതിലധികം വരുന്ന കുടുംബശ്രീ കൃഷിക്കാരെല്ലാം ദുരിതപര്‍വ്വത്തിലാണ്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മൂന്നു വര്‍ഷമായി
കദളിപ്പഴത്തിെൻറ വില ഉയര്‍ത്താത്തതും വാഴയെ ബാധിക്കുന്ന പനാമ വില്‍റ്റ് എന്ന വിദേശി രോഗവുമാണ് വില്ലെൻറ അവതാരം പൂണ്ടത്.
ഒൻപത് വർഷമെത്തിയ കൂട്ടായ്മ
2009ല്‍ സി. രവീന്ദ്രനാഥ് എം.എൽ.എയുടെ നേതൃത്വത്തില്‍ കൊടകര ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലായി പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയതാണ് കദളിവാഴകൃഷി. പിന്നീട് 2013 ല്‍ കുടുംബശ്രീ
ജില്ലാമിഷെൻറ പ്രോജക്ടായ ‘സമഗ്ര നിവേദ്യം- പൂജ കദളി’ പദ്ധതി മറ്റത്തൂര്‍ ലേബര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ചേര്‍ന്ന് വന്‍ വിജയമാക്കി. ഗുരുവായൂര്‍ ദേവസ്വവുമായി ധാരണയായ ശേഷമാണ്
കുടുംബശ്രീയിലെ വനിതകള്‍ കൃഷിക്കിറങ്ങിയത്. നാലോ അഞ്ചോ പേരടങ്ങുന്ന 150 സംഘങ്ങളായി 750 ല്‍ അധികം സ്ത്രീകള്‍ കദഴിവാഴ കൃഷിക്കാരായുണ്ട്. ഇവര്‍ക്ക് കൃഷിയെ കുറിച്ചു മാത്രം
ആലോചിക്കേണ്ട കാര്യമേയുളളൂ. സംഭരണവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിക്കുന്നതുമൊക്കെ സൊസൈറ്റിയാണ്.
കദളികൃഷിയെ തകർത്ത വിധം
ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് നിവേദ്യമൊരുക്കാന്‍ ജൈവരീതിയില്‍ കൃഷിചെയ്യുന്ന കദളിപ്പഴം എത്തിക്കുകയെന്ന ആശയം ശ്രദ്ധേയമായിരുന്നു. എന്നാല്‍ വര്‍ഷങ്ങളായുളള ദേവസ്വം ഭരണസമിതി സ്വീകരിക്കുന്ന
നിലപാട് വ്യത്യസ്തവുമായിരുന്നു. ജൈവ കദളിപ്പഴമൊന്നും വേണമെന്ന നിര്‍ബന്ധമൊന്നുമുണ്ടായിരുന്നില്ല. പൂവന്‍പഴം അല്ലെങ്കില്‍ കദളിപ്പഴം എന്നതാണ് പൊതുവേ സ്വീകരിച്ച നയം. തമിഴ്‌നാട്ടില്‍ നിന്ന് പൂവന്‍
പഴം സമൃദ്ധിയായി ഒഴുക്കാന്‍ നിരവധി കോണ്‍ട്രാക്ടര്‍മാരുണ്ട്. നാട്ടിലെ കദളിപ്പഴം വന്നതോടെ കോണ്‍ട്രാക്ടര്‍മാര്‍ പൂവന്‍പഴം വില കുറവില്‍ എത്തിച്ച് കദളിപ്പഴത്തെ ചെറുത്തു. ദേവസ്വം ടെന്‍ഡര്‍
വിളിക്കുമ്പോള്‍ നാടന്‍ കദളിയേയും തമിഴ്‌നാട് പൂവനെയും ഒരേ തുലാസില്‍ തൂക്കി. ഈ സ്ഥിതി വന്നതോടെ മൂന്നു വര്‍ഷമായി കദളിപ്പഴത്തിെൻറ വിലയില്‍ ഗുരുവായൂര്‍ ദേവസ്വത്തിന് മാറ്റം വരുത്തേണ്ടി
വന്നില്ല.അതായത് ഒരു കദളിപ്പഴത്തിന് മൂന്നു വര്‍ഷമായി നല്‍കുന്ന വില 3.70 രൂപ .
പനാമ വില്‍റ്റ് എന്ന വിദേശി രോഗം
മൂന്നു കൊല്ലത്തിലൊരിക്കലാണ് പനാമ വില്‍റ്റ് വാഴകളെ ഗുരുതരമായി ബാധിക്കുക. കുല വരാറായ സമയത്ത് വാഴ പഴുത്ത് ഒടിഞ്ഞു വീഴുകയാണ് പതിവ്. രോഗം ബാധിക്കുന്നതോടെ ഉത്പാദനം അറുപത്
ശതമാനം വരെ കുറയും. 100 വാഴ വെച്ചാല്‍ നാല്‍പ്പത് കുല കിട്ടിയെങ്കിലായി. ഈ വര്‍ഷം മുറ തെറ്റാതെ വാഴകളെ രോഗം ബാധിച്ചത് ഉൽപാദനത്തില്‍ ഗണ്യമായ കുറവുണ്ടാക്കി. ഈ രോഗത്തെ തടയാന്‍
നിലവില്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ല. പ്രതിരോധമാണ് എകപോംവഴിയെന്നു പറയുന്നുണ്ടെങ്കിലും ഇവ പ്രായോഗികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടാണ്. കേരളത്തിലേയും തമിഴ്‌നാട്ടിലേയും കാര്‍ഷിക
സര്‍വ്വകലാശാലകള്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും പരിഹാരം കണ്ടെത്താനായിട്ടില്ല.
കദളി കൃഷിയുടെ ഭാവി
മറ്റത്തൂര്‍ കോപ്പറേറ്റീവ് സൊസൈറ്റിയാണ് കദളിവാഴ കൃഷി പ്രോത്സാഹിപ്പിക്കുന്നത്. വാഴക്കന്ന് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിന് പുറമേ എത്ര കുലകള്‍ ഉണ്ടെങ്കിലും സൊസൈറ്റി സംഭരിച്ച്
കൃഷിക്കാര്‍ക്ക് പണം നല്‍കും. എന്നാല്‍ ഗുരുവായൂര്‍ ദേവസ്വത്തെ പ്രധാനമായി ആശ്രയിക്കുന്നതിനാല്‍ കാര്യമായ നഷ്ടം നേരിടുന്നുണ്ട്. മാസം തോറും 60,000 രൂപ വരെയാണ് സൊസൈറ്റി നഷ്ടം
സഹിക്കുന്നത്. മുമ്പത്തേതു പോലെ ധൈര്യമായി കൃഷിക്കിറങ്ങിക്കോളൂ എന്ന് പറയാന്‍ പറ്റാത്ത അവസ്ഥ. പനാമ വില്‍റ്റ് ബാധിച്ചതിനാല്‍ വാഴക്കന്നിെൻറ ലഭ്യതയില്‍ കാര്യമായ കുറവുമുണ്ടായി.
അതുകൊണ്ടുതന്നെ പുതിയ വാഴകള്‍ കൃഷി ചെയ്യുന്നതും കുറഞ്ഞു. മാസം തോറും 2500 വാഴ നട്ടിരുന്ന സ്ഥാനത്ത് 500 പോലും തികക്കാന്‍ കഴിയുന്നുമില്ല. ഇത്രയായിട്ടും കുടുംബശ്രീ കര്‍ഷകരുടെ താല്‍പര്യം
തെല്ലും കുറഞ്ഞിട്ടില്ല. പഴത്തിന് 2.70 രൂപ നല്‍കിയാണ് സൊസൈറ്റി ഇപ്പോള്‍ സംഭരിക്കുന്നത്. കൃഷി ലാഭകരമായി നടത്തിക്കൊണ്ടു പോകാന്‍ കഴിയാത്തതിനാല്‍ വില വർധിപ്പിച്ച് കരാര്‍ പുതുക്കാന്‍
ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയോട് ആവശ്യപ്പെടുമെന്ന് മറ്റത്തൂര്‍ കോപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി കെ പി പ്രശാന്ത് പറഞ്ഞു.
കദളിപഴത്തിെൻറ വിപണി സാദ്ധ്യത
ദിവസവും എണ്ണായിരം പഴമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ആവശ്യം വരിക. ചില സമയത്ത് പതിനായിരം പഴം വരെ വേണ്ടിവന്നേക്കാം. സൊസൈറ്റി ദിനംതോറും നാലായിരം പഴം വരെ ഗുരുവായൂരില്‍
എത്തിച്ചു കൊടുത്തിരുന്നു. എന്നാല്‍ മൂന്നു മാസമായി പഴങ്ങളുടെ എണ്ണം 2500 ആയി കുറഞ്ഞു. തൃശൂരിലെ തിരുവമ്പാടി ക്ഷേത്രത്തിലേക്കും സൊസൈറ്റി പഴം എത്തിച്ചു നല്‍കുന്നുണ്ട്. രസായനം
ഉണ്ടാക്കാനായി കദളിപ്പഴം വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ നല്ല വില നല്‍കാന്‍ ആയൂര്‍വ്വേദ മരുന്നു നിര്‍മ്മാതാക്കള്‍ തയ്യാറാണ്. മാസം തോറും രണ്ടു ടണ്‍ വരെ ഇപ്പോള്‍ ലഭിക്കുന്ന ഓര്‍ഡര്‍. കദളിവാഴ
കൃഷി പദ്ധതിക്ക് തുടക്കമിട്ട സി രവീന്ദ്രനാഥ് ഇപ്പോള്‍ മന്ത്രിയാണ്. കൃഷിമന്ത്രിയും ഇതേ ജില്ലക്കാരനുമാണ്. സംസ്ഥാന സര്‍ക്കാരും ദേവസ്വം ഭരണസമിതിയും നയപരമായ ഒരു തീരുമാനം എടുത്താല്‍ തീരാവുന്ന
പ്രതിസന്ധിയേ ഇപ്പോള്‍ നിലവിലുളളൂ. അല്ലെങ്കില്‍ നല്ലൊരു ജൈവകാര്‍ഷിക സംരംഭത്തിെൻറ അടിവേരറക്കുന്നത് നമുക്ക് കാണേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.