നെല്ല് നാട് നീങ്ങുന്നു?
text_fieldsകുഴൽമന്ദം: സംസ്ഥാനത്തെ നെല്ലുൽപാദനത്തിൽ 20.53 ശതമാനത്തിെൻറ കുറവ്. കൃഷിവകുപ്പിന് കീഴിലെ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഇത്രയും കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും കുറഞ്ഞ ഉൽപാദനമാണ് കഴിഞ്ഞ സീസണിൽ ഉണ്ടായത്. 4,36,482.54 ടൺ നെല്ലാണ് സംസ്ഥാനത്ത് ഉൽപാദിപ്പിച്ചത്.
ഒന്നാം വിളക്ക് 1,61,181.07 ടണ്ണും രണ്ടും മൂന്നും വിളക്ക് യഥാക്രമം 1,41,396.66, 1,27,904.80 ടൺ വീതവും നെല്ലാണ് ഉൽപാദിപ്പിച്ചത്. നെല്ലുൽപാദനത്തിൽ മുന്നിൽ നിൽക്കുന്നത് പാലക്കാടാണ്. 1,44,274.84 ടൺ ആണ് കഴിഞ്ഞ വർഷം ജില്ലയിൽ ഉൽപാദിപ്പിച്ചത്. രണ്ടാം സ്ഥാനം ആലപ്പുഴക്കാണ് -1,02,438.72 ടൺ. 1630.55 ടൺ മാത്രം ഉൽപാദിപ്പിച്ച ഇടുക്കിയിലാണ് ഏറ്റവും കുറവ്. 2015-16 വർഷത്തിൽ 1,96,870 ഹെക്ടറിൽ കൃഷിയിറക്കിയെങ്കിൽ 2016-17ൽ ഇത് 1,71,398 ഹെക്ടറിലായി ചുരുങ്ങി. 2015-16 വർഷത്തിൽ 5,49,275 ടണ്ണാണ് ഉൽപാദനമെങ്കിൽ 2016-17ൽ 4,36,482 ടണ്ണായി കുറഞ്ഞു.
കഴിഞ്ഞ വർഷം ഹെക്ടറിന് 2,547 കിലോ ലഭിച്ചപ്പോൾ തൊട്ടു മുൻ വർഷം 2,790- കിലോയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് അനുഭവപ്പെട്ട രൂക്ഷമായ വരൾച്ചയാണ് നെല്ലുൽപാദനം കുറയാൻ കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പാലക്കാട് ജില്ലയെയാണ് വരൾച്ച കൂടുതൽ ബാധിച്ചത്. ജില്ലയിൽ മാത്രം 22,000 ഹെക്ടറാണ് തരിശിട്ടത്. സംസ്ഥാനത്ത് ഏറ്റവുമധികം നെൽകൃഷിയിറക്കുന്നത് പാലക്കാടാണ്. ജില്ലയിലെ ഉൽപാദന കുറവാണ് സംസ്ഥാനത്തും ബാധിച്ചത്. നാളികേരം, അടക്ക, കപ്പ, നേന്ത്രക്കായ, കുരുമുളക്, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ കൃഷികളെയും വരൾച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഡിസംബർ 18നാണ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.