തോരാമഴയിൽ വേണം വിളകൾക്ക് കരുതൽ
text_fieldsകടുത്ത വരൾച്ചക്കുശേഷം അപ്രതീക്ഷിതമായുണ്ടായ കനത്ത വേനൽമഴ വലിയ നാശനഷ്ടങ്ങളാണ് വീണ്ടും കാർഷിക മേഖലക്കുണ്ടാക്കിയിട്ടുളളത്.
പല കൃഷിയിടങ്ങളിലും ദിവസങ്ങളോളം വിളകൾ വെള്ളത്തിലും ചളിയിലും മുങ്ങിനിൽക്കുന്ന അവസ്ഥയുണ്ട്. തോരാമഴയിൽ നേരിട്ടുള്ള നാശനഷ്ടങ്ങൾക്കുപുറമെ അനന്തരമുള്ള നാശനഷ്ടങ്ങൾ കാർഷിക മേഖലയിൽ സ്വാഭാവികമാണ്.
കനത്ത മഴയും വെള്ളക്കെട്ടും കാരണം പല രോഗങ്ങളും കീടങ്ങളും വിളകളിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ സമയോചിതമായ മുൻകരുതൽ നടപടികളിലൂടെ ചിരസ്ഥായിയായ നമ്മുടെ കാർഷിക വിളകളിലെ ഇത്തരം പ്രശ്നങ്ങളും അതിലൂടെയുള്ള സാമ്പത്തിക നഷ്ടവും നിയന്ത്രിക്കാനാകും. കൃഷിയിടങ്ങളിലെ വെള്ളം ഇറങ്ങിയശേഷം വിവിധ വിളകളിൽ അനുവർത്തിക്കേണ്ട സസ്യ സംരക്ഷണ മാർഗങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
തെങ്ങ്
തെങ്ങിന് കൂമ്പുചീയൽ രോഗം പടർന്നുപിടിക്കാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ രോഗം ബാധിച്ച ഭാഗങ്ങൾ വൃത്തിയാക്കി 10 ശതമാനം വീര്യമുള്ള ബോർഡോ കുഴമ്പ് പുരട്ടണം.
ഓലകരിച്ചിൽ, മച്ചിങ്ങ പൊഴിച്ചിൽ തുടങ്ങിയ കുമിൾ രോഗങ്ങൾക്കെതിരെ ഒരു ശതമാനം വീര്യത്തിൽ ബോർഡോ മിശ്രിതം തളിക്കാവുന്നതാണ്.
കമുക്
ദീർഘനാളത്തെ അടഞ്ഞുപെയ്യുന്ന മഴയ്ക്കു ശേഷം മഹാളിരോഗം കമുകിന് പിടിപെടാൻ സാധ്യതയുള്ളതിനാൽ ഒരു ശതമാനം വീര്യത്തിൽ ബോർഡോ മിശ്രിതം തളിക്കുന്നത് ഫലപ്രദമാണ്.
പച്ചക്കറി വിളകൾ
കനത്തമഴയിലും വെള്ളക്കെട്ടിലും പച്ചക്കറി കൃഷിചെയ്ത പല പ്രദേശങ്ങളും ഒന്നുരണ്ടു ദിവസം വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലായിരുന്നു. രക്ഷപ്പെട്ടിട്ടുള്ള ചെടികളിൽ കീടരോഗബാധ പടർന്നു പിടിക്കാതെയുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.
•0.3 വീര്യത്തിൽ മാങ്കോസെബ് എന്ന കുമിൾ നാശിനി തളിച്ചാൽ വഴുതനയുടെ കായ ചീയൽ, വെണ്ടയുടെ ഇലപ്പുള്ളി എന്നിവ നിയന്ത്രിക്കാം.
•പയറിന്റെ കട ചീയൽ, ഇലപ്പുളളിരോഗം എന്നിവ നിയന്ത്രിക്കുന്നതിനായി മാങ്കോസെബ് + കാർബെൻഡാസിം (0.2 വീര്യത്തിൽ) തളിച്ചുകൊടുക്കണം.
•വെള്ളരി വർഗത്തിൽപ്പെട്ട പച്ചക്കറികളിൽ ഇലപ്പുളളി, ഇല കരിച്ചിൽ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രതിരോധത്തിനായി സൈമോക്സാനിൽ + മാങ്കോസെബ് (0.3) തളിച്ചുകൊടുക്കണം.
•ഈർപ്പം അധികമാകുമ്പോൾ ആഫ്രിക്കൻ ഒച്ച് പോലുള്ള ജീവികളുടെ ശല്യം രൂക്ഷമാകുകയാണെങ്കിൽ 60 ഗ്രാം തുരിശ് ഒരു ലിറ്റർ വെളളത്തിൽ കലക്കി നന്നായി കൃഷിയിടത്തിൽ തളിച്ച് ഇവയെ നിയന്ത്രിക്കാം.
•ഇലതീനി പുഴുക്കളുടെ ആക്രമണം ശ്രദ്ധയിൽപ്പെട്ടാൽ ഫ്ലുബെൻഡൈയാമിഡ് 2 മി.ലി 10 ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാവുന്നതാണ്.
വാഴ
•കടഭാഗത്ത് അടിഞ്ഞുകൂടിയ ചളിയും മണ്ണും ഇളക്കിമാറ്റി മണ്ണിന് വായുസഞ്ചാരം അനുവദിക്കണം. ശേഷം മണ്ണ് കയറ്റി കൊടുക്കാം.
•മാണം അഴുകൽ ശ്രദ്ധയിൽപ്പെട്ടാൽ അഞ്ചു ഗ്രാം ബ്ലീച്ചിങ് പൗഡർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കണം.
•അടഞ്ഞ മഴ കഴിഞ്ഞുളള കാലാവസ്ഥയിൽ പനാമാവാട്ടം രൂക്ഷമായേക്കാം. മൂത്ത ഇലകൾ മഞ്ഞളിച്ച് വാടിപ്പോകുന്നതാണ് ആദ്യത്തെ ലക്ഷണം. ഒപ്പം വാഴത്തടയുടെ കടഭാഗത്ത് വിണ്ടുകീറൽ ഉണ്ടാകുന്നതും ഇതിന്റെ ലക്ഷണം തന്നെ. രോഗം ശ്രദ്ധിയിൽപെട്ടാൽ 0.2 വീര്യത്തിൽ കാർബൺഡാസിം അല്ലെങ്കിൽ 0.1 വീര്യത്തിൽ െപ്രാപ്പികൊനാസോൾ കുമിൾനാശിനി കടഭാഗത്ത് ഒഴിക്കണം.
•കേടുവന്ന ഇലകൾ മുറിച്ചു മാറ്റണം. 13:0:45 എന്ന വളം അഞ്ചു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്നതോതിൽ പശ ചേർത്ത് ഇലകളിൽ സ്േപ്ര ചെയ്യണം.
•ഇലപ്പുളളി രോഗം വരുകയാണെങ്കിൽ 0.4 വീര്യത്തിൽ മാങ്കോസെബ് എന്ന കുമിൾനാശിനി പശ ചേർത്ത് ഇലകളിൽ തളിക്കാം. രോഗം നിയന്ത്രണ വിധേയമല്ലെങ്കിൽ െപ്രാപ്പികൊനാസോൾ 0.1 വീര്യത്തിൽ തുടർന്നു തളിക്കാവുന്നതാണ്.
കുരുമുളക്
•കടഭാഗത്ത് വെള്ളമോ ചളിയോ കെട്ടിനിൽക്കുകയാണെങ്കിൽ വാർത്തുകളഞ്ഞ് ചെടി ഒന്നിന് അര കിലോഗ്രാം വീതം കുമ്മായം ചേർത്തുകൊടുക്കുക. രണ്ടാഴ്ചക്കുശേഷം 10 കി. ഗ്രാം ജൈവവളം നൽകുക.
•ഒരു ശതമാനം വീര്യത്തിൽ ബോർഡോമിശ്രിതം ചെടികളിൽ സ്േപ്ര ചെയ്യണം. കൂടാതെ കോപ്പർ ഓക്സിക്ലോറൈഡ് (0.3) കടഭാഗത്ത് ഒഴിച്ചുകൊടുക്കുകയും വേണം.
ജാതി
•കടഭാഗത്ത് ചളി അടിഞ്ഞുകൂടിയിട്ടുണ്ടെങ്കിൽ ഇളക്കി വായു സഞ്ചാരം ഉറപ്പുവരുത്തേണ്ടതാണ്. ശേഷം 250-500 ഗ്രാം കുമ്മായം ചെടി ഒന്നിന് ചേർത്തുകൊടുക്കണം.
•അടഞ്ഞ മഴക്കുശേഷം ഇലപ്പുളളി രോഗം/ഇലകൊഴിച്ചിൽ എന്നിവ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ രോഗം ശ്രദ്ധയിൽപെട്ടാൽ 0.2 വീര്യത്തിൽ കോപ്പർ ഹൈേഡ്രാക്സൈഡ് തളിച്ചുകൊടുക്കണം.
പൊതു നിർദേശങ്ങൾ
തുടർച്ചയായുള്ള അടഞ്ഞ മഴയിൽ ഫൈറ്റോഫ്തോറ പോലുള്ള കുമിൾ രോഗങ്ങൾ ചെടികളിൽ വരാൻ സാധ്യതയുണ്ട്. ഗുരുതരമായി രോഗം ബാധിച്ച ചെടികൾ നശിപ്പിച്ചുകളയണം. രോഗം പടരുന്നത് തടയാനായി ചെടികളിൽ നീർവാർച്ചയും വായുസഞ്ചാരവും ഉറപ്പുവരുത്തണം. പ്രതിരോധത്തിനായി സ്യൂഡോമോണാസ്, ൈട്രക്കോഡെർമ എന്നിവ ആരോഗ്യമുളള ചെടികളിലും തളിക്കുന്നത് നല്ലതാണ്.
വളരെ കൂടിയ അളവിൽ ചളി കെട്ടിനിൽക്കുന്ന പ്രദേശങ്ങളിൽ സെൻറിന് ഒരു കി. ഗ്രാം എന്ന നിരക്കിൽ കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് വിതറിക്കൊടുക്കണം. ചെടികളുടെ തടത്തിനുള്ളിലെ ചളി കട്ടപിടിക്കാതെ ഇളക്കിക്കൊടുക്കുകയും വേണം.
പൊട്ടാഷ് വളങ്ങൾ ചെടികൾക്ക് പ്രത്യേകം നൽകുവാൻ ശ്രദ്ധിക്കണം. മണ്ണ് പരിശോധന നടത്തി കൃത്യമായ വളപ്രയോഗം നടത്തേണ്ടതും അത്യാവശ്യമാണ്.
(ഫാം ഇൻഫർമേഷൻ ബ്യൂറോയിൽ കൃഷി ഓഫിസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.