റോഡ് കവിഞ്ഞ് മഴവെള്ളം വാരിയംപടവിലേക്ക്; കൃഷിയിറക്കാനാകാതെ കർഷകർ
text_fieldsഅരിമ്പൂർ: കനത്ത മഴയിൽ റോഡ് കവിഞ്ഞ് വെള്ളം വാരിയംപടവിലേക്ക് ഒഴുകി പാടശേഖരം മുങ്ങിയതോടെ കൃഷി ഇറക്കാനാകാതെ കർഷകർ ദുരിതത്തിൽ. മഴ മാറിയതോടെ കൃഷിയിറക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂറോളം കനത്ത മഴ പെയ്തത്. മനക്കൊടി -പുള്ള് പി.ഡബ്ല്യു.ഡി റോഡിലെ ബണ്ടിലൂടെ വെള്ളം ഇറിഗേഷൻ കനാലിലെ വാരിയംകോൾപ്പടവിലേക്ക് ഒഴുകുകയായിരുന്നു.
കൃഷിയിറക്കാൻ കഴിയാത്ത സാഹചര്യത്തിൽ കർഷകരും ജനപ്രതിനിധികളും പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ തൃശൂരിലെ ഇറിഗേഷൻ, പി.ഡബ്ല്യു.ഡി ഓഫിസുകളിലേക്ക് കർഷകർ പ്രതിഷേധവുമായെത്തും. ഉടൻ പരിഹാരം ഇല്ലെങ്കിൽ മനക്കൊടി -പുള്ള് റോഡ് ഉപരോധം അടക്കമുള്ള പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി.
ആഗസ്റ്റിൽ കൃഷി ഇറക്കേണ്ടിയിരുന്ന പടവാണ് വാരിയം കോൾപ്പടവ്. എന്നാൽ, പടവിലേക്ക് ഇടച്ചാലുകളിൽനിന്ന് വെള്ളം കവിഞ്ഞെത്തുന്നതിനാൽ അധിക ജലം അടിച്ചുവറ്റിക്കേണ്ട അവസ്ഥയായിരുന്നു. കെ.എൽ.ഡി.സി കനാലിൽ സമയബന്ധിതമായി കുളവാഴ അടക്കമുള്ള തടസ്സങ്ങൾ നീക്കാത്തതായിരുന്നു വെള്ളം പടവിലേക്ക് ഒഴുകാൻ കാരണം.
തടസ്സങ്ങൾ കുറച്ചൊക്കെ പിന്നീട് നീക്കിയെങ്കിലും പുള്ള് -മനക്കൊടി റോഡിലെ 800 മീറ്റർ പ്രദേശത്തെ റോഡ് കഴിഞ്ഞ ഒരു വർഷത്തിലധികമായി ഒന്നര മീറ്ററോളം താഴ്ന്നതായാണ് കർഷകർ ആരോപിക്കുന്നത്. അതിനാൽ, കെ.എൽ.ഡി.സി പുറംചാലിൽ ശരാശരി വെള്ളം വന്നാലും റോഡ് കവിഞ്ഞ് വാരിയം കോൾപ്പാടത്തേക്കാണ് ഒഴുകുന്നത്.
റോഡ് ഉയർത്തണമെന്ന് കർഷകർ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് സമരത്തിനിറങ്ങുന്നതെന്ന് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ആർ. ബാബുരാജ്, വാർഡ് അംഗം കെ. രാഗേഷ്, പാടശേഖര സമിതി സെക്രട്ടറി കെ.കെ. അശോകൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.