കക്കിരി കഴിക്കാം ‘ഫ്രഷ്’ ആയിത്തന്നെ
text_fieldsകക്കിരി എന്നറിയപ്പെടുന്ന സലാഡ് കുക്കുമ്പർ കറിവെക്കാറുണ്ടെങ്കിലും പച്ചക്കുതന്നെ കഴിക്കാനാണ് നമുക്കേവർക്കും ഇഷ്ടം. പ്രത്യേകിച്ച് രുചിയൊന്നും ഉണ്ടായിട്ടല്ല, കക്കിരി ഫ്രഷ് ആയി കഴിക്കുമ്പോൾ അനുഭവപ്പെടുന്ന ശീതളിമ തന്നെയാണ് ഈ പച്ചക്കറിയെ ഏവരുടെയും ഇഷ്ട വിഭവമാക്കുന്നത്. വേനൽക്കാലത്ത് ദാഹമകറ്റാൻ മാത്രമല്ല മറ്റ് അവസരങ്ങളിലും കക്കിരി ശീലമാക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്.
കക്കിരി തോടോടുകൂടി കഴിക്കുന്നതാണ് നല്ലത് എന്നതിനാൽതന്നെ ശുദ്ധമായ, വിഷം തീണ്ടാത്ത കക്കിരി ലഭിക്കണമെന്ന് നിർബന്ധമുണ്ടെങ്കിൽ സ്വന്തമായി കൃഷി ചെയ്യുക എന്നതാണ് പോംവഴി. അടുക്കളത്തോട്ടത്തിലും മട്ടുപ്പാവിലും കൃത്യതാ കൃഷിയിലും പോളി ഹൗസിലും കൃഷിചെയ്യാൻ പറ്റിയ പച്ചക്കറി വിളയാണ് കക്കിരി. കക്കിരി പ്രധാനമായും മൂന്ന് ടൈപ്പ് ഉണ്ടെങ്കിലും ഇംഗ്ലീഷ് കുക്കുമ്പർ എന്നറിയപ്പെടുന്ന കടും പച്ചനിറമുള്ള ടൈപ്പാണ് നമ്മുടെ എല്ലാം ഇഷ്ടതാരം.
ആരോഗ്യ ഗുണങ്ങൾ
കാലറി വളരെ കുറഞ്ഞ ഭക്ഷണമായതുകൊണ്ടുതന്നെ പ്രായഭേദമന്യേ ആർക്കും കക്കിരി കഴിക്കാം. ജലാംശവും നാരുകളും ധാരാളം അടങ്ങിയിട്ടുള്ള കക്കിരി വൈറ്റമിനുകളുടെയും ധാതുലവണങ്ങളുടെയും കലവറ കൂടിയാണ്. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചർമകാന്തിക്കും ഇത് ഉത്തമമാണ്. മലബന്ധം തടയുന്നതിനും ദഹനം സുഖപ്രദമാക്കുന്നതിനും കക്കിരിക്ക് കഴിവുണ്ട്. ഹൃദയാരോഗ്യത്തിനും കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നതിനും ഇത് സഹായകരമാണെന്ന് പഠനങ്ങൾ പറയുന്നു. ദിവസവും കക്കിരി ശീലമാക്കുന്നത് ശരീരത്തിന് ഉന്മേഷം പകരുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുന്നതിനും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കക്കിരി സഹായകരമാണ്.
കൃഷിരീതി
സെപ്റ്റംബർ- ഒക്ടോബർ മുതൽ മാർച്ച് വരെ കക്കിരി കൃഷിക്ക് അനുയോജ്യ സമയമാണ്. വേനൽക്കാലം പ്രത്യേകിച്ചും വെള്ളരിവർഗ വിളകൾക്ക് ഇഷ്ടപ്പെട്ടതാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പകൽ താപനില 25 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയാണ് കക്കിരിക്ക് ഏറ്റവും അനുയോജ്യം. 35 ഡിഗ്രിക്ക് മുകളിൽ താപനില പോകുന്നത് പൂവിടീലിനെ സാരമായി ബാധിക്കാറുണ്ട്.
വിത്ത് നേരിട്ട് പാകിയോ പ്രോട്രേകളിൽ വിത്തിട്ട് മുളപ്പിച്ച് തൈകൾ പറിച്ചുനട്ടോ കക്കിരി കൃഷി ചെയ്യാം. തൈകളിൽ ഉണ്ടാകുന്ന കേടുകൾ തടയാനായി പ്രോട്രേകളില് വിത്തിട്ട് മുളപ്പിച്ച് തൈകൾ ഇളക്കിനടുന്നതാണ് നല്ലത്. വലിയ കുഴികളുള്ള പ്രോട്രേകളാണ് വിത്തുപാകാനായി ഉപയോഗിക്കേണ്ടത്. വിത്തുകൾ നടുന്നതിന് മുമ്പായി സ്യൂഡോമോണാസ് പൊടിയിൽ ചേർത്തിളക്കണം. നട്ട് 3-4 ദിവസത്തിനുള്ളിൽത്തന്നെ മുളകൾ വരും. നല്ല വളർച്ചക്കായി 19:19:19 വളം രണ്ടു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ആഴ്ചയിലൊരിക്കൽ തൈകൾക്ക് തളിച്ചുകൊടുക്കണം. രണ്ടാഴ്ചക്കുള്ളിൽ പ്രോട്രേകളിലെ തൈകൾ പറിച്ചുനടാനാകും.
കൃത്യതാ കൃഷിയിൽ വരമ്പുകളെടുത്ത് പ്ലാസ്റ്റിക് മൾച്ചിങ് നടത്തി അതിൽ സുഷിരങ്ങളിട്ട് തൈകൾ നടാം. തൈകൾ നടുന്നതിന് മുമ്പ് ഓരോ കുഴികളിലും അഞ്ചു ഗ്രാം മൈക്കോറൈസ ഇടുന്നത് വേരിന്റെ വളർച്ചക്കും രോഗപ്രതിരോധത്തിനും നല്ലതാണ്. ഫെർട്ടിഗേഷൻ സംവിധാനം ഉൾപ്പെടുത്താൻ കൃത്യതാ കൃഷിയിൽ കഴിയുമെന്നുള്ളതുകൊണ്ടുതന്നെ നല്ല വിളവും ലഭിക്കും.
തുറസ്സായ സ്ഥലങ്ങളിൽ കൃഷി ചെയ്യുകയാണെങ്കിൽ ചാലുകൾ എടുത്തോ തടങ്ങൾ എടുത്തോ തൈകൾ നടാം. വളർന്നു കയറാൻ പന്തലിട്ടു കൊടുക്കുകയും വേണം. ഇനി മട്ടുപ്പാവിൽ ആണെങ്കിലോ, നാലു ചാക്കുകളിൽ മണ്ണുനിറച്ച് പന്തിലിട്ടാൽ മതി. സെന്റ് ഒന്നിന് 60 കിലോഗ്രാം ജൈവവളം നിലമൊരുക്കുമ്പോൾതന്നെ ചേർക്കണം. രണ്ട് കിലോഗ്രാം നിരക്കിൽ കുമ്മായവും തൈകൾ നടുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും ചേർത്തിരിക്കണം. രാസവളം ഉപയോഗിച്ചുള്ള കൃഷിരീതിയിൽ നിലം ഒരുക്കുമ്പോൾത്തന്നെ സെന്റ് ഒന്നിന് 300 ഗ്രാം യൂറിയ, 500 ഗ്രാം രാജ് ഫോസ്, 170 ഗ്രാം പൊട്ടാഷ് എന്നിവ മണ്ണിൽ ചേർത്തിളക്കണം. പിന്നീട് 300 ഗ്രാം യൂറിയ പൂക്കൾ വന്നശേഷം പലതവണകളിലായി മണ്ണിൽ ചേർത്തിളക്കിക്കൊടുക്കണം. ജൈവരീതിയിൽ കൃഷി ചെയ്യുമ്പോൾ വിവിധതരം പിണ്ണാക്കുകൾ, ജൈവവളങ്ങൾ എന്നിവ അടങ്ങിയ ജൈവവളക്കൂട്ട് പലതവണകളായി രണ്ടാഴ്ച ഇടവിട്ട് നൽകണം. താങ്ങുകൾ നാട്ടി കുത്തനെ പടർത്തുകയാണെങ്കിൽ വിളവ് കൂടുതൽ ലഭിക്കും. തൈകൾ തമ്മിൽ 50 സെ.മീ അകലം പാലിച്ചുവേണം നടേണ്ടത്.
താങ്ങുകാലുകളിൽ നേരിട്ട് കയറ്റിയോ നെറ്റ് വിരിച്ച് അതുവഴി കയറ്റിവിട്ടോ കക്കിരി പടർത്തിവിടാം. സൂക്ഷ്മ മൂലകങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി രണ്ടാഴ്ചയിലൊരിക്കൽ ഏതെങ്കിലും മൈക്രോ ന്യൂട്രിയന്റ് മിക്സ് ഇലകളിൽ തളിക്കുന്നത് നല്ലതാണ്.
ഇംഗ്ലീഷ് കുക്കുമ്പർ ടൈപ്പുകളിൽ എല്ലാ മുട്ടുകളിലും പൂക്കൾ ഉണ്ടാകും. അത്തരത്തിലുള്ള ചെടികളിൽ രണ്ടോ മൂന്നോ ശാഖകൾ മാത്രം നിലനിർത്തി ബാക്കിയുള്ളവ നുള്ളിക്കളയുന്ന രീതിയും (പ്രൂണിങ്) ഗ്രീൻ ഹൗസുകളിൽ അനുവർത്തിക്കാറുണ്ട്. രണ്ടടി ഉയരം വരെ ശാഖകളോ ഫലങ്ങളോ ഉണ്ടെങ്കിൽ നുള്ളിക്കളയുന്നതാണ് ഉചിതം. ഒന്നിൽ കൂടുതൽ ഫലങ്ങൾ ഒരു മുട്ടിൽ ഉണ്ടാകുന്ന അവസരത്തിൽ പ്രൂണിങ് നിർബന്ധമല്ല, മറിച്ച് വിപണന യോഗ്യമല്ലാത്ത ഫലങ്ങൾ മാത്രം തുടക്കത്തിൽത്തന്നെ നുള്ളിക്കളയേണ്ടത് അനിവാര്യവുമാണ്.
തൈകൾ നട്ട് ഒരു മാസത്തിനകം പൂക്കൾ പിടിക്കുകയും പൂക്കൾ വന്ന് 10 - 12 ദിവസത്തിനുള്ളിൽ വിളവെടുക്കാൻ പാകമാവുകയും ചെയ്യും. രണ്ടുമാസക്കാലം വരെ വിളവെടുപ്പ് തുടരാം. 150 -200 ഗ്രാമിന് ഇടക്ക് തൂക്കം വരുന്ന ഫലങ്ങളാണ് സാധാരണ വിപണനത്തിനായി വിളവെടുക്കുന്നത്. വിളവെടുപ്പ് കഴിഞ്ഞാൽ ഉടൻ കക്കിരി സൂര്യപ്രകാശത്തിൽനിന്ന് മാറ്റി പ്രത്യേകം കണ്ടെയ്നറുകളിൽ സൂക്ഷിക്കണം. അല്ലെങ്കിൽ ജലാംശം നഷ്ടമാവുകയും ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും.
സസ്യ സംരക്ഷണ മാർഗങ്ങൾ
സലാഡ് കുക്കുമ്പറിനെ ബാധിക്കുന്ന പ്രധാന രോഗങ്ങളാണ് മൃദുരോമ പൂപ്പൽ രോഗം, ചൂർണ പൂപ്പൽ രോഗം, വൈറസ് രോഗങ്ങൾ എന്നിവ. പ്രതിരോധമെന്ന നിലയിൽ സ്യൂഡോമോണാസ് 2 ശതമാനം വീര്യത്തിൽ 10 ദിവസത്തിലൊരിക്കൽ തളിക്കണം. വൈറസ് രോഗം പരത്തുന്ന വെക്ടറുകളെ നിയന്ത്രിക്കുന്നതിനായി വേപ്പധിഷ്ഠിത കീടനാശിനികൾ രണ്ടാഴ്ചയിൽ ഒരിക്കൽ തളിക്കുന്നതും നല്ലതാണ്. വെള്ളീച്ചകൾ, ഇലപ്പൻ എന്നിവയുടെ ആക്രമണം നിയന്ത്രിക്കുന്നതിനായി പ്രതിരോധമെന്ന നിലയിൽ ലെക്കാനിസീലിയം ലെക്കാനി എന്ന ജൈവകീടനാശിനി രണ്ടു ശതമാനം വീര്യത്തിൽ രണ്ടാഴ്ചയിലൊരിക്കൽ തളിച്ചുകൊടുക്കാം. തോട്ടങ്ങളിൽ മഞ്ഞക്കെണികൾ സ്ഥാപിച്ചും നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ നിയന്ത്രിക്കാം. അത്യാവശ്യഘട്ടങ്ങളിൽ മാത്രം ശിപാർശ പ്രകാരമുള്ള രാസകീടനാശിനികൾ ഉപയോഗിക്കാവുന്നതാണ്.
പോളി ഹൗസ് കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പോളി ഹൗസിൽ സലാഡ് കുക്കുമ്പർ എല്ലാ കാലത്തും കൃഷി ചെയ്യാം. പോളി ഹൗസുകളിൽ കൃത്യമായ താപനില, ആർദ്രത എന്നിവ നിലനിർത്തി കുക്കുമ്പർ മികച്ച രീതിയിൽ ഉൽപാദിപ്പിക്കാൻ കഴിയും. നല്ല വിളവ് ലഭിക്കുമെന്നതുകൊണ്ടുതന്നെ പോളി ഹൗസ് കർഷകരുടെ ഇഷ്ടവിള കൂടിയാണ് കക്കിരി. പോളി ഹൗസുകളിൽ തൈകൾ നടുമ്പോൾ കൊക്കോ പീറ്റ് പോലുള്ള വളർച്ചാ മാധ്യമങ്ങൾ ഉപയോഗിക്കാം.
പോളി ഹൗസുകളിൽ കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത KCPH- 1 എന്നയിനം വളരെ യോജിച്ചതാണ്. പരാഗണം ഇല്ലാതെ തന്നെ കായ പിടിക്കുന്ന ഇനമാണിത്. എല്ലാ മുട്ടുകളിലും പെൺപൂക്കൾ മാത്രം വിരിയുന്ന ഇനം കൂടിയാണിത്.
കൃത്യതാ കൃഷിയിലും പോളി ഹൗസിലും ആഴ്ചയിൽ ചെടി ഒന്നിന് 80 ഗ്രാം നൈട്രജൻ, 25 ഗ്രാം ഫോസ്ഫറസ്, 150 ഗ്രാം പൊട്ടാഷ് ലഭിക്കത്തക്ക രീതിയിൽ ഫെർട്ടിഗേഷൻ സംവിധാനത്തിലൂടെ പലതവണകളിലായി ജലലേയ വളങ്ങൾ നൽകേണ്ടതാണ്. സൂക്ഷ്മ മൂലകങ്ങളുടെ ലഭ്യതയും പോളി ഹൗസിൽ ഉറപ്പാക്കണം. ചെടികൾ പന്തലിൽ കയറിക്കഴിഞ്ഞാൽ ചുവട്ടിലെ രണ്ടടി ഉയരത്തിലുള്ള ഇലകൾ നുള്ളിക്കളയാം. കായ്കൾ ഒരിക്കലും തറയിൽ സ്പർശിക്കാതെ സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്.
പ്രധാന ഇനങ്ങൾ
- ഹീര- കാർഷിക സർവകലാശാല (കെ.എ.യു) ഇനം, പച്ച കലർന്ന മഞ്ഞ നിറത്തോടുകൂടിയ കായ്കൾ. തുറസ്സായ സ്ഥലത്തെ കൃഷിക്ക് അനുയോജ്യം.
- ശുഭ്ര - കെ.എ.യു ഇനം. വെളുത്ത നിറമുള്ള കായ്കൾ. തുറസ്സായ സ്ഥലത്തെ കൃഷിക്ക് അനുയോജ്യം
- KCPH -1, - കെ.എ.യു ഇനം, പോളി ഹൗസുകളിൽ യോജിച്ച ഇനം, ശരാശരി വിളവ് ഒരു സെന്റിൽനിന്ന് 500 കിലോഗ്രാം.
- സ്വകാര്യ കമ്പനികളിൽ നിന്നുള്ള ഇനങ്ങൾ - മൾട്ടി സ്റ്റാർ, കിരൺ, സാനിയ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.