വരൾച്ചയിലും കൃഷി നടത്താം, വിജയിപ്പിക്കാം
text_fieldsകൽപറ്റ: കടുത്ത വേനലിൽ വയനാട് വെന്തുരുകുകയാണ്. വരൾച്ച ബാധിക്കാത്ത രൂപത്തിൽ കൃഷി എങ്ങനെ നടത്താമെന്നത് കർഷകർ നേരിടുന്ന വെല്ലുവിളിയാണ്. എന്നാൽ കാലവും മണ്ണും അറിഞ്ഞ് കൃഷി നടത്തിയാൽ നിരാശപ്പെടേണ്ടെന്നാണ് കാർഷിക സർവകലാശാല പറയുന്നത്.
പച്ചക്കറികൾ, കൊക്കോ, ഏലം, കിഴങ്ങുവർഗ വിളകൾ തുടങ്ങിയ കൃഷികൾ വരൾച്ചയെ പ്രതിരോധിച്ച് നടത്താനുള്ള നിർദേശങ്ങളാണ് കാർഷിക സർവകലാശാല മുന്നോട്ടുവെക്കുന്നത്. വയനാടിന്റെ സാഹചര്യത്തിലും ഇക്കാര്യങ്ങൾ മാതൃകയാക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.
വരൾച്ചയെ തോൽപിച്ച് പച്ചക്കറി വിളകൾ
മറ്റു വിളകളെപ്പോലെ സാധാരണഗതിയിൽ പച്ചക്കറികൾക്ക് വരൾച്ചയെ ചെറുക്കാൻ കഴിയാറില്ല. ഇതിനാൽ സ്ഥലമില്ലാത്തവർക്കും വെള്ളക്ഷാമം കാരണം കൃഷി ചെയ്യാനാവാത്തവർക്കും തിരി നന തിരഞ്ഞെടുക്കാം. പി.വി.സി പൈപ്പുകൾ വഴി ചെടി നട്ട ഗ്രോബാഗിലേക്ക് വെള്ളം കിനിഞ്ഞിറങ്ങുന്ന ഈ സമ്പ്രദായത്തിൽ നനയ്ക്കായി പ്രത്യേക സമയം മാറ്റിവെക്കേണ്ട.
ഇതിലൂടെ നൽകുന്ന വളങ്ങൾ ഒരു തരത്തിലും നഷ്ടപ്പെടാതെ പൂർണ്ണമായും ചെടിക്കു തന്നെ ലഭിക്കുന്നു. ഒരാഴ്ച നനച്ചില്ലെങ്കിലും ചെടിക്ക് ഈ സംവിധാനത്തിലൂടെ ആവശ്യത്തിന് വെള്ളം ലഭിക്കും. കുറച്ച് വെള്ളം മതിയെന്ന പ്രത്യേകതയുമുണ്ട്.
കൃഷിയിറക്കുമ്പോൾ മണ്ണിൽ ധാരാളം ജൈവ വളം ചേർക്കണം, നടീൽ സമയവും അകലവും ക്രമീകരിക്കണം. ജീവാണു വളങ്ങളുടെ ഉപയോഗം വഴി വിളകളുടെ വളർച്ച മെച്ചപ്പെടുത്താം. പ്രോട്രേയിൽ വിത്ത് മുളപ്പിച്ച് ചെടി പാകമായതിനുശേഷമാണ് തൈകൾ മണ്ണിലേക്ക് മാറ്റി നടേണ്ടത്.
ചുവട്ടിലും ഇടയകലങ്ങളിലും പുതയിടണം. പച്ചക്കറി വിളകൾക്കുള്ള ‘സമ്പൂർണ’ എന്ന സൂക്ഷ്മമൂലക മിശ്രിതം നൽകുന്നത് വരൾച്ചയെ അതിജീവിക്കുന്നതിന് സഹായിക്കും. വിത്തിനു പകരം തൈകൾ നടീൽ വസ്തുവായി ഉപയോഗിക്കുന്നത് മൂലം വെള്ളത്തിന്റെ ഉപയോഗം കുറക്കാം. പച്ചക്കറി നടുന്നത് രാവിലെയോ വൈകുന്നേരമോ മാത്രം ചെയ്യുക. പുതയിടുക, തുള്ളിനന ജലസേചനം, തുറസ്സായ കൃത്യതാ കൃഷി എന്നിവ അവലംബിക്കുന്നത് വെള്ളത്തിന്റെ ഉപയോഗം കുറച്ച് കാര്യക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്നു.
കിഴങ്ങുവർഗ വിളകൾ
പൊതുവെ കാലാവസ്ഥാ വ്യതിയാനവും വരൾച്ചയും ചെറുക്കുന്ന വിളകളാണ് കിഴങ്ങുവർഗ വിളകൾ. മരച്ചീനി (ശ്രീകാവേരി, ശ്രീ രക്ഷ), കാച്ചിൽ (ശ്രീ സ്വാതി), ആഫ്രിക്കൻ കാച്ചിൽ (ശ്രീ സുഭ്ര, ശ്രീ പ്രിയ, ശ്രീ ഹരിത) എന്നിവ വരൾച്ചയെ അതിജീവിക്കുന്ന ഇനങ്ങളാണ്. മരച്ചീനിയിൽ ഹ്രസ്വകാലയിനങ്ങളായ വെള്ളായണി ഹ്രസ്വ, ശ്രീജയ, ശ്രീവിജയ എന്നിവ നേരത്തെ വിളവെടുക്കാം. മധുരക്കിഴങ്ങിൽ ശ്രീ കനക, ശ്രീ അരുൺ, ശ്രീ ഭദ്ര എന്നിവ മൂന്ന് മാസത്തിനുള്ളിൽ വിളവെടുക്കാം.
പയർ വർഗ, പച്ചില വർഗ വിളകൾ ഇടവിളയായി കൃഷി ചെയ്യണം. നന്നായി പുതയിടണം. വള പ്രയോഗത്തിൽ ജൈവ വളങ്ങൾക്ക് ഊന്നൽ നൽകണം. മഴവെള്ളം മണ്ണിലേക്ക് ഇറങ്ങുവാൻ അനുവദിക്കുന്ന സുഷിരങ്ങളോടു കൂടിയ കറുത്ത ഷീറ്റ് വിരിക്കണം. ഇതോടൊപ്പം തുള്ളി നന ജലസേചനം ക്രമീകരിച്ചാൽ ചേന, മരച്ചീനി. ചേമ്പ് എന്നീ വിളകളിൽ ജലഉപയോഗം 50 ശതമാനം കുറക്കാം.
ഏലം, കൊക്കോ
ഏലം കൃഷിക്ക് തണൽ കുറവുള്ള തോട്ടങ്ങളിൽ പച്ചനിറത്തിലുള്ള 50 ശതമാനത്തിൽ കുറയാത്ത തണൽ വലകൾ (കാർഷികവൃത്തിക്ക് അനുയോജ്യമായ) ഉപയോഗിക്കണം. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന തോട്ടങ്ങളില്‍ വേനല്‍ക്കാലത്ത് 60 ശതമാനം തണല്‍ ക്രമീകരിക്കണം. ഹോസ് ഉപയോഗിച്ച് ചെടിയുടെ ചുവട് കുതിർക്കെ നനക്കണം. ചെടിയുടെ വലുപ്പമനുസരിച്ച് ജലസേചനം ക്രമീകരിക്കാം.
മണ്ണിന്റെ താപനില ക്രമീകരിക്കുന്നതിനും മണ്ണിലെ ബാഷ്പീകരണ നഷ്ടം കുറയ്ക്കുന്നതിനും ഈർപ്പം സംരക്ഷിക്കുന്നതിനുമായി കവാത്തെടുത്ത അവശിഷ്ടങ്ങൾ, ഉണങ്ങിയ ഇലകൾ, കളച്ചെടികൾ എന്നിവ ഉപയോഗിച്ച് ചെടിയുടെ ചുവട്ടിൽ മിതമായ കട്ടിയിൽ ജൈവരീതിയിലിട്ടുള്ള പുതയിടണം. കൊക്കോ ചെടികളെ നിലനിർത്തുന്നതിന് ആഴ്ചയിൽ കുറഞ്ഞത് ഒരു നനയെങ്കിലും (200 ലിറ്റർ) വെള്ളം കൊടുക്കേണ്ടത് അത്യാവശ്യമാണ്.
മൈക്രോ സ്പ്രിംഗ്ലർ, കണിക ജലസേചനം തുടങ്ങിയവ ഉപയോഗിച്ചാൽ ജലത്തിന്റെ അളവ് കുറക്കാൻ സാധിക്കും. ചെറുതൈകൾ (ഒന്നുമുതൽ രണ്ടുവർഷം പ്രായമുള്ള) തെങ്ങിന്റെ ഓലയോ ഷേഡ് നെറ്റോ ഉപയോഗിച്ച് വച്ചുകെട്ടണം. ഇല കൊണ്ടുള്ള പുത തടത്തിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. പുതിയതായി തൈകൾ നടാൻ ഉദ്ദേശിക്കുന്നവർ കാലവർഷം തുടങ്ങിയതിനുശേഷം മാത്രം നടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.