മേസ്തിരിപ്പടിയിലുണ്ട് 'സ്വർഗത്തിലെ കനി'; ഗാക് ഫ്രൂട്ടിൽ നൂറുമേനി വിളയിച്ച് കർഷകൻ
text_fieldsആലങ്ങാട്: 'സ്വർഗത്തിലെ കനി'യെന്ന് അറിയപ്പെടുന്ന 'ഗാക് ഫ്രൂട്ട്' വിളയിച്ച് ആലങ്ങാട് പഞ്ചായത്തിലെ മേസ്തിരിപ്പടിയിലെ ജ്യൂഡ് മോൻ. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി അദ്ദേഹം ഗാക് ഫ്രൂട്ട് കൃഷിയിൽ സജീവമാകുകയായിരുന്നു. ഏറെ പോഷകഗുണമുള്ള വിദേശപഴമാണ് ഗാക് ഫ്രൂട്ട്. വിയറ്റ്നാം, തായ്ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങളിലാണ് ഇത് വ്യവസായികമായി കൃഷി ചെയ്യുന്നത്. ഒരു ചെടിയുടെ ആയുർദൈർഖ്യം 25 വർഷം വരെയാണ്.
ഗാക് ഫ്രൂട്ടിൽ ബീറ്റകരോട്ടിൻ സമ്പുഷ്ടമാണ്. വൈറ്റമിൻ എയും സിയും സുലഭമായി അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്ന പല എൻസൈമുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ചൈനീസ് ബിറ്റർ കുക്കുംബർ, സ്പൈനി ബിറ്റർ ഗാഡ്ഗിൽ, ചുവന്ന മെലോൺ, ബേബി ജാക്ഫ്രൂട്ട്, മധുരപ്പാവൽ എന്ന പേരിലൊക്കെ ഗാക്ഫ്രൂട്ട് അറിയപ്പെടുന്നു. നന്നായി വിളഞ്ഞുപഴുത്ത ഒരു ഗാക് ഫ്രൂട്ട് പറിച്ചെടുത്ത് നെടുകെ മുറിച്ചാൽ ചുവപ്പുനിറത്തിൽ വിത്തുകളെ പൊതിഞ്ഞിരിക്കുന്ന മാംസളമായ ഭാഗം കാണാം ഇത് ഭക്ഷ്യയോഗ്യമാണ്. ഉള്ളിലെ വിത്തുകൾ നീക്കം ചെയ്ത ശേഷം വിത്തിനു മുകളിലെ ചുവന്ന നിറമുള്ള മാംസളമായ ഭാഗം ജൂസിലും ഷേക്കിലും ചേർക്കാം. ഗാക് ഫ്രൂട്ടിന്റെ പുറംതോടിനുള്ളിലായി മഞ്ഞനിറത്തിലുള്ള മാംസളമായ പൾപ്പും ഭക്ഷ്യയോഗ്യമാണ്. എന്നാൽ, പുറംതോടിനോടു ചേർന്നുള്ള ഭാഗത്തിന് ചെറിയ കയ്പായിരിക്കും.
ഗാക് ഫ്രൂട്ടിന് രുചിയോ മണമോ ഇല്ല. പക്ഷേ, ധാരാളം ഗുണമുണ്ട്. വിപണിയിൽ 500 മുതൽ 800 രൂപവരെ വിലയുണ്ട്. വിത്ത് ഉപയോഗിച്ച് സോപ്പ്, ഓയിൽ, കോസ്മെറ്റിക്സ്, മരുന്നുകൾ എന്നിവ നിർമിക്കുന്നു. വിത്തുകളും തൈകളും ഉൽപാദിപ്പിച്ച് ജ്യൂഡ് മോൻ വിപണനം ചെയ്യുന്നുണ്ട്. ഗാക് സീഡ് ഓയിലിന് വിപണിയിൽ 20,000 രൂപയോളം വിലയുണ്ട്.
ഗാക് ഫ്രൂട്ട് വിളവെടുപ്പ് ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സാബു പണിക്കശ്ശേരി, കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതി കോഓഡിനേറ്റർ എം.പി. വിജയൻ, കൃഷി അസിസ്റ്റന്റുമാരായ എസ്.കെ. ഷിനു, കെ.വി. വിനോദ് ലാൽ, എം.എസ്. നാസർ, ജോസഫ് കുരിശുമൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.