ക്ഷീരകർഷകർ പ്രതിസന്ധിയിൽ: ചെറുകിടക്കാർ രംഗം വിടുന്നു
text_fieldsകൊല്ലം: കാലിത്തീറ്റയുടെ അമിതവിലയും, പാലിന് അർഹമായ വില ലഭിക്കാത്തതും കാരണം ക്ഷീരകര്‍ഷകർ കടുത്ത പ്രതിസന്ധിയിൽ. രണ്ടും, മൂന്നും പശുക്കളെ മാത്രം വളര്‍ത്തി നിത്യചെലവിന് വരുമാനം കണ്ടെത്തുന്ന സാധാരണ കര്‍ഷകർ പലരും കൃഷി ഉപേക്ഷിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തി. അടിക്കടി കാലിത്തീറ്റ വില വർധിക്കുന്നതാണ് പ്രധാന പ്രതിസന്ധി. പൊതുവിപണിയിൽ ഒരു ലിറ്റര്‍ പാലിന് 60 രൂപ വരെ ലഭിക്കുമ്പോൾ കർഷകർക്ക് ക്ഷീരസംഘങ്ങളില്‍ ലഭിക്കുന്നത് 38 രൂപ മുതല്‍ 44 രൂപ വരെ മാത്രമാണ്.
പാലിന്റെ ഗുണനിലവാര പരിശോധനയുടെ അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കുന്നതെന്ന് സംഘം നടത്തിപ്പുകാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇഷ്ടക്കാര്‍ക്ക് കുടുതല്‍ തുക ചില സംഘം നടത്തിപ്പുകാര്‍ നല്‍കുന്നുണ്ട്. ആവശ്യത്തിന് പച്ചപുല്‍ ലഭ്യമാകാത്തതിനാല്‍ അന്തർ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കച്ചിയാണ് ആശ്രയം. 25 കിലോമാത്രം വരുന്ന ഒരുകെട്ട് കച്ചിക്ക് 400 രൂപ വരെ വിലകൊടുക്കണം.
പശുക്കളെ നൽകുന്നതിലും ചൂഷണം
സബ്സിഡി നിരക്കിൽ ചെറുകിട കർഷകർക്ക് പശുക്കളെ ലഭിക്കുമെങ്കിലും അതിലും ചൂഷണമാണ് മുന്നിട്ടു നിൽക്കുന്നത്. ക്ഷീരഗ്രാമം പോലുള്ള പദ്ധതികളിൽ പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിലാണ് സബ്സിഡി നിരക്കിൽ പശുക്കളെ നൽകുന്നത്. അത് അന്തർ സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങണമെന്ന കർശന നിർദേശം ഉള്ളതിനാല്‍ വലിയ സാമ്പത്തിക നഷ്ടം സൃഷ്ടിക്കുന്നു. കേരളത്തില്‍ സബ്സിഡി സ്കീമുകള്‍ പ്രഖ്യാപിക്കുമ്പോള്‍ തമിഴ്നാട്ടിലെ കാലിച്ചന്തകളില്‍ ഉത്സവകാലമാണ്. അവസരം മുതലെടുത്ത് തമിഴ്നാട്ടിലെ ഏജന്റുമാരുമായിചേര്ന്ന് ചില മലയാളികളും, ചില മൃഗഡോക്ടര്‍മാരും മലയാളികർഷകരെ ചൂഷണം ചെയ്യുന്നതായി വ്യാപകപരാതിയുണ്ട്.
പശുക്കളെ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവും, ഒരുദിവസത്തെ താമസത്തിനും മറ്റുമായി ഒരുലക്ഷമോ അതിലധികമോ ചിലവഴിക്കേണ്ടിവരും. ഈ പശുക്കള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന വില പരമാവധി 70000രൂപ മാത്രമാണ്. ഇതിന്റെ പകുതിയോ, അതിൽ താഴെയോ ആയിരിക്കും സബ്സിഡിയായി ലഭിക്കുന്നത്. ഇത്രയും ചെലവഴിച്ച് കൊണ്ടുവരുന്ന പശുവിന് ഏജന്റുമാര്‍ പറയുന്നതിന്റെ 25 ശതമാനം പോലും പാലുല്പാദനക്ഷമത ലഭിക്കാറില്ല.
അയല്‍ സംസ്ഥാനങ്ങളില്‍ കച്ചവടമുറപ്പിച്ച് നിര്‍ത്തുന്ന പത്തും,പതിനഞ്ചും പശുക്കളെ പലര്‍ക്കായി ഒരു വലിയ വാഹനത്തില്‍ കുത്തിനിറച്ചാണ് നാട്ടിലെത്തിക്കുന്നത്. പൂര്‍ണ്ണ ഗര്ഭിണികളായതും, അല്ലാത്തതുമായ പല പശുക്കളും വാഹനത്തിനുള്ളില്‍ പ്രസവിക്കുകയും, മറ്റു പശുക്കളുടെ ചവിട്ടും, തൊഴിയുമേറ്റ് കുട്ടികള്‍ നഷ്ടപ്പെട്ടുപോകുന്ന ധാരാളം സംഭവങ്ങൾ ഉണ്ടാകുന്നു. കൂടാതെ മറുപിള്ള വീണാല്‍ മറ്റുപശുക്കള് തിന്നിട്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ വേറെയും.
അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന പശുക്കളില്‍ അധികവും രണ്ടാം പ്രസവത്തിനുള്ള കുത്തിെവപ്പിൽ ഗര്ഭോദ്ധാരണം നടക്കാത്തതാണ് മറ്റൊരു പ്രശ്നം. പതിനാറ് പ്രാവശ്യം വരെ കുത്തിവെപ്പ് നടത്തിയിട്ടും ഗര്ഭോദ്ധാരണം ഏല്‍ക്കാത്ത കേസുകളുണ്ടെന്ന് ഈ രംഗത്തുള്ള അനുഭവസ്ഥര്‍ പറയുന്നു. ഇത്തരം പശുക്കളെ അവസാനം അറവുമാട് കച്ചവടക്കാര്‍ക്ക് പരമാവധി 25000 രൂപക്ക് നൽകേണ്ടിവരുന്നു. ഗർഭധാരണം നടക്കാത്തത് എന്തുകൊണ്ടാണെന്നതിൽ ദുരൂഹതയുണ്ട്.
മരുന്നിന്റെ ഗുണനിലവാരത്തെ കുറിച്ചുപോലും സംശയമുണ്ട്. കുത്തിവെയ്പ് വെറ്ററിനറി ഡോക്ടർമാർ സൗജന്യമായി ചെയ്യണമെന്നാണ് പറയുന്നതെങ്കിലും ഒരു കുത്തിവെപ്പിന് 300 മുതൽ 500 രൂപ വരെയാണ് ഇവരുടെ പടി. ക്ഷീര കര്‍ഷകരുടെ ഇത്തരം ആവലാതികള്‍, വകുപ്പ് മന്ത്രിസഹിതം പങ്കെടുക്കുന്ന പല സമ്മേളനങ്ങളിലും കര്‍ഷകര്‍ ഉന്നയിക്കാറുണ്ടെങ്കിലും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. ക്ഷീര കര്‍ഷകര്‍ക്ക് സംഘടനാബലമോ,നേതൃത്വമോ ഇല്ലാത്തതിനാല്‍ അവര്‍ എന്നും ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളാണ് ചെറുകിട കര്‍ഷകരില്‍ അധികവും രംഗം വിടാൻ കാരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.