താങ്ങില്ലാതെ ക്ഷീര കർഷകർ
text_fieldsതൃശൂര്‍: വേനലിൽ പാലുൽപാദനം കുറഞ്ഞു. കാലിത്തീറ്റ വില കിതപ്പില്ലാതെ കുതിക്കുന്നു. പാൽ വില വർധിപ്പിച്ചാലും കർഷകർക്ക് ഒരു ഗുണവുമില്ല. ഇത്തരം ദുരിതത്തിന് സർക്കാറോ മിൽമയോ കൈത്താങ്ങാവുന്നില്ലെന്ന പരിവേദനമാണ് ക്ഷീര കർഷകർക്കുള്ളത്.
ഈ മേഖലയിലെ മാമൂലുകളും ചൂഷണങ്ങളും തങ്ങളെ തളർത്തുകയാണെന്ന് സമൃദ്ധി ക്ഷീര കർഷക സംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർക്കാറിനും വകുപ്പ് മന്ത്രിക്കും വിവിധ ഘട്ടങ്ങളിൽ നിവേദനങ്ങൾ നൽകിയെങ്കിലും അനുകൂലമായ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല.
കാര്യങ്ങൾ ഇങ്ങനെ തുടർന്നാൽ ഈ മേഖലയിൽ കർഷകരുടെ എണ്ണം വൻതോതിൽ കുറയും. ഇതോടെ ഇതര സംസ്ഥാനങ്ങളിൽനിന്ന് ഗുണമേന്മയില്ലാത്ത പാൽ കേരളത്തിലേക്ക് ഒഴുകുമെന്ന് സമൃദ്ധി ക്ഷീര കർഷക സംഘം ജനറൽ സെക്രട്ടറി സെബി പഴയാറ്റിൽ, വൈസ് പ്രസിഡന്‍റ് സി.വി. മുഹമ്മദാലി, സെക്രട്ടറിമാരായ അനീഷ് മനോഹരൻ, അബ്ദുൽ അസീസ് എന്നിവർ വ്യക്തമാക്കി.
കർഷകരെ കബളിപ്പിച്ച് സൊസൈറ്റികൾ
തൃശൂര്‍: ക്ഷീര കര്‍ഷകരില്‍നിന്ന് പാല്‍ ശേഖരിക്കുന്ന പാല്‍ സൊസൈറ്റികൾ കര്‍ഷകരെ വഞ്ചിക്കുകയാണ്. കർഷകരിൽനിന്നും വാങ്ങുന്ന പാലിന് ലിറ്ററിന് 38 രൂപ വരെയാണ് പരമാവധി നല്‍കുന്നത്. ഇത് ഉൽപാദന ചെലവു പോലുമാവുന്നില്ല. എന്നാലിത് സൊസൈറ്റികളിലൂടെ വില്‍ക്കുന്നത് ലിറ്ററിന് 50 രൂപക്കാണ്. പാൽ വില ഉയർത്തിയാലും അതിന്‍റെ ഗുണം കര്‍ഷകന് ലഭിക്കുന്നില്ല. ഇടനിലക്കാർക്കും ഗതാഗതത്തിനുമായി അതിൽനിന്നും വിഹിതം പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
വേനലിൽ ഉൽപാദനത്തിൽ 20 ശതമാനം കുറവ്
തൃശൂര്‍: വേനൽക്കാലമായതോടെ പാലുല്‍പാദനത്തില്‍ 20 ശതമാനം കുറവു വന്നിരിക്കയാണ്. പുല്ല് ലഭിക്കാത്ത വേനൽക്കാലത്ത് പാലുൽപാദനം കുറയും. ഒപ്പം ചൂട് പശുക്കൾക്ക് താങ്ങാനാവാത്ത സാഹചര്യവും ഉള്ളതാണ് പാൽ കുറയാൻ കാരണം.
ഇത് ക്ഷീരകർഷകരെ വല്ലാതെ ബാധിക്കുന്നുണ്ട്. പ്രശ്നം പരിഹരിക്കാൻ നിലവിൽ സൊസൈറ്റികൾക്ക് നൽകുന്ന പാലിന് ലിറ്ററിന് വേനക്കാല ഇൻസെന്‍റീവായി നൽകുന്നത് ഒന്നിനും പര്യാപ്തമല്ലാത്ത ഒരു രൂപയാണ്. പത്ത് ലിറ്റർ പാൽ നൽകുന്നവന് പത്തുരൂപയാണ് ഇൻസെന്‍റീവായി ലഭിക്കുക.
കുതിച്ച് കാലിത്തീറ്റ വില
തൃശൂർ: കാലിത്തീറ്റയുടെ വിലവര്‍ധന മൂലവും ക്ഷീരകര്‍ഷകര്‍ കഷ്ടത്തിലാണ്. പത്ത് പശുക്കളുള്ള ഒരു കർഷകന് പുതിയ സാഹചര്യത്തിൽ തീറ്റക്കുമാത്രമായി 8000 രൂപയിൽ അധികം നൽകേണ്ട ഗതികേടാണുള്ളത്. തോന്നിയ തരത്തിലാണ് കാലിത്തീറ്റക്ക് വില കൂട്ടുന്നത്. വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാറിന് കഴിയാതെ പോവുകയാണ്. അതേസമയം, കർഷകർക്ക് നൽകുന്ന സബ്സിഡിയിൽ മാറ്റം വരുത്താൻ സർക്കാർ തയാറായിട്ടില്ല. ഒപ്പം കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ സംവിധാനങ്ങളില്ലെന്നും അവർ ആരോപിച്ചു.
കേരള പശുക്കളെ നൽകണം
തൃശൂർ: വിവിധ പദ്ധതികളിൽ സർക്കാർ നൽകുന്ന ധനസഹായത്തിൽ കേരളത്തിൽനിന്നും പശുക്കളെ വാങ്ങാൻ ഇതുവരെ സംവിധാനങ്ങളില്ല. ക്ഷീര കർഷകർക്ക് ആശ്വാസമായ പദ്ധതിയിൽ തമിഴ്നാട് ഉൾപ്പെടെ സംസ്ഥാനങ്ങളിൽനിന്നും പശുക്കളെ വാങ്ങേണ്ട ഗതികേടാണുള്ളത്. ഇതിലൂടെ പശുക്കളോടൊപ്പം പല മാരക അസുഖങ്ങളും കേരളത്തിലേക്ക് എത്തുന്നതായും ഇവർ ആരോപിച്ചു. സൊസൈറ്റികളിൽ പാൽ സംഭരിക്കുന്ന സമയം അനുയോജ്യമായി ക്രമീകരിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.