പുൽപള്ളിയിലെ പാൽപ്പൊലിമ
text_fieldsപുൽപള്ളി ക്ഷീരോൽപാദക സഹകരണസംഘത്തിന് ഗോപാൽരത്ന ബഹുമതി ലഭിക്കുന്നത് 2023ലാണ്. 1971ൽ, രാജ്യത്ത് ക്ഷീരവിപ്ലവത്തിന് നാന്ദികുറിച്ച അതേ വേളയിൽ 25 ക്ഷീരകർഷകരും പ്രതിദിനം 40 ലിറ്റർ മാത്രം പാൽ സംഭരണവുമായി തുടങ്ങിയ പുൽപള്ളി സംഘം ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും വലിയ ക്ഷീരസഹകരണ സംഘങ്ങളിലൊന്നാണ്. പ്രതിദിനം 20,000 ലിറ്ററോളം പാൽ സംഘം സംഭരിക്കുന്നു. 1200 പേർ നിലവിൽ സംഘത്തിൽ പാൽ അളക്കുന്നു. 35,000 ലിറ്റർ പാൽ ശേഖരിച്ച് സൂക്ഷിക്കാനുള്ള ബൾക്ക് കൂളർ ഉൾപ്പെടെ സംഭരണ സംവിധാനങ്ങളും സംഘത്തിന് സ്വന്തമായുണ്ട്.
വിളകളുടെ വിലത്തകർച്ചയിൽ കാർഷിക ഗ്രാമമായ പുൽപള്ളിയുടെ സാമ്പത്തികനിലയെ തകരാതെ കാത്തതും പുൽപള്ളിയുടെ പാൽപ്പൊലിമ തന്നെ. ക്ഷീരസംഘത്തിന് ലഭിക്കുന്ന വരുമാനം കർഷകോന്‍മുഖ സേവന പദ്ധതികൾ ആസൂത്രണം ചെയ്ത് കർഷകരിലേക്കുതന്നെ എത്തിക്കുന്നതാണ് പുൽപള്ളി ക്ഷീരസംഘത്തിന്റെ രീതി.
ക്ഷീരകർഷക സഹകരണ സംഘങ്ങൾ പൊതുവിൽ പാൽ മാത്രമാണ് കർഷകരിൽ നിന്ന് സംഭരിച്ച് വില നൽകുന്നതെങ്കിൽ പശുക്കളുടെ ചാണകവും വൈക്കോലും കൂടെ സംഭരിച്ച് കർഷർക്ക് വരുമാനം നൽകുന്ന നവീന മാതൃക പുൽപള്ളി സംഘത്തിൽ കാണാം. വീട്ടുപടിക്കലെത്തി സംഭരിക്കുന്ന ഒരു ഘനയടി ചാണകപ്പൊടിക്ക് 48 രൂപ വില ലഭിക്കും.
2015-16ൽ ആരംഭിച്ച ഫോഡർ ഹബ് പദ്ധതി നെൽകർഷകരിൽ നിന്ന് വൈക്കോൽ സംഭരിക്കുന്നതിനാണ്. കർഷകർക്ക് മികച്ച കിടാരികളെ ലഭ്യമാക്കുന്നതിനായി കിടാരിപാർക്ക് ആരംഭിച്ച് ഇന്നും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. 24 മണിക്കൂറും വെറ്ററിനറി ഡോക്ടറുടെ സേവനം സംഘം ഉറപ്പാക്കിയിട്ടുണ്ട്. പശുക്കൾക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നതിനായി വെറ്ററിനറി മെഡിക്കൽ സ്റ്റോറും നടത്തുന്നുണ്ട്. രണ്ട് ഏക്കറോളം ഭൂമിയിൽ സംഘത്തിന് നേരിട്ട് തീറ്റപ്പുൽകൃഷിയുമുണ്ട്.
ഗതാഗത സൗകര്യങ്ങൾ താരതമ്യേന കുറഞ്ഞ വനഗ്രാമങ്ങളിൽ ഉൾപ്പെടെയുള്ള ക്ഷീരകർഷകർ സംഘത്തിൽ അംഗങ്ങൾ ആയതിനാൽ അവർക്ക് സഹായമാവുന്ന രീതിയിൽ പാൽ ശേഖരിക്കുന്നതിനായി 65- ഓളം കലക്ഷൻ സെൻററുകളും മുപ്പതോളം കലക്ഷൻ ഏജൻറുമാരെയും നാലു വാഹനങ്ങളും സംഘം ഒരുക്കിയിട്ടുണ്ട്. അറുപതോളം പേർക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുന്ന തൊഴിൽദാതാവുകൂടിയാണ് പുൽപള്ളി ക്ഷീരസംഘം.
പാൽമികവിൽ മുന്നേറി മാനന്തവാടി
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാല് പ്രതിദിനം കൈകാര്യം ചെയ്യുന്ന ആപ്കോസ് മാതൃകയിലുള്ള പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങളിൽ ഒന്നാമതാണ് മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘം. രാവിലെയും വൈകിട്ടുമായി ദിവസവും 21,800 ലിറ്റര്‍ പാലാണ് മാനന്തവാടി സംഘം മില്‍മക്ക് കൈമാറുന്നത്. ഇതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങളെല്ലാം മികവാര്‍ന്ന രീതിയില്‍ സംവിധാനിച്ചിട്ടുമുണ്ട്. പ്രതിവർഷം 42 കോടി രൂപയിൽ അധികമാണ് സംഘത്തിന്റെ വിറ്റുവരവ്.
മികവിനുള്ള അംഗീകാരമായാണ് 2022ൽ ദേശീയ ഗോപാല്‍ രത്ന പുരസ്കാരം മാനന്തവാടിയെ തേടിയെത്തിയത്. 5000ല്‍ അധികം അംഗങ്ങളുള്ള സംഘത്തില്‍ ഇപ്പോള്‍ പാലളക്കുന്ന 1400ഓളം സജീവ അംഗങ്ങളുണ്ട്. പാല് സംഭരണത്തിന് മാനന്തവാടി പട്ടണത്തിലുള്ള സൊസൈറ്റി ഓഫിസിനോട് ചേർന്നുള്ള പ്രധാന പ്ലാന്റിന് പുറമെ 123ഓളം ക്ഷീരബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. 5000 ലിറ്റര്‍ വീതം ശേഷിയുള്ള മൂന്ന് ബള്‍ക്ക് മില്‍ക്ക് കൂളറുകളും 15,000 ലിറ്റര്‍ സംഭരണശേഷിയുള്ള മില്‍ക്ക് സൈലോയുമുണ്ട്.
മില്‍മയുടെ സഹായത്തോടെ 20 കിലോവാട്ടിന്റെ സോളാര്‍ പാനല്‍ സ്ഥാപിച്ചതിനാല്‍ ഹരിത വൈദ്യുതിയിലാണ് പ്രവര്‍ത്തനങ്ങളേറെയും. പ്ലാൻറിൽ നിന്നുള്ള മലിനജലം സംസ്കരിക്കാൻ 22000 ലിറ്റർ ശേഷിയിൽ വാട്ടർ ട്രീറ്റ്മെൻറ്റ് പ്ലാൻറുമുണ്ട്. ഉത്സവകാലങ്ങളിലും പഞ്ഞകാലത്തും സ്കൂള്‍ തുറക്കുന്നതുപോലുള്ള കുടുംബ ചെലവേറുന്ന സമയത്തുമെല്ലാം കര്‍ഷകര്‍ക്ക് സംഘത്തിന്റെ വകയായി അധിക വിലയുണ്ടാകും.
പൂർണമായും ഓട്ടോമാറ്റിക് രീതിയിലാണ് ലാബും മിൽക്ക് അനലൈസർ സംവിധാനങ്ങളും. പാൽപരിശോധനയും വിലനിർണയവുമെല്ലാം പൂർണമായും ഡിജിറ്റലൈസ് ചെയ്തിട്ടുണ്ടെന്ന് മാത്രമല്ല, ക്ഷീര എന്ന പ്രത്യേക സോഫ്റ്റ് വെയറിന്റെ സാങ്കേതികസഹായവുമുണ്ട്. കാലിത്തീറ്റക്ക് സബ്സിഡിയുണ്ട്. പശുക്കള്‍ക്ക് ചികിത്സിക്കാനും മരുന്നിനും മറ്റുമായി ഓരോ കര്‍ഷകനും വര്‍ഷത്തില്‍ 6000 രൂപ സഹായമായി നല്‍കും. പയ്യാമ്പള്ളിയിൽ സൂപ്പര്‍മാര്‍ക്കറ്റ് തുറക്കാനുള്ള പ്രവര്‍ത്തനത്തിലാണ് സംഘമിപ്പോള്‍.
ദീപ്തിഗിരിയിലെ ധവളശോഭ
കേരളത്തിലേക്ക് ആദ്യമായി ഗോപാൽരത്ന പുരസ്കാരമെത്തിച്ചത് മാനന്തവാടിക്കടുത്ത് എടവക പഞ്ചായത്തിലെ ദീപ്തിഗിരിയിലെ ക്ഷീരസംഘമാണ്. 2020ലാണ് രാജ്യത്തെ മികച്ച രണ്ടാമത്തെ ക്ഷീരസംഘത്തിനുള്ള പുരസ്കാരം ദീപ്തിഗിരിക്ക് ലഭിക്കുന്നത്.
എടവക പഞ്ചായത്തില്‍ 1984ൽ 18 കർഷകരുടെ കൂട്ടായ്മയായി പ്രതിദിനം 25 ലിറ്റർ പാൽ സംഭരിക്കുന്ന കൂട്ടായ്മയായി പ്രവര്‍ത്തനമാരംഭിച്ച ദീപ്തിഗിരി ഇന്ന് 250ലധികം പേരിൽ നിന്നായി പ്രതിദിനം 4000 ലിറ്ററിലധികം പാല് സംഭരിക്കുന്നു. ഫാമുകളില്‍നിന്ന് ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ഗുണനിലവാരമുള്ള പാല് എത്തിച്ചുനല്‍കുന്ന ഫാം ഫ്രഷ് മില്‍ക്ക് ഉൾപ്പെടെയുള്ള വരുമാനപുതുമകളും ദീപ്തിഗിരിയിലുണ്ട്. പാല് സംഭരണത്തിലും വിതരണത്തിലും ഒതുങ്ങുന്നതല്ല സംഘത്തിന്റെ പ്രവര്‍ത്തനം. നിത്യോപയോഗ സാധനങ്ങള്‍ വിപണി വിലയേക്കാൾ കുറച്ച് പ്രദേശവാസികള്‍ക്ക് നല്‍കുന്നതിനായി സംഘം സൂപ്പർ മാർക്കറ്റ് നടത്തുന്നുണ്ട്. അതും സ്വന്തം കെട്ടിടത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.