മുളവൂർ കൂര്‍ക്കയുടെ പ്രതാപം വീണ്ടെടുക്കാൻ കൃഷി വകുപ്പ്
text_fieldsമൂവാറ്റുപുഴ: ഒരുകാലത്ത് മുളവൂര്‍ മേഖലയില്‍ വ്യാപകമായിരുന്ന കൂർക്ക കൃഷിയുടെ പ്രതാപം വീണ്ടെടുക്കാൻ ഒരുങ്ങി കൃഷി വകുപ്പ്. പായിപ്ര ഗ്രാമപഞ്ചായത്തിൽ 1500 വേര് പിടിപ്പിച്ച കൂർക്കത്തണ്ടുകൾ വിതരണം ചെയ്യാനാണ് തീരുമാനം. മൂവാറ്റുപുഴ ഇ.ഇ മാർക്കറ്റിൽ കൃഷി വകുപ്പ് നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അഗ്രോ സർവിസ് സെൻററിൽ കൂർക്കത്തൈകൾ വിതരണത്തിനായി ഒരുങ്ങി. പായിപ്ര ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി തദ്ദേശീയ നടീൽ വസ്തുക്കളുടെ പ്രചാരണാർഥമാണ് ഇവ പഞ്ചായത്തിലെ 22 വാർഡിലും വിതരണം ചെയ്യുന്നത്.
ഒരുകാലത്ത് മുളവൂര്‍ മേഖലയില്‍ വ്യാപകമായി കൂർക്ക കൃഷി ചെയ്തിരുന്നു. ടണ്‍ കണക്കിന് കൂര്‍ക്ക കര്‍ഷകരില്‍നിന്ന് മൊത്തവ്യാപാരികള്‍ സംഭരിച്ച് വിവിധ മാര്‍ക്കറ്റുകളില്‍ വില്‍പന നടത്തിയിരുന്നു. മറ്റ് ജില്ലകളിലും മുളവൂർ കൂർക്കക്ക് പെരുമയേറെയായിരുന്നു. കൂര്‍ക്ക വിളവെടുപ്പിനുശേഷം അതേ സ്ഥലത്ത് നെല്‍കൃഷിയും ചെയ്യാമെന്നതായിരുന്നു കര്‍ഷകരെ ആകര്‍ഷിച്ചിരുന്നത്. എന്നാല്‍, നെല്‍കൃഷിയില്‍നിന്ന് പിന്മാറി, ചെലവുകുറവും വരുമാനം കൂടുതലും ലഭിക്കുന്ന കപ്പയിലേക്ക് കർഷകർ ചുവടുമാറ്റിയതോടെയാണ് കൂർക്ക കൃഷി കുറഞ്ഞത്.
കേരളത്തിലെ കാലാവസ്ഥ അനുയോജ്യം
കേരളത്തിലെ കാലാവസ്ഥ കൂര്‍ക്ക കൃഷിക്ക് അനുയോജ്യമാണ്. അധികം പരിചരണം വേണ്ടാത്ത കൂര്‍ക്ക ചെലവ് കുറഞ്ഞ രീതിയിൽ കൃഷി ചെയ്യാനാകും. കൂര്ക്കക്ക് പോഷക ഗുണവും ഔഷധഗുണവും ഏറെയുണ്ട്. ചീവിക്കിഴങ്ങ്, ചൈനീസ് പൊട്ടറ്റോ എന്നീ പേരുകളിലും അറിയപ്പെടുന്നു. അന്നജവും മാംസ്യവും ധാതുക്കളും പഞ്ചസാരയും പുറമെ കൊളസ്ട്രോള്‍ കുറക്കാന്‍ ഉപകരിക്കുന്ന ഫ്ലേവനോയിഡുകളും ഇതിലടങ്ങിയിട്ടുണ്ട്. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ് വേണ്ടത്. വളരുമ്പോള്‍ മഴ കിട്ടിയാല്‍ നന്ന്. നട്ട് അഞ്ചാം മാസം കൂര്‍ക്ക വിളവെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.