എലക്ക വിലയിടിവ്: പിന്നിൽ ലേല കമ്പനികളുടെ ഗൂഢനീക്കമെന്ന്
text_fieldsനെടുങ്കണ്ടം: സംസ്ഥാനത്തിന് ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന സുഗന്ധവിളയായ ഏലത്തിന് വിലയിടിഞ്ഞതോടെ തോട്ടം മേഖല നിശ്ചലം. ഒപ്പം തൊഴിലാളികള്‍ക്ക് തൊഴിലും ഇല്ലാതായി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഏലക്കക്ക് ലഭിച്ചിരുന്ന വിലയുടെ 40 ശതമാനം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ലേല കമ്പനികളുടെ ഗൂഢനീക്കമാണ് വിലയിടിവിന് പിന്നിലെന്നാണ് കര്‍ഷകരുടെയും വിവിധ സംഘടനകളുടെയും ആരോപണം.
ഗുണമേന്മയുള്ള ഏലക്ക വന്‍കിട വ്യാപാരികള്‍ക്ക് നേരിട്ട് വിറ്റ ശേഷം ഗുണമേന്മ കുറഞ്ഞ ഏലക്ക ലേലത്തിന് എത്തിച്ച് വിലയിടിക്കുന്ന നീക്കമാണ് നടക്കുന്നത്. വളം വിലയും തൊഴിലാളികളുടെ വേതനവും ഉയർന്നത് ഏലക്ക ഉല്പാദന ചെലവ് കൂടാൻ കാരണമായി. വളം സബ്സിഡി നിരക്കില്‍ വിതരണം ചെയ്യണമെന്നും ലേല കേന്ദ്രങ്ങളില്‍ എത്തിക്കുന്ന ഏലക്കയുടെ ഗുണനിലവാരം പരിശോധിക്കാന്‍ നടപടി വേണമെന്നും 1500 രൂപ തറവില നിശ്ചയിക്കാന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം ഇടപെടണമെന്നുമാണ് ആവശ്യം ഉയരുന്നത്.
ഏലക്ക വിലയിടിവ് തടയാൻ സ്പൈസസ് ബോര്‍ഡും കേന്ദ്ര വാണിജ്യ മന്ത്രാലയവും ഇടപെടണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വിലയിടിവില്‍ പ്രതിഷേധിച്ച് ജില്ലയിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓഫിസുകളുടെ മുന്നില്‍ സമരം നടത്താനും യോഗം തീരുമാനിച്ചു. വര്‍ക്കിങ് ചെയര്മാന് പി.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിബി മൂലേപ്പറമ്പില്‍ അധ്യക്ഷതവഹിച്ചു. ജോര്‍ജ് അഗസ്റ്റിന്, കൊച്ചറ മോഹനന് നായര്‍, ജോസ് പൂവത്തുംമൂട്ടില്‍, മിഥുന് സാഗര്‍, മിനി ജയ്സണ്‍, എം.എം. തോമസ്, ജോസ് നെല്ലികുന്നേല് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.