കനത്തമഴയിലും അതിർത്തി ഗ്രാമങ്ങളിൽ കൃഷിയിറക്കാനാകുന്നില്ല
text_fieldsപുൽപള്ളി: ജില്ലയിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി കനത്ത മഴ തുടരുമ്പോഴും കർണാടക അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ മഴക്കുറവുമൂലം കർഷകർക്ക് കൃഷിപ്പണികൾ വൈകുന്നു. മരക്കടവ്, കൊളവള്ളി, കൃഗന്നൂർ മേഖലകളിലാണ് മഴക്കുറവ്. കബനി നദിയിലെ വെള്ളം ഉപയോഗപ്പെടുത്തിയാണ് ഇവർ കൃഷി നടത്തുന്നത്. കബനി ജലം കർണാടകയിലേക്ക് പാഴായി ഒഴുകുമ്പോഴും ആവശ്യത്തിന് വെള്ളം ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ നടപ്പാക്കിയിട്ടില്ല. ഒാരോ വർഷത്തെ കാലവർഷത്തിലും ഈ വിഷയം ചർച്ചയാകുമ്പോഴും ഇതിനായി കാര്യമായ പദ്ധതികളൊന്നും തന്നെ നടപ്പാക്കാൻ അധികൃതർ തയാറായിട്ടില്ല.
ശക്തമായ മഴയിൽ വയനാട്ടിൽ പെയ്യുന്ന മഴയുടെ സിംഹ ഭാഗവും കർണാടകയിലേക്കാണ് ഒഴുകിപ്പോകുന്നത്. വെള്ളം തടഞ്ഞുനിർത്തി ഉപയോഗിക്കാൻ വയനാട്ടിൽ പദ്ധതികളില്ല. കാവേരി നദീജല തർക്ക ട്രൈബ്യൂണൽ സംസ്ഥാനത്തിന് അനുവദിച്ച 30 ടി.എം.സി വെള്ളത്തിൽ 21 ടി.എം.സിയും കബനി നദീ തടത്തിലാണ്. മുള്ളൻകൊല്ലി പഞ്ചായത്തിൽ ഓരോ വർഷവും മഴയുടെ അളവ് കുറഞ്ഞുവരുകയാണ്. തൊട്ടടുത്ത പഞ്ചായത്തായ പുൽപള്ളിയിൽ ലഭിക്കുന്ന മഴയുടെ പകുതിപോലും ഇവിടെ ലഭിക്കുന്നില്ല. മുള്ളൻകൊല്ലി പഞ്ചായത്തിലെ കാർഷിക ആവശ്യങ്ങൾക്ക് വെള്ളമെത്തിക്കാൻ കടമാൻ തോട് പദ്ധതി വിഭാവനം ചെയ്തിരുന്നു. എന്നാൽ, ഈ പദ്ധതിയും യാഥാർഥ്യമായിട്ടില്ല. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് മുള്ളൻകൊല്ലി പഞ്ചായത്തിലെ അതിർത്തി പ്രദേശങ്ങളിലുള്ള കർഷകർ. നെൽകൃഷിയിലാണ് കൂടുതൽ ആളുകളും ശ്രദ്ധിക്കുന്നത്.
ഇത്തവണ മഴ വൈകിയതിനാൽ കൃഷിപ്പണികളും വൈകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ മഴ തിമിർത്ത് പെയ്തപ്പോഴും ഈ പ്രദേശത്ത് വളരെ കുറഞ്ഞ അളവിൽ മാത്രമാണ് മഴ ലഭിച്ചത്. മറ്റെല്ലായിടത്തും വയൽ പണികളും മറ്റും തുടങ്ങിയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇവിടെ പണികൾ തുടങ്ങിയിട്ടേയുള്ളൂ. ശക്തമായ മഴ ലഭിച്ച ശേഷം കൃഷിപണികൾ തുടങ്ങാമെന്ന് കരുതി കാത്തിരിക്കുന്നവരും ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.