കമുകിന് മഹാളി രോഗം പടരുന്നു പ്രതിസന്ധിയിൽ കർഷകർ
text_fieldsകൽപറ്റ: മഴ ശക്തമായതോടെ ജില്ലയിലെ കമുക് തോട്ടങ്ങളില്‍ മഹാളി രോഗം പടര്‍ന്നുപിടിക്കുന്നു. പ്രതിരോധ മരുന്നുകള്‍ തളിച്ചിട്ടും രോഗം നിയന്ത്രിക്കാന്‍ കഴിയാത്തത് കമുക് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. സമീപ പ്രദേശങ്ങളിലെ തോട്ടങ്ങളിലും രോഗം പടര്‍ന്നുപിടിക്കുന്നുണ്ട്.
പൂക്കുലയില്‍നിന്ന് വിരിഞ്ഞ ചെറിയ അടക്കകളായിരിക്കുന്ന സമയത്താണ് മഹാളി രോഗം പിടിപെടുന്നത്. ശക്തമായ മഴയും തണുപ്പുമാണ് രോഗത്തിന് കാരണമാകുന്നത്.
രോഗം ബാധിക്കുന്നതോടെ ഞെട്ടികള്‍ ചീഞ്ഞ് അടക്കകള്‍ പാകമാകും മുമ്പുതന്നെ പൂര്‍ണമായും കൊഴിഞ്ഞുപോകുകയാണ്. പകര്‍ച്ച രോഗമായതിനാല്‍ ഒരു മരത്തില്‍ രോഗം ബാധിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ മറ്റു മരങ്ങളിലേക്കും സമീപ തോട്ടങ്ങളിലേക്കും രോഗം വ്യാപിക്കും.
തുരിശും ചുണ്ണാമ്പും ചേര്‍ത്ത ബോര്‍ഡോ മിശ്രിതം തളിക്കുകയാണ് രോഗത്തിനുള്ള പ്രതിവിധി. രോഗം പിടിപെട്ട അടക്കകള്‍ പൂര്‍ണമായും കൊഴിഞ്ഞുപോകും. രോഗം വരാതിരിക്കാനായി മുന്‍കൂട്ടി മരുന്ന് തളിക്കുകയാണ് വേണ്ടതെങ്കിലും ഇടതടവില്ലാതെ മഴപെയ്യുന്നത് മരുന്ന് തെളിക്കുന്നതിന് പ്രതികൂലമാകുന്നുണ്ട്.
ബഹുഭൂരിപക്ഷം കമുകിന് തോട്ടങ്ങളിലും രോഗബാധ നിമിത്തം പാകമാകാത്ത അടക്കകള്‍ കൊഴിഞ്ഞുവീഴുകയാണ്. കായ്കളിലും പൂവിലും വെള്ള നിറത്തിലെ പാടുകളുമായാണ് രോഗം ആദ്യം പ്രത്യക്ഷപ്പെടുന്നത്. ക്രമേണ അഴുകി കൊഴിഞ്ഞുവീഴുന്നു.
നല്ല വില അടക്കക്ക് ലഭിക്കുന്നത് കര്‍ഷകര്‍ക്ക് ആശ്വാസമായിരിക്കെയാണ് മഞ്ഞളിപ്പ്, മഹാളി രോഗങ്ങള്‍ വ്യാപകമായത്. തൊഴിലാളികളുടെ ക്ഷാമവും ഉപകരണങ്ങളുടെ അപര്യാപ്തതയും ഉയര്‍ന്ന കൂലിയും കമുക് കൃഷിയെ സാരമായി ബാധിക്കുന്നുണ്ട്. രോഗബാധ കൂടുതലായതിനാല്‍ അടുത്ത സീസണില്‍ വിളവെടുപ്പ് ഗണ്യമായി കുറയുമെന്ന് കര്‍ഷകര്‍ പറയുന്നു.
കമുക് കൃഷിയെ മാത്രം ആശ്രയിച്ച് നൂറുകണക്കിന് കുടുംബങ്ങളാണ് ജില്ലയിലുള്ളത്. ചുണ്ണാമ്പും കോപ്പര്‍ സള്‍ഫേറ്റും ഉപയോഗിച്ചുള്ള ബോഡോ മിശ്രിതം മഹാളി രോഗത്തിന് തുടര്‍ച്ചയായി ഉപയോഗിക്കുന്നത് പ്രതിരോധ ശേഷി നഷ്ടമാക്കുന്നതായും കര്‍ഷകര്‍ പറയുന്നു.
അടുത്ത സീസണില്‍ വിളവെടുപ്പ് കുറയാന്‍ സാധ്യതയുള്ളതിനാല്‍ രോഗം ബാധിച്ച് കൃഷി നശിച്ചവര്‍ക്ക് നഷ്പരിഹാരം നല്കാന് സര്‍ക്കാര്‍ തയാറാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.