ഏലം കൃഷിക്ക് തിരിച്ചടിയായി അഴുകൽ രോഗം: വിളവ് നാലിലൊന്നായി ചുരുങ്ങി
text_fieldsനെടുങ്കണ്ടം: ഹൈറേഞ്ചിൽ ഏലം കൃഷി വ്യാപകമായി അഴുകൽ രോഗം ബാധിച്ച് നശിക്കുന്നു. ഇതോടെ, അടിയന്തരമായി സ്പൈസസ് ബോർഡ്, കൃഷിഭവൻ എന്നിവ വഴി കുമിൾനാശിനികൾ കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുകയോ കർഷകർ വിപണിയിൽനിന്ന് വാങ്ങുന്ന കുമിൾനാശിനികൾക്ക് സബ്സിഡി നൽകുകയോ ചെയ്യണമെന്ന് ആവശ്യം ഉയർന്നു.
കനത്ത മഴയിൽ ഏലം അഴുകൽ ബാധിച്ച് നശിക്കുന്നത് വിലയിടിവിൽ നട്ടംതിരിയുന്ന കർഷകർക്ക് മറ്റൊരു തിരിച്ചടിയായി. പ്രതികൂല കാലാവസ്ഥമൂലം വിളവ് നാലിലൊന്നായി കുറഞ്ഞിട്ടും വിപണിയിൽ വ്യാപാര മാന്ദ്യവും വൻ വിലയിടിവും തുടരുന്നത് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അഴുകൽ രോഗം വ്യാപകമാകുന്നത് കുമിൾ നാശിനികൾ പലവട്ടം ഉപയോഗിക്കേണ്ട അമിത സാമ്പത്തികഭാരവും കർഷകന് വരുത്തിവെക്കുന്നു.
കുരുമുളക്, കൊക്കോ, ജാതി കൃഷികളും അഴുകൽ രോഗംമൂലം വ്യാപകമായി നശിക്കുന്നുണ്ട്. ഏലം പ്രധാനമായും കൃഷി ചെയ്യുന്ന കുമളി, ആനവിലാസം, വണ്ടന്മേട്, മാലി, വള്ളക്കടവ്, പാമ്പാടുംപാറ, പാറത്തോട്, ഉടുമ്പൻചോല, ശാന്തമ്പാറ, രാജാക്കാട്, ബൈസൻവാലി, കല്ലാർ, മേഖലകളിൽ വൻതോതിൽ തോട്ടങ്ങൾ അഴുകി നശിക്കുകയാണ്. വിലസ്ഥിരതയും തറവിലയും ഉറപ്പാക്കി ഏലം കൃഷി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പൈസസ് ബോർഡിനും കൃഷിവകുപ്പിനും കത്തയച്ചതായി ചെറുകിട-ഇടത്തരം ഏലം കർഷക അസോസിയേഷൻ ജനറൽ സെക്രട്ടറി ജോൺസൺ കൊച്ചുപറമ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.