പൂച്ചകളിലെ വിരബാധ തടയണം
text_fieldsനമ്മുടെ വീടകങ്ങളിൽ കഴിയുന്ന പൂച്ചകളുടെ ആരോഗ്യം ചോർത്തുന്ന വിരകൾ ഏറെയുണ്ട്. വീട്ടിനകത്തുതന്നെ വളർത്തിയാലും വിരകൾ പലവഴി പൂച്ചകളുടെ ഉള്ളിൽ കയറിക്കൂടും. പൂച്ചയുടെ വയറ്റിനുള്ളിൽ വിരകൾ എത്തി ദിവസങ്ങൾ കഴിഞ്ഞാലും പലപ്പോഴും ലക്ഷണങ്ങൾ ഒന്നുംതന്നെ പുറത്തുകാണില്ല. കാഷ്ഠം പരിശോധന നടത്തിയാൽപോലും പലപ്പോഴും വിരസാന്നിധ്യം തെളിയില്ല. വിരപ്രശ്നം ഗുരുതരമായി വിളർച്ചയും തളർച്ചയുമെല്ലാം മൂർച്ഛിച്ച് പൂച്ച കിടപ്പിലാവുമ്പോഴാണ് രോഗം തിരിച്ചറിയുക. അപ്പോഴേക്കും ചികിത്സ ഫലിക്കാത്ത തരത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കും.
മനുഷ്യരിലേക്കും പടരും
ടോക്സോകാര കാറ്റി, ടോക്സോകാര ലിയോനിന, അങ്കെലോസ്റ്റോമ തുടങ്ങിയവയെല്ലാമാണ് നമ്മുടെ നാട്ടിൽ പൂച്ചകളിൽ കാണുന്ന പ്രധാന ആന്തരവിരകൾ. അങ്കെലോസ്റ്റോമ എന്ന വിരകൾ കുടലിൽ കയറിക്കൂടി പൂച്ചകളുടെ രക്തം ഊറ്റുന്നവയാണ്. ഇവയുടെ ശല്യം കൂടിയാൽ വിളർച്ച മൂർച്ഛിച്ച് പൂച്ചകൾ ചത്തുപോവും. ഇടക്കിടെ ഉണ്ടാവുന്ന ഛർദി, വയറിളക്കം, മെലിച്ചിൽ, തീറ്റയോട് വിരക്തി, പൂച്ചകൾ ഇടക്കിടെ ഉരുണ്ടുമറിഞ്ഞ് വീഴൽ, വയറുവീർക്കൽ, തിളക്കമില്ലാത്ത ത്വക്ക്, ഇടക്കിടെയുള്ള കാർക്കിച്ചുകൊണ്ടുള്ള തുമ്മൽ എന്നിവയെല്ലാമാണ് ടോക്സോകാര വിരബാധയുടെ ലക്ഷണങ്ങൾ. പൂച്ചക്ക് തീറ്റയിലൂടെ കിട്ടുന്ന പോഷകങ്ങളെല്ലാം ഊറ്റിയെടുത്ത് വളരുന്നവയാണ് ടോക്സോകാര വിരകൾ. വിരബാധ മൂർച്ഛിക്കുന്ന സാഹചര്യത്തിൽ പൂച്ചയുടെ വൻകുടലിന്റെ അറ്റം പുറത്തുചാടുന്നതടക്കമുള്ള സങ്കീർണതകൾ സംഭവിക്കാം. ടോക്സോകാര കാറ്റി എന്ന ഉരുളൻ വിരകൾ പൂച്ചകളിൽനിന്ന് അടുത്ത സമ്പർക്കം വഴി മനുഷ്യരിലേക്ക് പകരാൻ ഉയർന്ന സാധ്യതയുള്ളതുമാണ്.
വിരമരുന്ന് നൽകണം
ജനിച്ച് രണ്ടാഴ്ച പ്രായമെത്തുമ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം ആദ്യ വിരമരുന്ന് നൽകണം. ഒരു മാസം പ്രായമെത്തുമ്പോൾ രണ്ടാമത്തെ ഡോസ് വിരമരുന്ന് നൽകണം. ആറു മാസം പ്രായമെത്തുന്നതു വരെ മാസത്തിൽ ഒരിക്കൽ വിരമരുന്ന് നൽകണം. പൂച്ചകൾക്ക് പ്രസവത്തിന് 15 ദിവസം മുമ്പും പ്രസവിച്ച് ഒരു മാസത്തിന് ശേഷവും വിരമരുന്ന് നൽകാം. മുതിർന്ന പൂച്ചകൾക്ക് മൂന്നു മാസത്തിൽ ഒരിക്കൽ വിരയകറ്റാൻ മരുന്ന് നൽകണം.
ഭക്ഷണം നൽകിയതിന് ശേഷം വേണം പൂച്ചകൾക്ക് വിരമരുന്ന് നൽകാൻ. ടോക്സോകാര കാറ്റി വിരകൾ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളവയായതിനാൽ പൂച്ചകളെ പരിപാലിക്കുന്നവർ പൂച്ചകളെ കൃത്യമായി വിരയിളക്കുന്നതിനൊപ്പം വ്യക്തിശുചിത്വവും പാലിക്കണം. പൂച്ചകളെ കൈകാര്യം ചെയ്ത ശേഷം കൈ നന്നായി കഴുകി വൃത്തിയാക്കണം. എന്നിട്ടേ ഭക്ഷണവസ്തുക്കൾ തൊടാവൂ. വീട്ടിലെ കുട്ടികളെ ഇക്കാര്യം പ്രത്യേകം പറഞ്ഞ് ചട്ടംകെട്ടണം. പൂച്ചകൾക്ക് ഓരോ പ്രായത്തിനും നൽകേണ്ട മരുന്നുകൾ വ്യത്യസ്തമാണെന്നതിനാൽ തരാതരം പോലെ അതെല്ലാം കുറിച്ചുതരാൻ ഡോക്ടറുടെ സേവനം തേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.