ജൈവ പച്ചക്കറി കൃഷിയിൽ വിജയഗാഥ രചിച്ച് ദിവാകരൻ
text_fieldsഇരിട്ടി: ജൈവരീതിയിൽ കൃഷി ചെയ്ത് മണ്ണിൽ പൊന്നു വിളയിക്കുകയാണ് നടുവനാട് കാളാന്തോട്ടെ ജൈവ കർഷകൻ എൻ. ദിവാകരൻ. പച്ചക്കറിച്ചന്തയിൽ കിട്ടുന്നതെന്തും ദിവാകരന്റെ ഒരേക്കർ ജൈവ പച്ചക്കറിത്തോട്ടത്തിൽ നിന്നും ലഭിക്കും. മണ്ണറിഞ്ഞ് കൃഷി ചെയ്താൽ ഒന്നും നഷ്ടമല്ല എന്ന് ദിവാകരന്റെ പച്ചക്കറിത്തോട്ടം കാണുന്ന ആദ്യമാത്രയിൽ തന്നെ മനസ്സിലാകും. ചെറിയ ഉള്ളി മുതൽ തണ്ണീർമത്തൻ വരെ എല്ലാം ലാഭകരം. ഒരോ പച്ചക്കറിക്കും നിശ്ചിത അളവ് സ്ഥലം. എല്ലാറ്റിലും നൂറുമേനി. 10 വർഷമായി തുടരുന്ന കൃഷിരീതിക്ക് ഒരുമാറ്റവുമില്ല.
കൃഷിക്ക് അനുയോജ്യമായ പാടം ഇല്ലാത്തതിനാൽ വീട്ടിനടുത്ത് തരിശ്ശായി ഇട്ട ഒരേക്കർ പാടം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. ഹരിത കഷായം, മീനെണ്ണ കഷായം എന്നിവയാണ് ഉപയോഗിക്കുന്നത്. ഒരു കിലോ ചെറിയ ഉള്ളി വിത്തിൽനിന്ന് 12 കിലോ ഉള്ളി ലഭിച്ചിരുന്നതായി ദിവാകരൻ പറഞ്ഞു. കൃത്യമായ പരിചരണവും വളപ്രയോഗവും നടത്തിയാൽ ചെറിയ ഉള്ളി മറ്റ് സംസ്ഥാനങ്ങളിലുള്ളതിനേക്കാൾ ലാഭകരമായ രീതിയിൽ ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് ദിവാകരൻ പറഞ്ഞു.
കൃഷി വകുപ്പിന്റെ സഹായവും നിർദേശങ്ങളും മികച്ച വിളവിന് സഹായിക്കുന്നുണ്ട്. ഇരിട്ടി ബ്ലോക്ക് കാർഷിക സേവന കേന്ദ്രം ആരംഭിച്ച ഇക്കോ ഷോപ്പിലൂടെ വിളകളും വിത്തും വിതരണം ചെയ്യാൻ കഴിയുന്നതിനാൽ വിപണി അന്വേഷിച്ചുപോകേണ്ടതുമില്ല. ആത്മയുടെ ജില്ലയിലെ മികച്ച ജൈവകർഷകനായി തിരഞ്ഞെടുക്കപ്പെട്ട ദിവാകരൻ കർഷകർക്ക് കൃഷി രീതികളെക്കുറിച്ച് ക്ലാസും നൽകുന്നുണ്ട്. പന്നിയെയും മയിലിനെയും കൃഷിയിടത്തിൽനിന്നും അകറ്റുന്നതിന് ചില പ്രത്യേക സൂത്രപ്പണികളും ദിവാകരൻ നടത്തുന്നുണ്ട്. കൃഷിയിടത്തിലേക്ക് മയിൽ എത്താതിരിക്കാൻ റിഫൺഡ് റിബൺ വലിച്ചുകെട്ടിയിരിക്കുകയാണ്. റിഫൺഡ് റിബണിലേക്ക് നോക്കുമ്പോൾ മയിലിന്റെ കണ്ണ് അസ്വസ്ഥമാകുന്നതിനാൽ ഇവ കൃഷിയിടത്തിൽ ഇറങ്ങാതെ പറന്നുപോകുന്നു. കാട്ടുപന്നിയെ തുരത്തുന്നതിന് ചകിരിച്ചോറിൽ ഫിനോയിൽ ഒഴിച്ച് തുണിയിൽ ചെറിയ കെട്ടുകളാക്കി കൃഷിയിത്തിൽ തൂക്കിയിടുന്നു. ഫിനോയിലിന്റെ മണം കാരണം പന്നി കൃഷിയിടത്തിൽ ഇറങ്ങില്ലെന്നും ദിവാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.