മാവ് പൂക്കുന്നില്ലേ?
text_fieldsസമയാസമയം പൂക്കുകയും കായ്ക്കുകയും ചെയ്യുന്നുണ്ടല്ലോ... അതിനാൽ വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം നിൽക്കുന്ന മാവുകൾക്ക് പ്രത്യേക പരിചരണം ആവശ്യമാണോ എന്ന് ചോദിക്കുന്നവരാണ് പലരും. നട്ടതിനുശേഷം പ്രത്യേക പരിചരണമൊന്നും നൽകാതെ കായ്ഫലം തരുന്നവയാണ് മാവുകൾ. കണ്ണിമാങ്ങ വീണുപോകുന്നതും കൊമ്പുണങ്ങുന്നതുമെല്ലാം മരത്തെ ബാധിക്കുമ്പോഴാണ് പലരും ശ്രദ്ധ നൽകാൻ തയാറാവുക. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന മാവുകളെപ്പോലെത്തന്നെ നമ്മുടെ വീട്ടുമുറ്റത്ത് നിൽക്കുന്ന മാവുകൾക്കും അൽപം പരിചരണം നൽകിയാൽ നല്ല വിളവ് ലഭിക്കും.
നനയും വളവും വേണം
നട്ട് 4-5 വര്‍ഷം വരെ വേനല്‍ക്കാലത്ത് ആഴ്ചയില്‍ രണ്ടുദിവസം നനച്ചു നൽകണം. വലിയ തോട്ടങ്ങളിലാണെങ്കിൽ പച്ചക്കറികള്‍, മുതിര, കൈതച്ചക്ക, വാഴ എന്നിവ ആദ്യകാലത്ത് ഇടവിളയായി കൃഷി ചെയ്യാം. ജൂണിലും ഒക്ടോബറിലും കിളച്ചോ ഉഴുതോ മറ്റിടപ്പണികള്‍ ചെയ്യാം. കായ് പൊഴിച്ചില്‍ തടയുന്നതിനും ഉൽപാദനം കൂട്ടുന്നതിനും നാഫ്തലിന്‍ അസറ്റിക്ക് ആസിഡ് 10-30 പി.പി.എം ഗാഢതയില്‍ കായ് പിടിച്ചു തുടങ്ങി രണ്ടാമത്തെ ആഴ്ചയില്‍ പൂങ്കുലകളില്‍ നല്ലതുപോലെ തളിക്കണം.
മാവിൻതൈകൾ നട്ടശേഷം അവ തനിയേ വളരുമെന്ന് ചിന്തിക്കാൻ പാടില്ല. രണ്ടുമാസം കൂടുമ്പോൾ തൈകളുടെ ചുവട്ടിൽനിന്ന് ഒന്നരയടി അകലത്തിൽ ചാലുകളെടുത്ത് കാലിവളമോ മണ്ണിര കമ്പോസ്റ്റോ ചേർത്ത് മണ്ണിളക്കി നനച്ചുകൊടുക്കണം.
മാവ് പൂക്കാന്‍
മാവ് പുഷ്പിക്കാനും അതില്‍ കായപിടിത്തം വർധിപ്പിക്കാനും പാക്ലോ ബ്യുട്ട്രസോള് എന്ന രാസപദാർഥം ഉപയോഗിക്കാം. 15 വർഷത്തിൽ കൂടുതൽ പ്രായമുള്ള മരങ്ങൾക്ക് അഞ്ചു ഗ്രാം എന്നതോതിൽ മണ്ണിൽ ചേർത്തുകൊടുക്കണം. 5 ഗ്രാം 10 ലിറ്റർ വെള്ളത്തിൽ നേര്‍പ്പിച്ച് മരച്ചുവട്ടിൽ നിന്ന് 60 സെ.മീറ്റർ അകലത്തിൽ മണ്ണിൽ ഒഴിച്ചുകൊടുക്കണം. മണ്ണിനു നല്ല നനവ് വേണം. നനവ് നിലനിർത്താൻ രണ്ടാഴ്ച ഇടവിട്ട് ജലസേചനം നടത്തണം.
ഇത്തിൾക്കണ്ണികൾ കളയൽ
മാവിന്റെ ആരോഗ്യം പൂർണമായും ഇല്ലാതാക്കുന്നവയാണ് ഇത്തിൾക്കണ്ണികൾ. ഇത്തിൾ ക്കണ്ണികളുടെ ശല്യം ബെയ്സ്ബാന്റിറിങ് മുഖേന നശിപ്പിക്കാം. 20 സെൻറിമീറ്റർ നീളവും ഒരു സെൻറിമീറ്റർ വീതിയുമുള്ള കോട്ടൺ തുണി രണ്ടു ശതമാനം വീര്യമുള്ള 2, 4-ഡി ലായനിയിൽ കുതിർത്ത് ചെടിയുടെ വേരിനോടുചേർന്ന ഭാഗത്ത് മുറിവുണ്ടാക്കി അതിനുചുറ്റും കെട്ടുക. ക്രമേണ ഇത്തിൾക്കണ്ണി ഉണങ്ങി നശിക്കും.
കൊമ്പുണക്കവും പിങ്ക് രോഗവും
മാവിനെ ബാധിക്കുന്ന മാരക രോഗങ്ങളിലൊന്നാണ് കൊമ്പുണക്കം. ഒട്ടുമാവുകളിലാണ് കൊമ്പുണക്കം കൂടുതലായി കണ്ടുവരുന്നത്. മഴയും ഉയർന്ന ഈർപ്പനിലയും താപനിലയിലെ ഏറ്റക്കുറവും കൊമ്പുണക്കത്തിന് കാരണമാകും. ഇലകളിൽ കറുപ്പോ തവിട്ടോ നിറത്തിൽ വൃത്താകൃതിയിലുള്ള പാടുകൾ ഉണ്ടാകുന്നതാണ് രോഗാരംഭം. പിന്നീട് ഇലകൾ ചുരുണ്ട് ഉണങ്ങി അടർന്നുവീഴും, അതിനൊപ്പം കൊമ്പുകളും ഉണങ്ങി അടർന്നുവീഴും. കൊമ്പുണക്കം തടയുന്നതിന് രോഗം ബാധിച്ച കൊമ്പുകൾ അഞ്ചുസെ.മീ. താഴ്ചയിൽവെച്ച് മുറിച്ചുമാറ്റണം. തുടർന്ന് ബോർഡോ മിശ്രിതം പുരട്ടണം. മഴയത്ത് വെള്ളം ഇറങ്ങാതിരിക്കാൻ പോളിത്തീൻ കവർവെച്ച് കെട്ടിവെക്കണം.
മാവിന്റെ തുമ്പില കരിഞ്ഞ് അഗ്രഭാഗം ഉണങ്ങിപ്പൊടിയുന്നതാണ് പിങ്ക് രോഗം. നിയന്ത്രിക്കുന്നതിന് കേടുവന്ന തൊലിയും തൊലിക്കിരുവശത്തുനിന്നും 30 സെ. മീറ്റർ നീളത്തില്‍ ചെത്തിമാറ്റി ബോര്‍ഡോ കുഴമ്പ് പുരട്ടണം.
ഇനങ്ങള്‍
അല്‍ഫോണ്‍സോ, കാലപ്പാടി, നീലം, മുണ്ടപ്പ, പൈറി, ബനേഷന്‍, ആലമ്പൂര്‍, മല്‍ഗോവ, സുവര്‍ണരേഖ, ബാങ്ക്ലാര, ബനെറ്റ് അല്‍ഫോന്‍സ, പ്രിയൂര്, മൂവാണ്ടന്‍, വെള്ളെള്ള കൊളമ്പന്‍, ചന്ദ്രകാരന്‍, ഹൈബ്രിഡ് 45, ഹൈബ്രിഡ് 87, ഹൈബ്രിഡ് 151, രത്ന തുടങ്ങിയവയാണ് സങ്കരയിനങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.