ദോഹ എക്സ്പോ; കുളിർമയേകി കാർഷിക അഭിവൃദ്ധി പ്രദർശനം
text_fieldsദോഹ: മേഖലയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കാർഷിക പ്രദർശനം കാർഷിക മേഖലയിൽ ഖത്തറിന്റെ നേട്ടങ്ങളെയും പുരോഗതിയെയും കൂടി അടയാളപ്പെടുത്തുന്നതായിരിക്കും. രാജ്യത്തിന്റെ വടക്ക് മരുപ്പച്ചകളെയും മരുഭൂമിയിലെ ചില പ്രദേശങ്ങളെയും ചുറ്റിപ്പറ്റി നിന്നിരുന്ന കാർഷിക മേഖല കാലക്രമേണ അഭിവൃദ്ധി പ്രാപിക്കുകയും കാർഷികോൽപാദനത്തിൽ രാജ്യം ഘട്ടം ഘട്ടമായി സ്വയംപര്യാപ്തമാകുകയും ചെയ്തതിന്റെ കുതിപ്പ് എക്സ്പോയിൽ അടയാളപ്പെടുത്തും.
മഴയുടെ തോത്, ഭൂഗർഭജലം, ഉപരിതല ജലം, നീരുറവകൾ, മറ്റു ജലസ്രോതസ്സുകൾ എന്നിവയും പ്രദേശത്തെ ചിതറിക്കിടക്കുന്ന കാർഷിക രീതികളുമായിരുന്നു ആദ്യ കാലത്ത് ഖത്തറിന്റെ കൃഷിയെ തുണച്ചിരുന്നത്. പിന്നീട് കൃഷിയിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ഗവൺമെന്റിൽ നിന്നുള്ള പിന്തുണയും കൂടിയായപ്പോൾ രാജ്യം കാർഷിക മേഖലയിൽ ഏറെ മുന്നോട്ടുകുതിച്ചു. കാലാവസ്ഥ വ്യതിയാനത്തിന്റെ വെല്ലുവിളികൾക്കും ഭക്ഷ്യക്ഷാമം പോലുള്ള പ്രതിസന്ധികൾക്കും ഇടയിലും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന്റെ പിന്തുണ കാർഷിക മേഖലയിലെ മുന്നേറ്റത്തിൽ നിർണായകമായി.
കാർഷികോൽപാദനത്തിൽ സ്വയംപര്യാപ്തതയും ഭക്ഷ്യസുരക്ഷയും ലക്ഷ്യമാക്കി ദേശീയ മുൻഗണന എന്ന നിലയിൽ പ്രകൃതിവിഭവങ്ങളുടെ, പ്രത്യേകിച്ച് കൃഷിയുടെ വികസനത്തിന് അമീർ മുൻഗണന നൽകി. കാർഷിക, പാരിസ്ഥിതിക സുസ്ഥിരതക്ക് പിന്തുണ നൽകുന്ന നയങ്ങൾ, തന്ത്രങ്ങൾ, നൂതന സാങ്കേതികവിദ്യകൾ എന്നിവയും കാർഷിക മേഖലയുടെ മുന്നേറ്റത്തിനായി സ്വീകരിച്ചു.
സുരക്ഷിതവും സുസ്ഥിരവുമായ രീതിയിൽ കാർഷിക, കാലി, മത്സ്യ ഉൽപാദനത്തിന്റെ അളവും ഗുണനിലവാരവും ഉയർത്തുന്നതിനുള്ള അനിവാര്യ ഘടകങ്ങളായതിനാൽ സാങ്കേതികവിദ്യ, ഗവേഷണം, വികസനം, ഭക്ഷ്യ നിയന്ത്രണം എന്നിവയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ഖത്തർ ലക്ഷ്യമിടുന്നു.
കൂടാതെ കാർഷികോൽപാദന മേഖലയിൽ ഹരിതഗൃഹങ്ങൾ, തേനീച്ചക്കൂടുകൾ, വിത്ത്, വളം, കീടനാശിനികൾ, വിപണന പാക്കേജുകൾ തുടങ്ങിയ കാർഷിക സഹായ സാമഗ്രികളുടെ വിതരണം ഉൾപ്പെടെ കാർഷിക ഉൽപാദകരെയും ഫാം ഉടമകളെയും പിന്തുണക്കുന്നതിനും സഹായിക്കുന്നതിനുമായി മുനിസിപ്പാലിറ്റി മന്ത്രാലയമുൾപ്പെടെയുള്ള സ്ഥാപനങ്ങൾ വിവിധ മാർഗങ്ങളും പാക്കേജുകളും മുന്നോട്ടുവെച്ചിട്ടുണ്ട്. കാലിവളർത്തൽ മേഖലയിലും മത്സ്യകൃഷിയിലും ഇക്കാലയളവിൽ ഖത്തർ പുരോഗതി കൈവരിച്ചു.
കാർഷിക മേഖലയുടെ വികസനത്തിനും വിവിധ പ്രാദേശിക ഉൽപന്നങ്ങളിൽ സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിനുമുള്ള ഖത്തറിന്റെ ശ്രമങ്ങൾ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. 2021 ആഗോള ഭക്ഷ്യസുരക്ഷ സൂചികയിൽ 13 സ്ഥാനങ്ങൾ ഉയർന്ന് ഖത്തർ അറബ് ലോകത്ത് ഒന്നാം സ്ഥാനത്തെത്തി. ആഗോളാടിസ്ഥാനത്തിൽ ഖത്തറിന് 24ാം റാങ്കാണ്. ഭക്ഷ്യ-കാർഷിക നയങ്ങൾ വികസിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടുവരാനും ഭക്ഷ്യസുരക്ഷ ഗവേഷണത്തിനും കാർഷിക-ഭക്ഷ്യ ഗവേഷണത്തിനുമായി പ്രത്യേക ഫണ്ട് സ്ഥാപിക്കാനും ഖത്തർ ശ്രമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.