ബിസിനസ് വിട്ട് കൃഷിയിൽ; കർഷക അവാർഡിന്റെ തിളക്കത്തിൽ ഡൊമിനിക്
text_fieldsകാഞ്ഞിരപ്പള്ളി: ബിസിനസിൽ നിന്ന് കൃഷിയിലേക്ക് തിരിഞ്ഞ പയ്യമ്പള്ളിയിൽ പി.എ. ഡൊമിനിക് പഞ്ചായത്തിന്റെ കർഷക അവാർഡ് കൂടി ലഭിച്ചതിന്റെ സന്തോഷത്തിലാണ്. വർഷങ്ങളായി കണ്ണൂരിൽ ബിസിനസ് രംഗത്ത് പ്രവർത്തിച്ചുവന്നിരുന്ന ഡൊമിനിക് അതെല്ലാം ഉപേക്ഷിച്ചാണ് കാർഷിക രംഗത്ത് സജീവമായത്.
നാലുവർഷം മുമ്പ് കാഞ്ഞിരപ്പള്ളിയിലെത്തുമ്പോൾ ഡൊമിനിക്കിന്റെ മനസിൽ നിറയെ കൃഷിയായിരുന്നു. മണ്ണംപ്ലാവിൽ 60 സെൻറ് സ്ഥലം വാങ്ങി വീട് പണിയാരംഭിച്ചതിനൊപ്പം തന്നെ കൃഷിയിടവും ഒരുക്കാൻ തുടങ്ങി. പറമ്പിലെ റബർ മരങ്ങൾ വെട്ടിമാറ്റി പകരം ഫലവൃക്ഷ തൈകളാണ് പ്രധാനമായി നട്ടുപിടിപ്പിച്ചത്. മലേഷ്യൻ കുള്ളൻ ഇനത്തിൽപ്പെട്ട തെങ്ങുകൾക്ക് പുറമെ, കമുക്, പ്ലാവ്, മാവ്, റംബൂട്ടാൻ, മംഗോസ്റ്റിൻ, ഡ്രാഗൺ ഫ്രൂട്ട്, പേര, ചാമ്പ, സപ്പോട്ട, ചീര, വാഴ, പപ്പായ, കറിവേപ്പ്, കാന്താരി, ഓറഞ്ച്, ചെറുനാരകം അടക്കമുണ്ട് ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലിപ്പോൾ. വിവിധ പച്ചക്കറികളും കിഴങ്ങ് വർഗങ്ങളും വേറെ. ഭൂമിയുടെ ഘടന മാറ്റാതെ തട്ടുതട്ടായി കയ്യാലകൾ നിർമിച്ചാണ് കൃഷിയിടം ഒരുക്കിയിരിക്കുന്നത്. രാവിലെ കൃഷിയിടത്തിൽ നിന്നാണ് ഡൊമിനിക്കിന്റെ ഓരോ ദിവസവും ആരംഭിക്കുന്നത്. കൃഷിയിലേക്ക് തിരിഞ്ഞതോടെ മാനസിക സമ്മർദ്ദമെല്ലാം ഒഴിവായതായി ഇദ്ദേഹം പറയുന്നു.
മാറുന്ന കാലത്തിനനുസരിച്ച് കൃഷിയിടത്തെ മാറ്റാനും ഫാം ടൂറിസത്തിലൂടെ വിനോദസഞ്ചാരികളെ ആകർഷിക്കുകയുമാണ് ഡൊമിനിക്കിന്റെ തുടർ പദ്ധതി. ഇപ്പോൾ തന്നെ കല്യാണ പാർട്ടികളുടെയും മറ്റും വീഡിയോയും ഫോട്ടോയും ഒക്കെ ചിത്രീകരിക്കാൻ ഡൊമിനിക്കിന്റെ കൃഷിയിടത്തിലേക്ക് ആളുകൾ എത്തുന്നുണ്ട്. സിനിമാ ചിത്രീകരണത്തിന് ആളുകൾ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.