പശുവിന് ഇനിയും ഇരട്ട പ്രതിരോധ കുത്തിവെപ്പ് എടുത്തില്ലേ?
text_fieldsപാലുൽപാദന മേഖലയിൽ കനത്ത സാമ്പത്തികനഷ്ടം വിതക്കുന്ന സംക്രമികരോഗങ്ങളായ കുളമ്പുരോഗം, ചർമ മുഴ രോഗം എന്നിവ തടയാനുള്ള പ്രതിരോധ കുത്തിവെപ്പ് കാമ്പയിനുകൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ചുമുതൽ ആരംഭിച്ച സൗജന്യ പ്രതിരോധ കുത്തിവെപ്പ് ഈ മാസം അവസാനം വരെയുണ്ട്. പശുക്കൾക്കും കിടാരികൾക്കും ഒരേ സമയം രണ്ട് പകർച്ചവ്യാധികൾക്കെതിരെയുമുള്ള വാക്സിനുകൾ നൽകി ഇരട്ട പ്രതിരോധവും ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. മുൻകാലങ്ങളിൽ ഇത് വ്യത്യസ്ത സമയങ്ങളിലായായിരുന്നു നടന്നിരുന്നത്.
കർഷകരുടെ വീടുകളിലെത്തി സൗജന്യമായാണ് ഈ രണ്ട് വാക്സിനുകളും നൽകുന്നത്. പശുക്കൾക്കോ കിടാരികൾക്കോ എരുമകൾക്കോ ഇനിയും വാക്സിൻ എടുത്തിട്ടില്ലെങ്കിൽ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടണം. മൃഗങ്ങളിലെ സാംക്രമിക രോഗപ്രതിരോധവും നിയന്ത്രണവും നിയമം, 2009 പ്രകാരം കന്നുകാലികൾക്ക് ഈ പ്രതിരോധ കുത്തിവെപ്പുകൾ നൽകേണ്ടത് നിര്‍ബന്ധവുമാണ്
മികവുറ്റ വാക്സിൻ
ദേശീയ ക്ഷീരവികസന ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡ് ലഭ്യമാക്കുന്ന രക്ഷ-ഒ-വാക് എന്ന വാക്സിനാണ് കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് ഉപയോഗിക്കുന്നത്. കുളമ്പുരോഗ വൈറസിന്റെ മൂന്ന് വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി പശുക്കൾക്ക് ഉറപ്പാക്കാൻ രക്ഷ-ഒ-വാക് വാക്സിന് കഴിയും. നാലുമാസവും അതിനു മുകളിലും പ്രായമുള്ള പശു, എരുമ വർഗത്തിൽ ഉൾപ്പെടുന്ന എല്ലാ ഉരുക്കൾക്കും കുത്തിവെപ്പ് നൽകാം. രോഗമുള്ളവയെയും അവസാന മൂന്നുമാസം ഗർഭാവസ്ഥയിലുള്ള പശുക്കളെയും ഒഴിവാക്കാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്നതും വിപണിമൂല്യമുള്ളതുമായ വെറ്ററിനറി മരുന്നും രക്ഷ-ഒ-വാക് എന്ന കുളമ്പുരോഗ പ്രതിരോധ വാക്സിനാണ്. ഗോട്ട് പോക്സ് വാക്സിനാണ് പശുക്കളിൽ ചർമമുഴ പ്രതിരോധ കുത്തിവെപ്പിനായി ഉപയോഗിക്കുന്നത്. എരുമകളിൽ രോഗസാധ്യത കുറവായതിനാൽ നാലുമാസവും അതിനു മുകളിലും പ്രായമുള്ള പശുക്കൾക്കും കാളകൾക്കും മാത്രം ഇത് നൽകിയാൽ മതി.
കുത്തിവെപ്പെടുത്താൽ പാലുകുറയുമോ?
കറവപ്പശുക്കളിൽ പാലുൽപാദനം കുറയുമെന്ന തെറ്റിദ്ധാരണ കാരണം ചില കർഷകരെങ്കിലും പശുക്കൾക്ക് പ്രതിരോധ കുത്തിവെപ്പെടുക്കാൻ വിമുഖത കാണിക്കാറുണ്ട്. ചില പശുക്കളിൽ വാക്സിനെടുത്താൽ ശരീരത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ കാരണം ഒന്നോ രണ്ടോ ദിവസം പാലിന്റെ അളവിൽ താൽക്കാലികമായി ചെറിയ വ്യത്യാസങ്ങൾ കാണാറുണ്ടെങ്കിലും വേഗം പഴയ ഉൽപാദനക്ഷമത വീണ്ടെടുക്കും. പ്രതിരോധ കുത്തിവെപ്പെടുത്ത ഉരുക്കൾക്ക് ധാതുജീവക മിശ്രിതങ്ങളും കരൾ ഉത്തേജന മിശ്രിതങ്ങളും നൽകുന്നതും, ഒരൽപം സാന്ദ്രീകൃത തീറ്റ അധികം നൽകുന്നതും, വെയിലത്ത് കെട്ടുന്നത് ഒഴിവാക്കുന്നതും വഴി പാലിൽ താൽക്കാലികമായുണ്ടാവുന്ന കുറവ് എളുപ്പത്തിൽ പരിഹരിക്കാൻ സഹായിക്കും. എന്നാൽ, വാക്സിനെടുക്കാതെ ഒടുവിൽ ഈ മാരക പകർച്ചവ്യാധികൾ പശുക്കൾക്ക് പിടിപെട്ടാൽ പാലുൽപാദനം മാത്രമല്ല, പശുവിന്റെ ജീവൻതന്നെ അപകടത്തിലാവുമെന്ന കാര്യം മറക്കരുത്.
നിസ്സാരമല്ല ഈ രണ്ടു രോഗങ്ങൾ
രാജ്യത്തെ കാർഷികമേഖലക്ക് പ്രതിവർഷം 20,000 കോടിയോളം സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന വൈറസ് രോഗമാണ് കുളമ്പുരോഗം. രോഗം ബാധിച്ച കന്നുകാലികളിൽ നിന്ന് മറ്റ് കന്നുകാലികളിലേക്ക് നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെ വേഗത്തിൽ വൈറസ് പകരും. രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്നും വായുവിലൂടെ 60 കിലോമീറ്റർ വരെ ദൂരത്തേക്ക് വ്യാപിക്കാൻ വൈറസിന് ശേഷിയുണ്ട്.
രോഗബാധയേറ്റ പശുക്കളുടെ വായ് പിളർന്ന് നാവും മോണയും പരിശോധിച്ചാൽ പുറംതൊലി പല ഭാഗങ്ങളിലായി അടർന്ന് മുറിവായതായി കാണാം. വലിയ പശുക്കളില്‍ മരണനിരക്ക് കുറവാണെങ്കിലും രോഗലക്ഷണങ്ങള്‍ തീവ്രമായി പ്രകടമാവും. കറവപ്പശുക്കളുടെ പാലുൽപാദനം ഗണ്യമായി കുറയുമെന്ന് മാത്രമല്ല, മതിയായ ചികിത്സ നൽകിയില്ലെങ്കിൽ അനുബന്ധ അണുബാധകൾ പിടിപെട്ട് രോഗം ഗുരുതരമാവാനും ഗർഭിണിപ്പശുക്കളുടെ ഗർഭമലസാനും ചാകാനും ഇടയുണ്ട്. രോഗത്തിൽ നിന്ന് രക്ഷപ്പെട്ട പശുക്കൾക്ക് പഴയ ഉൽപാദനമികവും പ്രത്യുൽപാദനക്ഷമതയും വീണ്ടെടുക്കാൻ കഴിയാറില്ല. രോഗാണു ഹൃദയപേശിയെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ പശു, എരുമ കിടാക്കളില്‍ മരണനിരക്ക് ഉയര്‍ന്നതാണ്.
ചർമമുഴരോഗം അഥവാ ലംപി സ്കിൻ ഡിസീസ് എന്ന കന്നുകാലിരോഗം കാരണമുണ്ടായ കെടുതികൾ കഴിഞ്ഞ അഞ്ചുവർഷമായി രാജ്യത്തെ പാലുൽപാദനമേഖല നേരിട്ടുകൊണ്ടിരിക്കുകയാണ്. ലംപി സ്കിൻ രോഗത്തിന് കാരണവും വൈറസുകൾ തന്നെയാണ്. വൈറസുകളെ കന്നുകാലികളിലേക്ക് പടര്‍ത്തുന്നത് പ്രധാനമായും കടിയീച്ച, ചെള്ള്, കൊതുക് തുടങ്ങിയ രക്തമൂറ്റുന്ന ബാഹ്യപരാദങ്ങളാണ്. രോഗബാധയേറ്റ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പകരും. രോഗം മൂലം പശുക്കളുടെ ത്വക്കിൽ മുഴകളും വ്രണങ്ങളുമുണ്ടാവുകയും ആരോഗ്യവും ഉൽപാദനവും ക്ഷയിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.