ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ തച്ചണ്ണയിലും നൂറുമേനി
text_fieldsഊർങ്ങാട്ടിരി: കോവിഡ് മൂലം പ്രവാസജീവിതം ഉപേക്ഷിച്ച് ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ വിസ്മയം തീർക്കുകയാണ് ഊർങ്ങാട്ടിരി തച്ചണ്ണ ഒറ്റക്കത്ത് ലത്തീഫ് ഹാജി. തന്‍റെ തോട്ടത്തിൽ വിദേശപഴമായ ഡ്രാഗൺ ഫ്രൂട്ട് വിളയിച്ചാണ് ഇദ്ദേഹം മാതൃകയായത്. ഉപേക്ഷിച്ച നിലയിൽ കിടന്ന തച്ചണ്ണ നെടുമ്പാറയിലെ കല്ലുവെട്ടി കുഴിയിലാണ് കൃഷി ചെയ്തത്. അര ഏക്കർ ഭൂമിയിൽ പ്രത്യേകം തയാറാക്കിയ 150 കാലുകളിലായി 620 ഡ്രാഗൺ ചെടികളാണ് കൃഷി ചെയ്തത്.
രണ്ടുവർഷം മുമ്പാണ് പ്രവാസിയായ ഇദ്ദേഹം നാട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് കോവിഡ് മൂലം തിരിച്ചുപോകാൻ കഴിഞ്ഞില്ല. ഇതോടെയാണ് കൃഷിയിലേക്ക് തിരിഞ്ഞത്. കഠിനാധ്വാനം നടത്തിയാണ് നെടുമ്പാറയിൽ കല്ലുവെട്ടി കൂടി കൃഷിഭൂമിയാക്കി ഡ്രാഗൺ ഫ്രൂട്ട് തോട്ടമാക്കി മാറ്റിയത്. തച്ചണ്ണ സ്വദേശി അസീസും കൃഷി ഇങ്ങനെ എത്തിയതിന് പിന്നിൽ പ്രവർത്തിച്ചു. ഇരുവരും നന്നായി പരിപാലിച്ചതോടെയാണ് ഒന്നര വർഷം കൊണ്ട് കായ്ക്കുമെന്ന് പറഞ്ഞ അമേരിക്കൻ ബ്യൂട്ടി വിഭാഗത്തിൽപെട്ട റോസ് നിറമുള്ള ഡ്രാഗൺ ഫ്രൂട്ട് എട്ടുമാസം കൊണ്ട് വിളിയിക്കാൻ സാധിച്ചത്.
നമ്മുടെ നാട്ടിലെ കൃഷിയിടങ്ങളിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യാൻ ഏറെ വെല്ലുവിളികൾ ഉണ്ടെങ്കിലും മികച്ച പരിപാലനവും വെള്ളവും ചൂടും ലഭിച്ചാൽ വളരെ പെട്ടെന്നുതന്നെ ഏതുവീട്ടിലും കൃഷി ചെയ്യാമെന്ന് ലത്തീഫ് ഹാജി 'മാധ്യമ'ത്തോട് പറഞ്ഞു. പൂർണമായി ജൈവവളം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. ഡ്രാഗൺ ഫ്രൂട്ടിന് പുറമെ ചെറിയ മരത്തിൽ കായ്ച്ചുനിൽക്കുന്ന മാമ്പഴം, റംബൂട്ടാൻ ഉൾപ്പെടെ മറ്റു കൃഷികളും തോട്ടത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.