കൃഷി സമൃദ്ധമാക്കാൻ ഡ്രിപ് ഇറിഗേഷൻ
text_fieldsദോഹ: രാജ്യത്തെ പ്രാദേശിക കാർഷിക ഫാമുകളിലേക്ക് ഡ്രിപ് ഇറിഗേഷൻ സംവിധാനങ്ങൾ ലഭ്യമാക്കി മുനിസിപ്പാലിറ്റി മന്ത്രാലയം. വെള്ളവും പോഷകങ്ങളും നേരിട്ട് ചെടിയുടെ വേരുകളിലേക്ക് കൃത്യമായ അളവിൽ യഥാർഥ സമയങ്ങളിൽ എത്തിക്കുന്ന ഡ്രിപ് ഇറിഗേഷൻ സംവിധാനം ഖത്തറിലെ നാനൂറോളം വരുന്ന ഫാമുകളിലേക്കാണ് നൽകിയത്. ഓരോ ചെടിക്കും ആവശ്യമുള്ള സമയം കൃത്യമായ അളവിൽ ജലം എത്തിക്കുന്ന സംവിധാനമാണ് ഡ്രിപ് ഇറിഗേഷൻ സംവിധാനം.
നൂതന സാങ്കേതികവിദ്യയും വിഭവങ്ങളുടെ കാര്യക്ഷമമായ സംവിധാനവും ഉപയോഗിച്ച് ഉൽപാദനം വർധിപ്പിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമാണ് ഇത്. 400 ഫാമുകളാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു ഫാമിന് 10 എന്ന നിലയിലാണ് ഇവയുടെ വിതരണം -മന്ത്രാലയത്തിലെ കാർഷിക കാര്യ വകുപ്പ് മേധാവി യൂസുഫ് അൽ ഖുലൈഫി പറഞ്ഞു.
2022 ആഗസ്റ്റിൽ ആരംഭിച്ച പദ്ധതി അടുത്ത വർഷത്തോടെ പൂർത്തിയാക്കുമെന്നും ആധുനിക കാർഷികരീതികളിലൊന്നായി ഗ്രീൻ ഹൗസ് ഫാമുകളെ പിന്തുണക്കുന്നതിനും ജലസേചന വിളകളിലെ ജല ഉപഭോഗം യുക്തിസഹമാക്കുന്നതിനും കാർഷിക വകുപ്പ് പ്രവർത്തിച്ച് വരികയാണെന്നും അൽ ഖുലൈഫി പറഞ്ഞു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഖത്തറിന്റെ കാർഷിക മേഖലയുടെ നേട്ടം പ്രകടമാക്കി മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കാർഷികമേഖലയിൽ ജലത്തിന്റെ യുക്തിസഹമായ ഉപയോഗം കാര്യക്ഷമമാക്കുന്നതിൽ വകുപ്പ് പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും, ഇതിനായി കർഷകരിൽ ബോധവത്കരണ പരിപാടികൾ നടപ്പാക്കുകയും ജലസേചനത്തിൽ ആധുനിക രീതികൾ ഉപയോഗിക്കുന്നതിന് പരിശീലനം നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പരമ്പരാഗത ജലസേചന രീതികളിലൂടെ കൃഷിക്കായി ഉപയോഗിക്കുന്ന ജലത്തിന്റെ 50-60 ശതമാനം പാഴായിപ്പോകുകയാണെന്നും, ഇത് ഭൂഗർഭ ജലശേഖരത്തെ ബാധിക്കുമെന്നും അൽ ഖുലൈഫി വ്യക്തമാക്കി. ആധുനിക ജലസേചന രീതികളിലൂടെ ജല ഉപഭോഗം 70 ശതമാനമാക്കി കുറക്കാൻ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. എല്ലാ വർഷവും ഒക്ടോബർ 16നാണ് ലോക ഭക്ഷ്യദിനം ആചരിച്ച് വരുന്നത്. ജലം ജീവനാണ്, വെള്ളമാണ് ഭക്ഷണം, ആരെയും പിറകിലാക്കരുത് എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ഭക്ഷ്യദിനം ആചരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.