കീടനാശിനി തളിക്കാൻ ഇനി ഡ്രോണുകൾ
text_fieldsകോട്ടയം: ആധുനിക യന്ത്രങ്ങൾ ഉപയോഗപ്പെടുത്തിയുള്ള കൃഷിരീതി ജില്ലയിലെ കാർഷിക പുരോഗതിക്ക് ആക്കംകൂട്ടുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിെൻറ ആഭിമുഖ്യത്തിൽ കുമരകം കൊല്ലംകരി പാടശേഖരത്ത് നടന്ന കാർഷിക ഡ്രോണുകളുടെ പ്രദർശന, പ്രവൃത്തിപരിചയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേന്ദ്ര- സംസ്ഥാന സർക്കാറുകൾ സംയുക്തമായി നടപ്പാക്കുന്ന സ്മാം പദ്ധതി വഴിയാണ് കാർഷിക മേഖലയിൽ വിവിധ ആവശ്യങ്ങൾക്കായി ഡ്രോണുകൾ ഉപയോഗപ്പെടുത്തുന്നത്. കൃഷിയിടങ്ങളിൽ സൂക്ഷ്മ മൂലകങ്ങൾ, ജൈവ കീടനാശിനി തുടങ്ങിയവ തളിക്കാനും നെൽച്ചെടികളുടെ രോഗബാധ എളുപ്പത്തിൽ കണ്ടെത്താനും ഇത്തരത്തിൽ രോഗബാധയുള്ള നെൽച്ചെടികൾക്ക് ഫലപ്രദമായി കീടനാശിനികൾ തളിക്കാനും ഡ്രോണുകൾ സഹായകമാകും.
കീടശാനികളുടെ അമിത ഉപയോഗം ഒഴിവാക്കാനും തൊഴിലാളികളുടെ ലഭ്യതക്കുറവ് പരിഹരിക്കാനും ഇതുമൂലം സാധിക്കും. കൃത്യമായി ഒരേ അളവിൽ എല്ലായിടത്തും തളിക്കാനാകുന്നതിനാൽ കീടനാശിനികളുടെ പാഴ്ച്ചെലവ് കുറക്കാനും കർഷകർ നേരിട്ട് കീടനാശിനികൾ ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനുമാകും. സ്മാം പദ്ധതി വഴി കർഷകർക്കും ഗ്രൂപ്പുകൾക്കും ഡ്രോണുകൾ സബ്സിഡി ഇനത്തിൽ വാങ്ങാൻ സാധിക്കും. കുമരകം പഞ്ചായത്ത് അംഗം വി.എസ്. അനീഷ് അധ്യക്ഷത വഹിച്ചു. ആലപ്പുഴ കൃഷി എക്സിക്യൂട്ടിവ് എൻജിനീയർ സി.കെ. രാജ്മോഹൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത ലാലു, പ്രിൻസിപ്പൽ കൃഷി ഓഫിസർ ഗീത വർഗീസ്, കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടർ ജി. ജയലക്ഷ്മി, ഡോ. ഷീബ റെബേക്ക ഐസക്, പ്രീത പോൾ, ബി. സുനാൽ, ടി. സുമേഷ് കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.