സീസണാണ്, പക്ഷെ ചക്കയില്ല..
text_fieldsചാരുംമൂട്: പഴുത്തുവീണ് പറമ്പ് വൃത്തികേടാകാതിരിക്കാൻ ചക്ക ആരെങ്കിലും ഒന്നു കൊണ്ടുപോയ്ത്തരുമോ എന്ന് പറഞ്ഞവരൊക്കെ ഇന്ന് ദുഃഖത്തിലാണ്. തമിഴ്നാട്ടിൽനിന്ന് എത്തുന്നവർക്ക് ചക്ക വെറുതേ നൽകിയിരുന്നു അന്ന്. പറമ്പുകളിൽനിന്ന് ഒഴിവാക്കാൻ ചക്കയിട്ടു കൊണ്ടുപോകുന്നവർക്ക് തേങ്ങ സൗജന്യമായി നൽകുമെന്ന ബോർഡും സ്ഥാപിച്ച് ചിലയിടങ്ങളിൽ.
ഇന്ന് സ്ഥിതിയാകെ മാറി. ചക്ക കിട്ടാനില്ല, അഥവ വാങ്ങണമെങ്കിൽ നല്ല വിലയും നൽകണം. ജനുവരി മാസമാകുമ്പോൾ ആവശ്യത്തിന് ചക്ക ലഭിച്ചിരുന്നിടത്ത് ഫെബ്രുവരിയായിട്ടും ചക്കയില്ല. നാട്ടിൻപുറങ്ങളിലെങ്ങും പ്ലാവുകൾ വേണ്ടത്ര കായ്ച്ചിട്ടുപോലുമില്ല. ലോക്ഡൗൺ കാലത്താണ് മലയാളിയുടെ ദൈനംദിന ഭക്ഷണക്രമങ്ങളിലേക്ക് ചക്ക തിരികെ എത്തിയതും രാജകീയപദവി അലങ്കരിച്ചതും. തീന്മേശയില് സമൃദ്ധമായിരുന്ന ചക്കവിഭവങ്ങള്‍ പാടേ കുറഞ്ഞിരിക്കുന്നു. ചക്കപ്പുഴുക്ക്, ഇടിച്ചക്കത്തോരന്‍, ചക്ക എരിശ്ശേരി, ചക്കത്തോരന്‍, ചക്കക്കുരു മെഴുക്കുപുരട്ടി തുടങ്ങി ചക്കപ്പായസം വരെ വിഭവങ്ങള്‍ക്കാണ് ചക്ക ക്ഷാമം തിരശീല വീഴ്ത്തിയത്.
കഴിഞ്ഞവർഷത്തെ പോലെ സുലഭമല്ല ഇക്കുറി. ഉൽപാദനം കുറഞ്ഞതാണ് പ്രശ്നമായത്. കാലവസ്ഥയിലുണ്ടായ വ്യതിയാനമാണ് കാരണം. സാധാരണ ഒക്ടോബർ നവംബർ മാസം മുതലാണ് പ്ലാവ് പൂക്കുന്നത്. എന്നാൽ, ഇത്തവണ ഡിസംബർ പകുതി കഴിഞ്ഞാണ് പൂവിട്ടത്. പ്ലാവുകളിൽ വൻതോതിൽ കായ്ച്ചുകിടക്കുന്ന ചക്കയുടെ കൂട്ടം ഇപ്പോൾ അപൂർവമായേ കാണാനുള്ളു. ഓരോ സീസണിലും ടൗൺ കണക്കിന് ചക്കയാണ് ചാരുംമൂട് മേഖലയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റിപ്പോയിരുന്നത്. മുൻ വർഷങ്ങളിൽ വൻതോതിൽ താമരക്കുളം ഉൾപ്പെടെ ചന്തകളിൽ ചക്ക എത്തുമായിരുന്നു.
ചക്കയുടെ ഔഷധഗുണവും പ്രതിരോധ ശേഷിയും തിരിച്ചറിഞ്ഞതോടെയാണ് ആഗോളതലത്തിൽ ചക്കക്ക് നല്ലകാലമായത്. ചക്കയിൽനിന്ന് കൂടുതൽ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിൽ എത്തിയതും ഡിമാൻഡ് വർധിക്കാൻ കാരണമായി. പരിമിതമായി മാർക്കറ്റിലെത്തുന്ന ചക്കക്ക് ചാരുംമൂട് മേഖലയിലെ ചന്തകളിൽ 300 രൂപ മുതൽ 400രൂപ വരെയാണ് വില. ഒരുമാസം മുമ്പുവരെ ചക്കക്ക് 700 രൂപ വരെയായിരുന്നു വില. ചക്ക മുറിച്ച് കഷണങ്ങളാക്കി കച്ചവടം നടത്തുന്നവരുണ്ട്. ഒരുകിലോ ചക്കക്ക് 40 രൂപ മുതൽ 60രൂപ വരെ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.