കാർഷിക മേഖലക്ക് കനത്ത പ്രഹരം
text_fieldsപാലക്കാട്: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അതിശക്ത മഴയിലും വെള്ളപ്പൊക്കത്തിലും കാർഷിക മേഖലക്ക് കനത്ത നാശനഷ്ടം. ജില്ലയിൽ 636.13 ഹെക്ടർ കൃഷിയിടങ്ങൾ നശിച്ചതായി കൃഷിവകുപ്പ് അറിയിച്ചു. വെള്ളപ്പൊക്കത്തിൽ 177.4 ഹെക്ടറും, അതിശക്ത മഴയിൽ 458.73 ഹെക്ടറുമാണ് നശിച്ചത്. ജൂലൈ 30 മുതൽ തിങ്കളാഴ്ച വരെ ലഭിച്ച വിവരശേഖരണപ്രകാരം രണ്ടു വിഭാഗങ്ങളിലുമായി 1016.60 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു. 1718 കർഷകരുടെ കൃഷിയാണ് നശിച്ചത്. 429 ഹെക്ടറിൽ നെൽകൃഷിക്ക് മാത്രം നാശനഷ്ടമുണ്ടായി. 45, 000 നേന്ത്രവാഴയും, 1000 ഓളം റബറും നശിച്ചു.
12 ഹെക്ടറിൽ പച്ചക്കറിയും, 94 ഹെക്ടറിൽ മരച്ചീനിയും നശിച്ചു. പുഴയോരങ്ങളുടെയും, തോടുകൾക്ക് വശങ്ങളിലുമുള്ള വയലുകളിലാണ് കൂടുതൽ ദിവസം വെള്ളം കെട്ടിനിന്നത്. ഇതോടെ വരമ്പുകൾക്കും, നെൽച്ചെടികൾക്കും കാര്യമായ നാശനഷ്ടമുണ്ടായി. ഒരാഴ്ചയോളം വയലുകളിൽ വെള്ളം കെട്ടിനിന്നതോടെ നെൽച്ചെടികൾ അഴുകി തുടങ്ങി. ചിലയിടത്ത് നെൽച്ചെടികൾ ഒഴുകി പോയി. ശക്തമായ വെള്ളപ്പാച്ചിൽ ഉണ്ടായിടത്ത് വരമ്പുകളും പൊട്ടി കുത്തിയൊലിച്ചുപോയി. ദിവസങ്ങളോളം വെള്ളം കെട്ടിനിന്ന വയലുകളിൽ മഴ ശമിച്ചതോടെ വെള്ളം ഇറങ്ങിതുടങ്ങി. ഇതോടെയാണ് നഷ്ടത്തിന്റെ തോത് കർഷകർക്ക് അറിയാൻ തുടങ്ങിയത്. എങ്ങനെ പൂർവസ്ഥിതിയിലാക്കുമെന്ന ആശങ്കയിലാണ് കർഷകർ.
നഷ്ടത്തിന്റെ തോത് കണക്കാക്കി നഷ്ടപരിഹാര തുക ലഭിക്കുമ്പോഴേക്കും മാസങ്ങൾ കഴിയും. കുത്തിയൊലിച്ചുപോയ വരമ്പുകൾ പൂർവസ്ഥിതിയാലാക്കിയില്ലെങ്കിൽ വള പ്രയോഗം നടത്താൻ കഴിയില്ല. ഇതിന് പണം എവിടെനിന്ന് കണ്ടെത്തുമെന്ന ആശങ്കയിലാണ് കർഷകർ. മിക്ക പാടശേഖരങ്ങളിലും കീടശല്ല്യവും ഉള്ളതായി കർഷകർ പറയുന്നു. മുഞ്ഞരോഗം ബാധിച്ച് നെൽച്ചെടികളുടെ ഓല കരിച്ചൽ വ്യാപകമായി കണ്ടുതുടങ്ങി. രോഗം ബാധിച്ച വയലിൽ നിന്നും മറ്റുള്ള പാടങ്ങളിലേക്കു വെള്ളത്തിലൂടെയാണ് രോഗം പടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.