പച്ചക്കറി കൃഷിയിൽ പവർഫുൾ മഞ്ജു: ലോക്ഡൗൺ കാലത്ത് വിളവെടുത്തത് 50 ലക്ഷത്തിെൻറ പച്ചക്കറി
text_fieldsകട്ടപ്പന: പച്ചക്കറി കൃഷിയിലും തൈവിപണനത്തിലും വ്യത്യസ്തമായി പ്രവർത്തിക്കുകയാണ് കട്ടപ്പന വലിയതോവാള ഉള്ളാട്ട് മാത്യുവിന്റെ ഭാര്യ വീട്ടമ്മയായ മഞ്ജു (35). പച്ചക്കറി ഉൽപാദിപ്പിച്ചും നഴ്സറി തൈകൾ വിപണനം ചെയ്തും ഈ യുവ കർഷക ചുരുങ്ങിയ കാലത്തിൽ സംസ്ഥാന കൃഷിവകുപ്പിന്റെ അംഗീകാരവും നേടി. 2016ൽ സംസ്ഥാനത്തെ മികച്ച യുവകർഷകക്കുള്ള അവാർഡ് മഞ്ജുവിനായിരുന്നു. കൃഷി വകുപ്പിന്റെ ആത്മ അവാർഡും കുടുംബശ്രീയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
രണ്ടുവർഷത്തെ ലോക്ഡൗൺ കാലത്ത് മാത്രം മഞ്ജു 50 ലക്ഷത്തിന്റെ പച്ചക്കറി വിറ്റഴിച്ചു. കുടിവെള്ളംപോലും ലഭ്യമല്ലാതിരുന്ന അഞ്ചുമുക്കിൽ കുടുംബസ്വത്തായി ലഭിച്ച മൂന്നേക്കർ സ്ഥലത്തും പാട്ടത്തിനെടുത്ത രണ്ടര ഏക്കറിലും വിശ്രമമറിയാതെ അധ്വാനിച്ചാണ് യുവതി നേട്ടങ്ങൾ കൊയ്തത്. വീട്ടിൽ സ്വന്തമായി നിർമിച്ച നഴ്സറിയിലാണ് വിവിധതരം പച്ചക്കറി തൈകൾ ഉൽപാദിപ്പിക്കുന്നത്. പഞ്ചായത്തുകൾ വഴിയും കൃഷിവകുപ്പ് വഴിയുമാണ് വിപണനം.
കുരുമുളക്, വാഴ, ചേന, മരച്ചീനി തുടങ്ങിയവക്കൊപ്പം മഴമറ നിർമിച്ച് പയർ, പാവൽ, പച്ചമുളക്, കോളിഫ്ലവർ, ബ്രോക്കോളി, മാലിമുളക്, ബജി മുളക്, കാപ്സിക്കം, വഴുതന, കോവൽ, കത്രിക്ക, പടവലം തുടങ്ങിയ പച്ചക്കറികളും കൃഷിചെയ്യുന്നു. പശു, ആട്, കോഴി എന്നിവയെയും വളർത്തുന്നു. പച്ചക്കറികൾ, കച്ചവടക്കാർ കൃഷിസ്ഥലത്തുനിന്ന് നേരിട്ട് വാങ്ങിക്കൊണ്ടുപോകുകയാണ്. മത്സ്യകൃഷിക്കായി രണ്ട് വലിയ പടുത കുളങ്ങൾ നിർമിച്ചിട്ടുണ്ട്.
ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് കുഴൽക്കിണറും പടുത കുളവും നിർമിച്ചാണ് കൃഷിക്ക് ജലസേചന സ്വകര്യം ഒരുക്കിയത്. ജൈവ കൃഷി രീതിയാണ് അവലംബിക്കുന്നത്. ജൈവ വളങ്ങൾ ഉൽപാദിപ്പിച്ച് വിൽക്കുന്നുണ്ട്. ഭർത്താവ് മാത്യുവും വിദ്യാർഥികളായ മക്കൾ അഞ്ചിത്, അഞ്ജു, ആൽബിൻ എന്നിവരും സഹായത്തിന് സന്നദ്ധരാണ്. 2020-21ൽ സംസ്ഥാനത്തെ മികച്ച കർഷക സ്കൂൾ വിദ്യാർഥിക്കുള്ള അവാർഡ് മകൾ അഞ്ജുവിന് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.