പ്രതിസന്ധിയിൽ എരിഞ്ഞ് 'എടയൂർ മുളക്' കർഷകർ
text_fieldsവളാഞ്ചേരി: കാലവർഷം കനത്തതും വിലയിടിവും കോവിഡും കാരണം എടയൂർ മുളക് കർഷകർ പ്രതിസന്ധിയിൽ. 350 മുതൽ 450 രൂപ വരെ ലഭിച്ചിരുന്ന മുളകിന് ഇപ്പോൾ 100 രൂപ പോലും ലഭിക്കുന്നില്ല. എരിവ് കുറവുള്ള ഈ മുളക് പ്രധാനമായും കൊണ്ടാട്ടം ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. 10 സെൻറിമീറ്ററോളം നീളം വരുന്ന മുളക് കത്തികൊണ്ട് കീറി ആവശ്യത്തിന് ഉപ്പ് കയറ്റി വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഊണിനൊപ്പം ഉപയോഗിക്കുന്നതിനാൽ ഇതിന് ആവശ്യക്കാർ ഏറെയായിരുന്നു. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകൾ എടയൂർ മുളകിെൻറ പ്രധാന വിപണന കേന്ദ്രങ്ങളാണ്.
മുളക് ഉണക്കി കൊണ്ടാട്ടമാക്കി പാക്കറ്റുകളാക്കി വിൽക്കുന്നവരും സജീവമാണ്. വിവിധ സ്ഥലങ്ങളിൽ എത്തിച്ചുള്ള വിൽപന കോവിഡ് കാരണം പ്രതിസന്ധിയിലായിരുന്നു. അതിനിെടയാണ് ന്യൂനമർദം കാരണം കാലവർഷം കനത്തത്. ഉണക്കാൻ സംവിധാനമില്ലാത്തതിനാൽ മുളകിെൻറ ആവശ്യകത കുറഞ്ഞതും കർഷകർക്ക് ഇരുട്ടടിയായി.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം, ആതവനാട് ഉൾപ്പെടെയുള്ള ഗ്രാമപഞ്ചായത്തുകളിലും എടയൂരിന് സമീപ പഞ്ചായത്തുകളായ മൂർക്കനാട്, കുറുവ എന്നിവിടങ്ങളിലുമാണ് എടയൂർ മുളക് പ്രധാനമായും കൃഷി ചെയ്യുന്നത്. എടയൂർ ഗ്രാമപഞ്ചായത്തിൽ മാത്രം വടക്കുംപുറം, എടയൂർ, പൂക്കാട്ടിരി, അത്തിപ്പറ്റ തുടങ്ങിയ പ്രദേശങ്ങളിലായി 35 ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്.
മേയ് മാസം വിത്ത് പാകി തൈ മുളപ്പിച്ച ശേഷം പറിച്ചുനട്ടാണ് കൃഷി ചെയ്യുന്നത്. കൃഷിഭവെൻറ സഹകരണത്തോടെ കർഷകരെ ഉൾപ്പെടുത്തി എടയൂർ ചില്ലി ഗ്രോവേഴ്സ് അസോസിയേഷൻ എന്ന കൂട്ടായ്മയും രൂപവത്കരിച്ചിട്ടുണ്ട്. കൃഷി വകുപ്പ് വിപണി വിലയേക്കാൾ കൂടുതൽ തുക നൽകി ഓണക്കാലത്ത് കർഷകരിൽനിന്ന് ശേഖരിച്ചിരുന്നത് ആശ്വാസമായിരുന്നു. മുളക് ശേഖരിച്ച് പഞ്ചായത്തുതലങ്ങളിൽ വിൽപന കേന്ദ്രങ്ങൾ ആരംഭിച്ചാൽ ആശ്വാസമാകുമെന്ന് കർഷകർ പറയുന്നു.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിെൻറ ഭൗമസൂചിക പദവി എടയൂർ മുളകിനും ലഭ്യമാക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മുളക് സംസ്കരണത്തിന് സംവിധാനം ആരംഭിച്ചാൽ കൊണ്ടാട്ടമാക്കി കയറ്റി അയക്കാനും സാധിക്കുമെന്ന് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.