എടയൂർ മുളകിനും കുറ്റ്യാട്ടൂർ മാങ്ങക്കും ഭൗമ സൂചിക പദവി
text_fieldsതൃശൂർ: കേരള കാർഷിക സർവകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെല്ലിൻറെ നേതൃത്വത്തിൽ എടയൂർ മുളകിനും കുറ്റ്യാട്ടൂർ മാങ്ങക്കും ഭൗമ സൂചിക പദവി ലഭിച്ചു. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിെൻറ സഹായത്തോടെ കാര്‍ഷിക സർവകലാശാല, എടയൂർ മുളക്, കുറ്റ്യാട്ടൂർ മാങ്ങ എന്നിവ കൃഷി ചെയ്യുന്ന കർഷകർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഭൗമസൂചിക പദവി നേടാന്‍ സഹായകരമായത്. മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ, കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്ര ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പദവി ലഭിച്ചത്.
എടയൂർ ചില്ലി ഗ്രോവേഴ്സ് അസോസിയേഷൻ എടയൂർ, കുറ്റ്യാട്ടൂർ മാങ്ങ പ്രൊഡ്യൂസർ സൊസൈറ്റി കുറ്റ്യാട്ടൂർ എന്നിവർ യഥാക്രമം എടയൂർ മുളക്, കുറ്റ്യാട്ടൂർ മാങ്ങ എന്നിവയുടെ രജിസ്റ്റർ ചെയ്ത ഉടമകളാണ്.
ജൈവ വൈവിധ്യത്തിന്റെ ഒരു ആസ്ഥാനമായതിനാലും നൂറ്റാണ്ടുകളായി കർഷകര്‍ നിലനിർത്തി വരുന്നതിനാലും കേരളത്തിെൻറ തനതായ ധാരാളം കാർഷിക ഉല്പന്നങ്ങളുണ്ടെന്ന് സംസ്ഥാന കാർഷിക വികസന ക്ഷേമവകുപ്പ് മന്ത്രി പ്രസാദ് അഭിപ്രായപ്പെട്ടു. ഭൗമ സൂചിക രജിസ്ട്രേഷന്‍ ലഭിക്കുവാന്‍ കാർഷിക സർവകലാശാല ശാസ്ത്രജ്ഞരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കർഷകരും നടത്തിയ കൂട്ടായ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഭൗമ സൂചിക രജിസ്ട്രേഷന്‍ ലഭിക്കുന്നത് നമ്മുടെ നാടന്‍ ഉല്പന്നങ്ങള്ക്ക് ദേശത്തും വിദേശത്തും സ്വന്തമായ ഒരു സ്ഥാനം നേടുവാന്‍ സഹായകരമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
മലപ്പുറം ജില്ലയിലെ വളാഞ്ചേരി ബ്ലോക്കിലെ, എടയൂർ, ആതവനാട്, മരക്കര, ഇരിമ്പിലിയം, കൽപകഞ്ചേരി, വളാഞ്ചേരി പഞ്ചായത്തുകളിലെ വളാഞ്ചേരി, അങ്ങാടിപ്പുറം ബ്ലോക്കിലെ മൂർക്കനാട്, കുറുവ പഞ്ചായത്തുകളിലുമുള്ള ഒരു പ്രാദേശിക കൃഷിയാണ് എടയൂർ മുളക്. കഴിഞ്ഞ 150 വർഷമായി എടയൂരിൽ നിന്ന് സമീപത്തെ ചന്തകളിലേക്കും ജില്ലകളിലേക്കും നൽകി വരുന്നു. ഈ പ്രദേശത്തെ ജനങ്ങൾ കൊണ്ടാട്ട മുളക് ഭക്ഷണത്തിെൻറ അവിഭാജ്യ ഘടകമായി ഉപയോഗിക്കുകയും ചെയ്യുന്നു . കൃഷിസ്ഥലത്തിന്റെ പാരിസ്ഥിതിക പ്രത്യേകത, മണ്ണിന്റെ സവിശേഷത, പരമ്പരാഗത കൃഷിരീതികൾ എന്നിവയാണ് എടയൂർ മുളകിെൻറ രുചിക്കും മണത്തിനും കാരണം.
വടക്കൻ കേരളത്തിലെ കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പഞ്ചായത്തിലെയും സമീപ ഗ്രാമപഞ്ചായത്തുകളുടെയും പ്രശസ്തവും രുചികരവുമായ പരമ്പരാഗത മാമ്പഴ കൃഷിയാണ് കുറ്റ്യാട്ടൂർ മാങ്ങ. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ കുറ്റ്യാട്ടൂർ സന്ദർശിക്കുന്ന ഏതൊരാൾക്കും ഈ മാമ്പഴത്തിെൻറ സ്വാദ് രുചിച്ചറിയാവുന്നതാണ് . 'മാമ്പഴഗ്രാമം ' എന്ന് കണ്ണൂരിലെ കുറ്റ്യാട്ടൂരിനെ വിളിക്കുന്നത് അതിശയോക്തിയാകില്ല.
കണ്ണൂർ ജില്ലയിലെ പല ഭാഗങ്ങളിലും ഇത് 'നമ്പ്യാർ മാങ്ങ', 'കണ്ണപുരം മാങ്ങ', 'കുഞ്ഞിമംഗലം മാങ്ങ', 'വടക്കുംഭാഗം മാങ്ങ' എന്നീ പേരുകളിലും അറിയപ്പെടുന്നു. ആകർഷകമായ മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിലുള്ള ഈ മാങ്ങ മികച്ച രുചിക്കും മണത്തിനും പ്രസിദ്ധമാണ്. ഇനത്തിെൻറ പ്രത്യേകതയും പാരിസ്ഥിതിക സാഹചര്യങ്ങളും ചേർന്ന് കുറ്റ്യാട്ടൂർ മാങ്ങയ്ക്ക് മികച്ച ഗുണഗണങ്ങൾ ഉറപ്പുവരുത്തുന്നു. ഭൗമ സൂചിക പദവി വരും ദിനങ്ങളിൽ എടയൂർ മുളക്, കുറ്റ്യാട്ടൂർ മാങ്ങ എന്നിവയ്ക്ക് മികച്ച വിപണി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.