രാഷ്ട്രീയവും കൃഷിയും സമന്വയിപ്പിച്ച് ഇ.വി. തിലകൻ
text_fieldsഅരൂർ: സി.പി.ഐ നേതാവ് ഇ.വി. തിലകന് വേറിട്ടതല്ല കൃഷിയും രാഷ്ട്രീയ പ്രവർത്തനവും. അരൂർ ഗ്രാമപഞ്ചായത്ത് 16ാം വാർഡ് മെംബർ കൂടിയായ തിലകന് പച്ചക്കറി കൃഷിയെക്കുറിച്ച് പറഞ്ഞുതുടങ്ങിയാൽ നൂറുനാവാണ്. വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറി എല്ലാവർക്കും ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് സ്വന്തം അനുഭവം മുൻനിർത്തി തിലകൻ വാദിക്കും. വളരെക്കുറച്ച് സ്ഥലമുള്ളവർക്കും കിഴങ്ങുവർഗങ്ങളും വിളയിക്കാനാകും.
മൂന്നുവർഷംകൊണ്ട് കായ്ക്കുന്ന പ്ലാവുകൾ, മാവുകൾ, തെങ്ങുകൾ ഇതെല്ലാം നാട്ടിൽ ലഭ്യമാണ്. കൃഷിചെയ്യാൻ ഇത്തിരി മണ്ണും മനസ്സും മതി. ദിവസത്തിൽ ഒന്നോ രണ്ടോ മണിക്കൂർ ചെലവഴിക്കാൻ തയാറായാൽ മുറ്റത്ത് പൊന്നുവിളയിക്കാൻ കഴിയും. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ പുറത്തുനിന്ന് വാങ്ങിയിട്ട് വർഷങ്ങളായെന്ന് തിലകൻ സാക്ഷ്യപ്പെടുത്തുന്നു.
റേഷൻകട നടത്തുന്ന തിലകൻ സി.പി.ഐ അരൂർ മണ്ഡലം സെക്രട്ടേറിയറ്റ് മെംബറാണ്. എല്ലാ തിരക്കുകൾക്കിടയിലും മണ്ണിൽ പണിയെടുക്കുന്നത് ഒരു സുഖമാണെന്ന് ഇദ്ദേഹം പറയുന്നു. പച്ചക്കറി കൃഷി പ്രചരിപ്പിക്കാനും സമയം കണ്ടെത്തും. വീട്ടിൽ വരുന്നവർക്ക് കാർഷികവിഭവങ്ങൾ നൽകുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.