പ്രതീക്ഷയേറ്റി കുരുമുളക് വില 500 ലേക്ക്
text_fieldsകട്ടപ്പന: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ഡിമാൻഡ് ഉയർന്നതോടെ കേരളത്തിലെ കർഷകർക്ക് പ്രതീക്ഷ നൽകി കുരുമുളക് വില കുത്തനെ ഉയർന്നു.
കർണാടകയിൽ കുരുമുളക് വില കിലോക്ക് 510 ആയപ്പോൾ വയനാട്ടിൽ 500 രൂപയും ഹൈറേഞ്ചിൽ 490 രൂപയിലേക്കും ഉയർന്നു. ഒരുമാസം മുമ്പ് കിലോക്ക് 400 രൂപയായിരുന്ന കുരുമുളക് വിലയാണ് 490ലേക്ക് ഉയർന്നത്. ശരാശരി 90 രൂപയുടെ വർധനയാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഉണ്ടായത്.
നവംബർ ആദ്യവാരം ഉത്തരേന്ത്യക്കാർ ദീപാവലി ആഘോഷിക്കാനിരിക്കെ വരുംദിവസങ്ങളിൽ വില ഇനിയും മെച്ചപ്പെടുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
കുരുമുളക് വിപണിയുടെ ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ കട്ടപ്പന മാർക്കറ്റിൽ ശനിയാഴ്ച കിലോക്ക് 470 മുതൽ 490 രൂപയിലേക്ക് വരെ കുരുമുളക് വില ഉയർന്നു.
കൊച്ചി മാർക്കറ്റിൽ ക്വിൻറലിന് 48,000 രൂപ വരെ വിലയുണ്ടായിരുന്നു. മൂന്നാഴ്ച മുമ്പ് 39,000 രൂപ ഉണ്ടായിരുന്ന വിലയാണ് 48,000 ലേക്ക് ഉയർന്നത്. കഴിഞ്ഞ ശനിയാഴ്ച വില 47,000 രൂപയിലേക്ക് എത്തിയിരുന്നു.
ഈ വർഷം വിയറ്റ്നാമിൽ കുരുമുളക് ഉൽപാദനം കുറയുമെന്ന സൂചനകളും വില ഉയരാൻ സഹായിച്ചിട്ടുണ്ട്.
അന്തർദേശീയ വിപണിയിൽ കുരുമുളക് വില വർധിക്കുമെന്ന സൂചനകളെത്തുടർന്ന് അടുത്ത കാലത്ത് ചൈന വൻതോതിൽ വിയറ്റ്നാം കുരുമുളക് ഇറക്കുമതി നടത്തിയിരുന്നു.
ഇതോടെ വിയറ്റ്നാം കുരുമുളക് വില അന്തർദേശീയ വിപണിയിൽ ക്വിൻറലിന് 4500-5500 ഡോളറിലേക്ക് ഉയർന്നു. ഇന്ത്യൻ കുരുമുളകിന് 5500 മുതൽ 6000 ഡോളർ വരെ വിലയുണ്ട്. പുതിയ കുരുമുളക് വിളവെടുപ്പ്സീസൺ ആരംഭിക്കാൻ രണ്ടുമാസംകൂടിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.