നെല്ല് സംഭരണത്തിൽ വീഴ്ച: ആശങ്കക്ക് അറുതിയില്ലാതെ കർഷകർ
text_fieldsപത്തനംതിട്ട: അപ്പർ കുട്ടനാട്ടിൽ നെല്ല് സംഭരണം കാര്യക്ഷമമാകാത്തത് കർഷകരിൽ ആശങ്ക പടർത്തുന്നു. മിക്ക പാടശേഖരങ്ങളിലും കൊയ്ത്തും സംഭരണവും സാവധാനത്തിലാണ്. മഴ ശക്തമാകുക കൂടി ചെയ്തതോടെ കൊയ്തെടുത്ത നെല്ലിന്റെ സംരക്ഷണം കർഷകർക്കു ബാധ്യതയായി മാറി. ഉൽപാദനച്ചെലവ് അത്യധികം വർധിച്ച ഘട്ടത്തിൽ കൊയ്തെടുത്ത നെല്ലുപോലും മില്ലുകളിലേക്ക് യഥാസമയം എത്തിക്കാനായില്ലെങ്കിൽ നഷ്ടത്തിന്റെ തോത് വർധിക്കും.
വേനൽമഴ തുടങ്ങിയതുമുതൽ നെല്ല് സംഭരണം കാര്യക്ഷമമല്ലെന്ന പരാതി ഉയർന്നിരുന്നു. ആഴ്ചകൾ പിന്നിട്ടിട്ടും കർഷകരുടെ ആശങ്ക പരിഹരിക്കുംവിധം നടപടികളുണ്ടായിട്ടില്ല. പെരിങ്ങര പഞ്ചായത്തിലെ പല പാടശേഖരങ്ങളിലും നെല്ല് കെട്ടിക്കിടക്കുകയാണ്.
വടവടി, പെരുന്തുരുത്തി പാടശേഖരങ്ങളിൽനിന്നും നെല്ല് പൂർണമായി നീങ്ങിയിട്ടില്ല. കോടങ്കേരി പാടത്ത് കൊയ്ത്ത് ആരംഭിച്ചിട്ടേയുള്ളൂ. പേരുച്ചാൽ, മണിക്കത്താടി പാടശേഖരങ്ങളിലും സംഭരണം പൂർത്തിയായിട്ടില്ല. 275 ഏക്കറുള്ള ചാത്തങ്കേരി പാടത്ത് 50 ലോഡിലധികം നെല്ല് സംഭരിക്കാനുണ്ടെന്ന് കർഷകർ പറയുന്നു.
ചാത്തങ്കേരി പാടത്ത് കൂടുതൽ കർഷകരും കൊയ്തെടുത്ത നെല്ല് പാടത്തുതന്നെ കൂട്ടിയിട്ട് മൂടിയിരിക്കുകയാണ്. പാടത്തുനിന്ന് റോഡിലേക്ക് നെല്ല് എത്തിക്കാൻ നേരിട്ടു മാർഗമില്ല. സംഭരണത്തിനുള്ള ലോറി എത്തുമ്പോൾ തലയിൽ ചുമന്ന് വാഹനത്തിലെത്തിക്കുകയാണ് പതിവ്. പെരിങ്ങര പാടത്തോടു ചേർന്ന റോഡരികിൽ പലയിടത്തും നെല്ല് കൂട്ടിയിട്ടിട്ടുണ്ട്.
സിവിൽ സപ്ലൈസ് കോർപറേഷനിലേക്കുള്ള നെല്ല് സംഭരണം സ്വകാര്യ മില്ലുകാരാണ് നടത്തുന്നത്. ഓരോ പാടത്തും സംഭരണത്തിനായി മില്ലുടമകളെ ഉദ്യോഗസ്ഥർ ചുമതലപ്പെടുത്തിയിരിക്കുകയാണ്. മില്ലുകാരുടെ താൽപര്യം അനുസരിച്ചാണ് സംഭരണം. ഇതു പലപ്പോഴും കർഷകരുമായി തർക്കങ്ങൾക്കിടയാക്കുന്നു. തങ്ങളുടെ ശേഷിക്കനുസരിച്ചുള്ള സംഭരണം നടന്നു കഴിഞ്ഞതിനാൽ ഇനി എടുക്കാനാകില്ലെന്ന നിലപാടും ചില മില്ലുടമകൾ സ്വീകരിച്ചതായി പരാതിയുണ്ട്. ഇത്തവണ വിളവു വളരെ കുറവാണ്. മുമ്പ് ഒരേക്കറിൽ 25 മുതൽ 30 ക്വിന്റൽ വരെ നെല്ല് ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ എട്ട് മുതൽ 12 വരെ ക്വിന്റൽ നെല്ലാണ് ലഭിച്ചത്. ഒരു ലോഡിൽ നൂറ് ക്വിന്റൽ നെല്ലാണ് സംഭരിച്ചു നീങ്ങുന്നത്. കൊയ്ത്തിനും ഇത്തവണ അധികച്ചെലവ് ഉണ്ടായി. വേനൽമഴയിൽ പാടത്ത് വെള്ളം നിറഞ്ഞ് ചളി രൂപപ്പെട്ടതാണ് കാരണം. ഒരേക്കർ കൊയ്യാൻ ഇത്തവണ മൂന്നു മുതൽ നാല് മണിക്കൂർ വരെ വേണ്ടിവന്നു. മണിക്കൂറിന് 2000 രൂപയാണ് കൊയ്ത്ത് യന്ത്രത്തിനുള്ള കൂലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.