കർഷക അവാർഡ്: കോട്ടയം ജില്ലക്ക് നേട്ടം
text_fieldsകോട്ടയം: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്‍റെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കോട്ടയത്തിന് മികച്ച നേട്ടം. സംസ്ഥാനതലത്തിൽ നൽകുന്ന അഞ്ച് അവാർഡിൽ മൂന്നും കോട്ടയത്തുനിന്നുള്ള കർഷകർ സ്വന്തമാക്കി. മികച്ച സമ്മിശ്ര കർഷകനുള്ള അവാർഡിന് മുട്ടുചിറ സ്വദേശിനിയായ അരുക്കുഴിയിൽ വിധു രാജീവ് അർഹയായി.
പശുക്കൾക്ക് പുറമെ ആട്, മുട്ടക്കോഴി, താറാവ്, ടർക്കിക്കോഴി, അലങ്കാരപ്പക്ഷികൾ എന്നിവ കൂടാതെ പച്ചക്കറി കൃഷിയും നടത്തിയാണ് വിധു സമ്മിശ്ര കർഷകനുള്ള അവാർഡ് നേടിയത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് സമ്മാനം.പാറത്തോട് സ്വദേശിനിയായ പുത്തൻപുരക്കൽ റിനി നിഷാദാണ് മികച്ച വനിത സംരംഭക. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും ലഭിക്കും.
മികച്ച യുവകർഷകനായി തെരഞ്ഞെടുക്കപ്പെട്ടത് മരങ്ങാട്ടുപിള്ളി സ്വദേശിയായ തെങ്ങുംതോട്ടത്തിൽ മാത്തുക്കുട്ടി ടോമാണ്. കറവപ്പശുക്കൾ, എരുമ, ആട്, പന്നി, മുട്ടക്കോഴി, ബ്രോയിലർ എന്നിവയെ പരിപാലിക്കുന്ന മാത്തുക്കുട്ടി പന്നി, കോഴി എന്നിവയുടെ വിപണനവും നടത്തുന്നുണ്ട്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് ലഭിക്കുക. മന്ത്രി ജെ. ചിഞ്ചുറാണിയാണ് അവാർഡ് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.