കതിരുകൾ പൊന്നണിഞ്ഞില്ല; കണ്ണീരണിഞ്ഞ് കർഷകൻ
text_fieldsകോട്ടക്കൽ: പ്രതീക്ഷയുടെ പുൽനാമ്പുകളുമായി നെൽകൃഷിയാരംഭിച്ച യുവകർഷകൻ കണ്ണീർക്കടലിൽ. എടരിക്കോട് ഒറ്റത്തെങ്ങിന് സമീപം അരേക്കുളം പാടത്ത് ആരംഭിച്ച കൃഷിയാണ് മൂപ്പെത്താതെ നശിച്ചത്. തരിശായി കിടന്ന അഞ്ച് ഏക്കർ ഭൂമിയിലാണ് പുതുപ്പറമ്പിലെ കോഴിക്കോടൻ യാസിർ സുഹൃത്ത് പാലപ്പുറ സൈനുദ്ദീന്റെ സഹായത്തോടെ ഉമ വിത്ത് ഇറക്കിയത്. യാസിറിന്റെ ഭാര്യ ഉമ്മുസൽമയുടെ പേരിലായിരുന്നു കൃഷി. വിളവെടുക്കാൻ പതിനഞ്ച് ദിവസം ബാക്കിനിൽക്കെയാണ് നെൽകതിരുകൾ നശിച്ചു തുടങ്ങിയത്.
ആദ്യം മഞ്ഞ നിറമാണ് കണ്ടുതുടങ്ങിയതെന്ന് യാസിർ പറയുന്നു. പിന്നാലെ എല്ലാ ഭാഗത്തേക്കും വ്യാപിച്ചു. വേരുകൾ ചീഞ്ഞുപോകുന്ന അവസ്ഥയായി. ഇതോടെ എടരിക്കോട് പഞ്ചായത്ത്, കൃഷിഭവൻ അധികൃതരെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥർ വന്ന് പരിശോധിച്ചതോടെയാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ മൂന്നര ലക്ഷം രൂപ ചെലവഴിച്ച കർഷകർ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ്.
കർഷകരുടെ പരാതിയിൽ വാർഡംഗം തയ്യിൽ ഫസലുദ്ധീൻ സ്ഥലം സന്ദർശിച്ചു. കൃഷി മൂലം ഉണ്ടായ സാമ്പത്തിക ബാധ്യതക്ക് പരിഹാരം കാണാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
കേടുവരാത്ത ഭാഗങ്ങൾ തൊഴിലുറപ്പ് പ്രവർത്തകരെ കൊണ്ട് കൊയ്തെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. കഴിഞ്ഞ വർഷം വാളക്കുളം പാടശേഖരത്ത് ‘കൊലവട്ടം’ രോഗം കാരണം നെൽകൃഷി നശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.