ഇസ്രായേലിലെ കൃഷിരീതി മാതൃകയാക്കി കർഷകൻ
text_fieldsമുക്കം: കൃഷിവകുപ്പിന് കീഴിൽ ഇസ്രായേലിൽ പോയി നൂതന കൃഷിരീതി പഠിച്ച യുവകർഷകൻ തന്റെ കൃഷിയിടത്തിൽ മാതൃകാ കൃഷിക്ക് തുടക്കമിട്ടു. കീഴുപറമ്പ് കുനിയിൽ കോലോത്തുംതൊടി അബ്ദുസ്സമദാണ് കാരശ്ശേരി കറുത്തപറമ്പ് മോലിക്കാവിലുള്ള തന്റെ രണ്ടരയേക്കർ സ്ഥലത്ത് നൂതന കൃഷിരീതി ആരംഭിച്ചത്.
തെങ്ങിൻതൈ നടലിന്റെ ഉദ്ഘാടനം കാരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ശാഹിന നിർവഹിച്ചു. ഇസ്രായേലിലെ കൃഷിരീതികൾ പൂർണമായും നടപ്പിലാക്കാൻ കഴിയില്ലെങ്കിലും പഠിച്ചെടുത്ത ചിലതെല്ലാം തന്റെ കൃഷിയിടത്തിലും ഇദ്ദേഹം പരീക്ഷിക്കും.
അത്യുൽപാദന ശേഷിയുള്ള 200 തെങ്ങിൻ തൈകളാണ് കൃഷി ചെയ്യുന്നത്. അതോടൊപ്പം 400 കമുങ്ങ് തൈ, വാഴ, മറ്റു കിഴങ്ങു വർഗങ്ങളും കൃഷി ചെയ്യുന്നുണ്ട്. ശാസ്ത്രീയമായി കുഴിയെടുത്താണ് തെങ്ങിൻതൈ നട്ട് പിടിപ്പിക്കുന്നത്. നിശ്ചിത അകലം പാലിച്ച് ശാസ്ത്രീയ പരിചരണത്തോടെയുള്ള കൃഷിക്ക് മൂന്നു വർഷത്തിനകം കായ്ഫലം ലഭിക്കുമെന്നാണ് സമദിന്റെ പ്രതീക്ഷ. സമ്മിശ്ര കൃഷിയിലൂടെ മെച്ചപ്പെട്ട സമ്പാദ്യമുണ്ടാക്കാമെന്നതും സമദിന്റെ ലക്ഷ്യമാണ്. ഇവിടെയുണ്ടായിരുന്ന 450 റബർ വെട്ടിമാറ്റിയാണ് പുതിയ കൃഷിയിറക്കുന്നത്. പന്നിശല്യം തടയാനായി സോളാർ വേലിയും ജലസേചനത്തിനുള്ള സംവിധാനവും ഒരുക്കിട്ടുണ്ട്. കൃഷി വകുപ്പിന്റെ പരിപൂർണ പിന്തുണയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.