അർബുദത്തെ അതിജീവിച്ച വിജയഗാഥയുമായി കർഷകൻ
text_fieldsകറ്റാനം: കാളവയൽ ആരവങ്ങളുടെ ഗതകാല സ്മൃതികൾ പേറുന്ന ഹമീദ് വാർധക്യത്തിലും കൃഷിയിടത്തിൽ വിജയഗാഥ രചിക്കുന്നു. കാർഷികവൃത്തി ജീവിതവ്രതമാക്കിയതിലൂടെ അർബുദത്തെ തോൽപ്പിച്ച അനുഭവമാണ് കറ്റാനം ഇലിപ്പക്കുളം പുന്നത്തറയിൽ ഹമീദിനുള്ളത്. 74 ാം വയസിലും വാർധക്യ അവശതകൾ വകവെക്കാതെ കൃഷിയിടത്തിൽ നിന്നും നൂറുമേനി വിളവാണ് ഇദ്ദേഹം കൊയ്തെടുക്കുന്നത്. നെല്ല്, മരച്ചീനി, ചേന, ചേമ്പ്, വാഴ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ കൃഷികളിലൂടെ മാതൃക കർഷകനുള്ള പുരസ്കാരങ്ങൾ നിരവധി തവണ ഹമീദ് സ്വന്തമാക്കിയിരുന്നു. 42 കിലോയോളം തൂക്കമുള്ള കാച്ചിൽ, 30 കിലോയോളം തൂക്കമുള്ള ടിഷ്യൂകൾച്ചർ വാഴക്കുല തുടങ്ങി റെക്കോഡ് സൃഷ്ടിച്ച വിളവെടുപ്പുകൾ നടത്തിയിട്ടുണ്ട്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തുമുള്ള സ്ഥലങ്ങളിലുമാണ് കൃഷി. വിമുക്ത ഭടനായ മകൻ അഷറഫിന് ഒപ്പം കഴിഞ്ഞവർഷം കണ്ണനാകുഴി പുഞ്ചയിലെ 25 ഏക്കറോളം വയൽ പാട്ടത്തിനെടുത്ത് കൃഷി ഇറക്കിയത് ശ്രദ്ധ നേടിയിരുന്നു.
കന്നുകളെ ഉപയോഗിച്ച് വയൽ ഒരുക്കുന്ന കാലത്ത് കൃഷിയിടത്തിലേക്ക് ഇറങ്ങിയതാണ്. ഇതിനിടെ കാളകളെ സ്വന്തമാക്കി. കാളവണ്ടിയുമുണ്ടായിരുന്നു. പുഞ്ചയിലെ ഏക്കർ കണക്കിന് വയലുകൾ പൂട്ടി ഒരുക്കാനും ഇറങ്ങുമായിരുന്നു. അക്കാലത്ത് ഉഴുതുമറിച്ച വയലുകളിൽ നടന്നിരുന്ന കാളയോട്ട മത്സരമായ മരമടിയിലെ താരമായി വിലസിയ ഭൂതകാലത്തിന്റെ ഓർമകളും ഇദ്ദേഹത്തിനുണ്ട്. ഡെപ്യൂട്ടി സ്പീക്കറായിരുന്ന കെ.ഒ. ഐഷാബായിയുടെ കണ്ണനാകുഴി പുഞ്ചയിലെ സ്ഥലത്ത് നടന്നിരുന്ന മരമടി മത്സരങ്ങളിൽ നിരവധിതവണ വിജയായിട്ടുണ്ട്. ചിങ്ങമാസത്തിലെ അവിട്ടം നാളിൽ നടന്നിരുന്ന മരമടിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാളകൾ എത്തിയിരുന്നു. 1987 ലായിരുന്നു അവസാന മത്സരം.
മണ്ണിൽ വെട്ടിയും കിളച്ചും നൂറുമേനി വിളവുമായി മുന്നേറുന്നതിനിടെ തന്നെ തോൽപ്പിക്കാൻ എത്തിയ അർബുദ രോഗത്തെയും കീഴടക്കാനായി. 1997 ൽ രോഗത്തിന്റെ തുടക്കത്തിൽ മനസ് തളർന്നിരുന്നു. പൂനെയിലെ മിലട്ടറി ആശുപത്രിയിലായിരുന്നു ചികിത്സ. തുടർന്ന് ചേറ്റുകണ്ടത്തിലൂടെ നുകംകെട്ടി പായുന്ന കാളക്കൂറ്റന്മാർക്കൊപ്പം ഓടിയിരുന്ന മത്സരവീര്യവുമായി വീണ്ടും കൃഷിയിടത്തിലേക്ക് ഇറങ്ങുകയായിരുന്നു. കൃഷിരീതികളുടെ കാലാനുസൃത മാറ്റത്തിലും ഒപ്പം ചേരുകയായിരുന്നു. മണ്ണിന്റെ ഘടനയനുസരിച്ച് രാസ-ജൈവ കൃഷി രീതികളാണ് നടപ്പിലാക്കുന്നത്.
ഒരേക്കർ നിലവും അമ്പത് സെന്റ് പുരയിടവും സ്വന്തമായുണ്ട്. മക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തും കൃഷി ഇറക്കുന്നു. ഭാര്യ ആരിഫയുടെ പിന്തുണയും കൃഷിവഴിയിൽ കരുത്ത് നൽകുന്നു. പോരുവഴി ജുമാ മസ്ജിദ് ഇമാമായ ഇളയമകൻ അബ്ദുൽ സലാം മൗലവിക്ക് ഒപ്പം കുടുംബ വീട്ടിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.