വിളവെടുപ്പ് തുടങ്ങി; വിലയിടിവും
text_fieldsഅടിമാലി: വിളവെടുപ്പ് തുടങ്ങിയതോടെ കുരുമുളകിന്റെ വിലയിടിവ് തുടരുന്നു. രണ്ട് മാസം മുമ്പ് വരെ കിലോക്ക് 600 ന് മുകളില്‍ നിന്ന വില 520 രൂപയിലേക്ക് താഴ്ന്നു. കുരുമുളക് ഉൽപാദനം ഇത്തവണ കുറവായിട്ടുപോലും വിലയിടിവ് തുടരുകയാണ്. 2018 വര്‍ഷത്തിലായിരുന്നു ഏറ്റവും കുറഞ്ഞ വില. പിന്നീട് 650 ലേക്ക് ഉയര്‍ന്നെങ്കിലും വില തകരുകയാണ്. പ്രളയ ശേഷം പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. ഇപ്പോള്‍ വിവിധ രോഗങ്ങളാല്‍ കുരുമുളക് ചെടികള്‍ നശിക്കുകയാണ്. മാങ്കുളം, കൊന്നത്തടി, വാത്തിക്കുടി, കഞ്ഞിക്കുഴി, അടിമാലി, വെളളത്തൂവല്‍ പഞ്ചായത്ത് പരിധികളിലാണ് കൂടുതല്‍ നാശം. അതിനിടെ രോഗം വന്ന തോട്ടങ്ങളിലെ മിക്ക കര്‍ഷകരും കുരുമുളക് കൃഷി ഉപേക്ഷിച്ച സ്ഥിതിയാണ് ഇപ്പോഴുള്ളത്. പരമ്പരാഗതമായി കുരുമുളക് കൃഷി ചെയ്യുന്ന കുടിയേറ്റ കര്‍ഷകര്‍ മാത്രമാണ് കൃഷി ഉപേക്ഷിക്കാന്‍ മനസ്സില്ലാതെ തുടരുന്നത്.
കര്‍ഷകരെ സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജിനായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കൃഷിവകുപ്പ് അധികൃതരെ സമീപിക്കാനുളള ഒരുക്കത്തിലാണ്. ജില്ലയില്‍ ഏലം കഴിഞ്ഞാല്‍ കുരുമുളക് കൃഷിയാണ് കൂടുതല്‍. സര്‍ക്കാരിന്റെ തെറ്റായ ഇറക്കുമതിനയം അടക്കമുള്ളവയാണ് കുരുമുളക് കര്‍ഷകരുടെ പ്രതിസന്ധിക്ക് കാരണമെന്ന പരാതിയും കര്‍ഷകര്‍ക്കുണ്ട്. രണ്ട് പ്രളയങ്ങളും ഏറ്റവുമധികം ബാധിച്ചത് കുരുമുളക് കൃഷിയെയാണ്. എന്നാല്‍ പ്രത്യേക പാക്കേജ് എന്ന ആവശ്യത്തോട് സര്‍ക്കാര്‍ മുഖംതിരിച്ച് നില്‍ക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.