ഇന്ന് കർഷക ദിനം; ഊർജ്ജതന്ത്രത്തിൽ എം.ഫിൽ ഉണ്ടെങ്കിലും ഗീഷ്പഥിന് കൃഷിയിലാണ് കമ്പം
text_fieldsബാലുശ്ശേരി: ഊർജ്ജതന്ത്രത്തിൽ എം.ഫിൽകാരനാണെങ്കിലും ഗീഷ്പഥിന് കൃഷി വിട്ട് മറ്റൊന്നില്ല. പനങ്ങാട് പഞ്ചായത്തിലെ തയ്യിൽ പീടിക തിയ്യക്കണ്ടി ചാലിൽ ഗീഷ്പഥിന് (33) തന്റെ വിദ്യാഭ്യാസയോഗ്യതക്കനുസരിച്ചുള്ള ജോലി വേണമെന്ന ചിന്തയല്ല ഇപ്പോഴുള്ളത്; വലിയ നഷ്ടം സംഭവിക്കാതെ തന്റെ പാടശേഖരത്തുനിന്ന് കൃഷി വിളവെടുപ്പ് എങ്ങനെ നേടാമെന്ന ചിന്തയാണ്. കോട്ട നടവയലിലെ ഒന്നര ഏക്കറോളം വരുന്ന പാടശേഖരത്തും തിരുവാഞ്ചേരിപ്പൊയിലിലെ രണ്ട് ഏക്കറോളം സ്ഥലത്തും ആരെയും ആശ്രയിക്കാതെ സ്വന്തമായി തന്നെ കൃഷിചെയ്ത് വിളവെടുത്തു വരുകയാണ് 33 കാരനായ ഈ എം.ഫിൽകാരൻ. എസ്.എസ്.എൽ.സി.ഡിസ്റ്റിങ്ങ്ഷനോടെ പാസായ ശേഷം ദേവഗിരി കോളജിൽ നിന്ന് ബി.എസ്സി. ഫിസിക്സിലും, എം.ജി. യൂനിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ എം.എസ്സിയും നേടിയ ശേഷം കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നും ബി.എഡും എം.ഫിലും കരസ്ഥമാക്കിയിട്ടുണ്ട് ഈ യുവ കർഷകൻ.
ബിരുദങ്ങളൊക്കെ ഉന്നതനിലയിൽ തന്നെ നേടിയെങ്കിലും കൃഷിയിലേക്കുള്ള ചിന്ത തലയിൽ കയറിയത് ആറു വർഷം മുമ്പാണ്. ഇതിനിടെ പൂവമ്പായി ഹയർ സെക്കൻഡറി സ്ക്കൂളിലും, കോഴിക്കോട്ടെ ബി.ഇ.എം സ്കൂളിലും ബാലുശ്ശേരിയിലെ ഗോകുലം കോളജിലും െഗസ്റ്റ് ലെക്ചറർ പോസ്റ്റിലും അല്പകാലം ജോലി ചെയ്തെങ്കിലും ഇതിനൊക്കെ പുറമെ കൃഷിയിലേക്കുള്ള താല്പര്യമായിരുന്നു മനസ്സിൽ ഏറെയും.
കണ്ടും കേട്ടും അറിഞ്ഞ കാർഷിക വിജ്ഞാനങ്ങൾ മാത്രമായിരുന്നു പാടത്തിറങ്ങിയപ്പോൾ കൂട്ട്. പരീക്ഷണത്തോടൊപ്പം പഠനവും എന്ന നിലയിൽ പാടത്തിറങ്ങിയ ഗീഷ്പഥ് ഇപ്പോൾ ആറു വർഷമായി കൃഷിയിൽ തന്നെ വ്യാപൃതനാണ്. പാടശേഖരം ട്രില്ലർ ഉപയോഗിച്ച് ഉഴുതു മറിക്കുന്നതും മണ്ണ് റെഡിയാക്കുന്നതും ഞാറ് നടുന്നതും കള പറയ്ക്കുന്നതും ഗീഷ്പഥ് തന്നെ. ഇതിനായി സ്വന്തമായി ട്രില്ലർ തന്നെ വാങ്ങിയിരിക്കയാണ്. ഓടിക്കാനുള്ള ലൈസൻസും കരസ്ഥമാക്കി.
ചേളന്നൂർ, ഉണ്ണികുളം ആഗ്രോ - ഇൻഡസ്ട്രിയൽ കോർപറേഷന്റെ കീഴിൽ കർഷകർക്ക് ട്രില്ലർ ഉപയോഗിച്ച് നിലം ഒരുക്കി കൊടുക്കാനും ഗീഷ്പഥ് പോകാറുണ്ട്. താങ്ങാനാകാത്ത ചെലവാണെങ്കിലും പണിക്ക് ആളെ കിട്ടാതായപ്പോൾ കൊയ്ത്തും മെതിയും നടത്തിയത് താനൂരിൽ നിന്നും യന്ത്രമെത്തിച്ചായിരുന്നു. ചെലവ് വർധിച്ചതോടെയാണ് യന്ത്ര കൊയ്ത്ത് നിർത്തിയത്.
കോട്ടനടവയലിലെ ഒന്നര ഏക്കറിൽ എല്ലാതരം നെൽ കൃഷിയും പരീക്ഷിക്കാറുണ്ട്. പാട്ടത്തിനെടുത്ത സ്ഥലമടക്കം അഞ്ച് ഏക്കറോളം സ്ഥലത്ത് കൃഷിചെയ്യാറുണ്ട്. കഴിഞ്ഞ ഏപ്രിലിൽ പെയ്ത കനത്ത വേനൽ മഴയിൽ വെള്ളം കയറി പച്ചക്കറി കൃഷി പകുതിയും നഷ്ടമായി. കറാച്ചി മത്തനും നല്ല വിളവെടുപ്പുണ്ടായി. വീട്ടു പറമ്പിൽ ചേന, ചേമ്പ്, വാഴ, ഇഞ്ചി, മഞ്ഞൾ എന്നിവയും കൃഷി ചെയ്യുന്നു.
രാസവളവും കീടനാശിനിയും ഉപയോഗിക്കാതെയുള്ള പച്ചക്കറിക്കും നെല്ലിനും ആവശ്യക്കാരേറെയുണ്ടെങ്കിലും വീട്ടാവശ്യം കഴിഞ്ഞ് അധികം വരുന്നത് മാത്രമാണ് വില്പന നടത്താറുള്ളത്. മേപ്പയൂർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത തിയ്യക്കണ്ടിയിൽ കൃഷ്ണൻ മാസ്റ്ററുടെയും ഗീതയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.