നെല്ലിന്റെ വില വൈകുന്നു; കർഷകർ കണ്ണീർപ്പാടത്ത്
text_fieldsപത്തനംതിട്ട: ജില്ലയിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില വൈകുന്നതോടെ കർഷകർ പ്രതിസന്ധിയിൽ. വായ്പയെടുത്തും മറ്റും കൃഷി നടത്തിയ കർഷകർ വിലക്കുവേണ്ടി ബാങ്കുകൾ കയറിയിറങ്ങുകയാണ്. സംഭരിച്ച നെല്ലിന് കിലോഗ്രാമിന് 28.30 രൂപയാണ് കർഷകർക്ക് ലഭിക്കേണ്ടത്. സപ്ലൈകോ പണം നൽകാത്തപ്പോഴും കർഷകരെ ബാങ്കുകൾ വെറുതെ വിടുന്നില്ല. അടുത്ത കൃഷിക്കുള്ള സമയമായിട്ടും സംഭരണ വില വൈകിപ്പിക്കുന്നതിൽ കർഷക രോക്ഷവും ശക്തമാണ്.
കൃഷിയെ തന്നെ പ്രതിസന്ധിയിലാക്കുന്ന നടപടിയാണ് സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് കർഷകർ പറയുന്നു. വെയിലിനോടും മഴയോടും പടവെട്ടി ഉത്പാദിപ്പിച്ച നെല്ലിന്റെ വിലക്കുവേണ്ടി ഓഫിസ് പടിക്കൽ കാത്തുകിടക്കേണ്ട ഗതികേടിലാണ് കർഷകർ. പണം ലഭിക്കാത്തതിനാൽ പാടത്തേക്ക് ഇറങ്ങാൻ കർഷകർ മടിക്കുകയാണ്.
കൃഷി നഷ്ടത്തിലേക്ക്
വളം, കീടനാശിനി, കൂലിച്ചെലവ് ഇവയെല്ലാം വർധിച്ചതോടെ നെല്ല് കൃഷി നഷ്ടത്തിലാണെന്ന് കർഷകർ പറയുന്നു. കർഷകരിൽ നല്ലൊരു പങ്കും കടക്കെണിയിലാണ്. സ്കൂൾ വർഷാരംഭത്തിൽ പണം കൈയിലില്ലാതെ കർഷകർ നട്ടം തിരിയുകയായിരുന്നു. മുൻകാലങ്ങളിൽ കർഷകർക്ക് നൽകിയിരുന്ന പല സബ്സിഡികളും വെട്ടിക്കുറച്ചു. പുറമേ നിന്ന് വായ്പ വാങ്ങി കൃഷി ചെയ്തവർ പണം മടക്കിനൽകാതെ ബുദ്ധിമുട്ടിലായി. അടുത്ത കൃഷിക്കുള്ള പണം ആരുടെയും കൈവശമില്ലെന്ന സ്ഥിതിയായിട്ടുണ്ട്.
കഴിഞ്ഞ സീസൺ അപേക്ഷിച്ച് ഇത്തവണ നെല്ല് ഉത്പാദനം വലിയതോതിൽ കുറഞ്ഞിരുന്നു. കാലാവസ്ഥാ മാറ്റവും രോഗ ബാധയും ഗുണമേന്മയില്ലാത്ത വിത്തുമെല്ലാം ഉത്പാദനത്തെ ബാധിച്ചതായി കർഷകർ പറയുന്നു. കർഷകരുടെ എണ്ണത്തിലും കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതിയിലും വർഷം തോറും കുറവുണ്ടാകുന്നുണ്ട്. കഴിഞ്ഞവർഷത്തേക്കാൾ 5,200 കർഷകരാണ് ഈ സീസണിൽ സൈപ്ലകോയിൽ രജിസ്റ്റർ ചെയ്യാതിരുന്നത്. പാട്ടത്തിനെടുത്ത് കൃഷി ചെയ്തവർക്ക് ഈ സീസണിൽ വലിയ നഷ്ടം സംഭവിച്ചതായി കർഷകർ പറയുന്നു.
പണ വിതരണ നടപടികളിൽ പ്രതീക്ഷ
കാത്തിരിപ്പിന് വിരാമമിട്ട് നെല്ലിന് വില നൽകാനുള്ള നടപടികൾ സപ്ലൈകോ തുടങ്ങിയതായി സൂചനകളുണ്ട്. ജൂൺ 30 വരെ നെല്ലുസംഭരണ രസീത് നൽകിയവർക്ക് തുക വിതരണത്തിന് പേമെന്റ് ഓർഡറുകൾ ബാങ്കുകൾക്ക് കൈമാറി. ആഗസ്റ്റ് ആദ്യ ആഴ്ച്ചയിൽ പണ വിതരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ നെല്ല് നൽകിയ പുഞ്ചകർഷകർക്കാണ് സൈപ്ലകോ പണം നൽകാനുണ്ടായിരുന്നത്. ജൂൺ 30 വരെയുള്ളവരുടെ പി.ആർ.എസ് അനുവദിച്ചതോടെ കോൾ കർഷകർക്ക് ഏറെ ആശ്വാസമാകും. കർഷകരിൽ നിന്ന് ബാങ്ക് അധികൃതർ പി.ആർ.എസ് വാങ്ങുന്നുണ്ട്.
2023- ’24 സീസണിൽ നെല്ലുസംഭരണം പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 84,918.09 ടൺ നെല്ലാണ് സൈപ്ലകോ ഏറ്റെടുത്തത്. 240.49 കോടി രൂപ നെല്ലിന്റെ വിലയായി കർഷകർക്ക് അനുവദിച്ചിട്ടുണ്ട്.
സംഭരിച്ചത് 9771 മെട്രിക് ടൺ നെല്ല്
ജില്ലയിൽ ഇക്കുറി 9771.561 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഏറ്റവുമധികം സംഭരണം നടക്കുന്നത് തിരുവല്ല താലൂക്കിലെ അപ്പർകുട്ടനാട് മേഖലയിലാണ്. അപ്പർ കുട്ടനാട്ടിൽ പെരിങ്ങരയിൽ 2996.534 മെട്രിക് ടണ്ണും നിരണത്ത് 1933.59 മെട്രിക് ടണ്ണും കടപ്രയിൽ 866.331 മെട്രിക് ടണ്ണും നെല്ല് സംഭരിച്ചു.
പന്തളം നഗരപരിധിയിലെ പാടശേഖരങ്ങളിൽ നിന്ന് 7.6 ലക്ഷം കിലോനെല്ലാണ് ശേഖരിച്ചത്. പന്തളം കരിങ്ങാലി പാടത്ത് ഇക്കുറി വിളവ് മോശമായിരുന്നു. ജില്ലയിലെ മറ്റൊരു പ്രധാന പാടശേഖരം വള്ളിക്കോട്ടേതാണ്. എട്ട് പാടശേഖരങ്ങളിലായി 280 കർഷകരിൽ നിന്നാണ് സംഭരണം നടത്തിയത്. 400 ടൺ നെല്ലാണ് സപ്ലൈകോക്ക് കൈമാറിയത്. 1.13 കോടി രൂപ വള്ളിക്കോട്ട് ലഭിക്കാനുണ്ട്.നാരങ്ങാനം പഞ്ചായത്തിലെ പുന്നോൺ പാടശേഖരത്തിലെ 15.5 ടൺ നെല്ല് സപ്ലൈകോ സംഭരിച്ചിരുന്നു.
12 ഹെക്ടറിൽ നിന്നായിരുന്നു നെല്ല് ശേഖരണം. 20 കർഷകർക്ക് പണം ലഭിക്കാനുണ്ട്. സപ്ലൈകോക്ക് നൽകുന്ന നെല്ലിന്റെ പണത്തിന് പകരം കർഷകർക്ക് നൽകുന്ന നെല്ല് സംഭരണ രസീത് (പി.ആർ.എസ്) ബാങ്കിൽ നൽകിയാൽ വായ്പയായി പണം നൽകുന്ന രീതിയാണ് നെല്ല് സംഭരണത്തിൽ നടക്കുന്നത്. കർഷകർക്ക് നൽകുന്ന പണവും അതിന്റെ പലിശയും തിരിച്ചടക്കുന്നത് സപ്ലൈകോയാണ്. ഇത് സർക്കാർ അടച്ചുതീർക്കുന്നതുവരെ കർഷകരെ ബാങ്ക് വായ്പക്കാരായി കണക്കാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.