വിപണിയിൽ വിലത്തകർച്ച: കപ്പ കർഷകർ ദുരിതത്തിൽ
text_fieldsനന്മണ്ട: കുട്ടമ്പൂർ വയലുകളിലെ പ്രധാന കൃഷിയായ കപ്പക്ക് ദുരിതകാലം. വിപണിയിലെ വിലത്തകർച്ച കാരണം കപ്പ കർഷകർ പാട്ടം നൽകാൻപോലും പ്രയാസപ്പെടുകയാണ്. കഴിഞ്ഞ വർഷം നല്ല വില ലഭിച്ചിരുന്ന കപ്പക്ക് ഇത്തവണ വില കുത്തനെ താഴ്ന്നു. കഴിഞ്ഞ വർഷം കിലോക്ക് 40 മുതൽ 50 രൂപ വരെ ലഭിച്ചിരുന്നു. ഇത്തവണ കർഷകർക്ക് ലഭിക്കുന്നതാകട്ടെ 20 രൂപയും അതിൽ താഴേയും. കഴിഞ്ഞ സീസണിൽ വിവിധ ഭാഗങ്ങളില്‍നിന്ന് കപ്പക്ക് ആളുകളെത്തിയിരുന്നു.
മണലും ചളിയും ചേരുവയുള്ള കുട്ടമ്പൂർ വയലിൽ കൃഷിചെയ്യുന്ന കപ്പക്ക് എന്നും നല്ല പ്രിയമായിരുന്നു. ഇത്തവണ കൂലിച്ചെലവിനുള്ള തുകപോലും ലഭിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. കഴിഞ്ഞ വർഷം നല്ല വില കിട്ടിയതിനാൽ വാഴ കൃഷിയെ തഴഞ്ഞ് കൂടുതൽ സ്ഥലത്തേക്ക് കപ്പകൃഷി വ്യാപിപ്പിച്ചിരുന്നു.
ഇത്തവണ ഡിമാന്റ് കുറഞ്ഞതിനാൽ വ്യാപാരികൾ വാങ്ങിവെക്കാൻ മടിക്കുന്നു. മലപ്പുറം, വയനാട് ജില്ലകളിൽനിന്ന് വൻതോതിൽ കപ്പ എത്തുന്നുണ്ട്. അടുത്ത കൃഷിക്ക് പാടമൊഴിയാൻ സമയമായിട്ടും കപ്പ പറിച്ചു തീർക്കാൻ കഴിയുന്നില്ല. വിപണിയിലെ വിലക്കുറവും കാട്ടുപന്നികളുടെ ശല്യവും തങ്ങളെ ദുരിതത്തിലാക്കുമ്പോൾ സഹായിക്കാൻ ഒരു സംവിധാനവുമില്ലെന്ന സങ്കടത്തിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.