തോരാമഴയും മുഞ്ഞയും; കരിഞ്ഞത് കര്‍ഷക മോഹങ്ങൾ
text_fieldsഅമ്പലപ്പുഴ: കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പതറാതെ പിടിച്ചുനിന്ന കര്‍ഷകരെ മുഞ്ഞയും തോരാമഴയും കണ്ണീരിലാക്കി. പുന്നപ്ര തെക്ക് പഞ്ചായത്ത് പാര്യക്കാടന്‍ പാടശേഖരത്തിലെ കർഷകരെയാണ് പിടിവിടാതെ ദുരന്തം വേട്ടയാടുന്നത്.
രണ്ടാം കൃഷിയിറക്കി 30 ദിവസം എത്തിയപ്പോഴാണ് മഴവെള്ളപ്പാച്ചില്‍ കര്‍ഷകരെ ആദ്യം ആശങ്കയിലാക്കിയത്. പുറംബണ്ട് മട വീണതോടെ എല്ലാം നശിച്ചെന്ന് കരുതിയെങ്കിലും ഒത്തൊരുമയോടെ കര്‍ഷകര്‍ മടതടഞ്ഞ് കൃഷി നിലനിര്‍ത്തി. പാടശേഖരത്തിന്റെ മോട്ടോറിന് പുറമെ മറ്റ് അഞ്ചു എൻജിൻ വാടകക്ക് പ്രവര്‍ത്തിപ്പിച്ചാണ് വെള്ളം വറ്റിച്ചത്. മട തടഞ്ഞ് കൃഷി നിലനിര്‍ത്താന്‍ ആറു ലക്ഷം രൂപയോളം ചെലവ് വന്നു. എങ്കിലും കര്‍ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയായിരുന്നു. ഇതിനിടെയാണ് കൊയ്യാന്‍ പാകമാകുന്നതിന് മുമ്പായി നെല്ലിനെ മുഞ്ഞ ബാധിക്കുന്നത്. പിന്നീടുണ്ടായ തോരാമഴയില്‍ നെല്ല് നിലത്തടിഞ്ഞതോടെ എല്ലാ പ്രതീക്ഷയും കരിഞ്ഞു.
പാര്യക്കാടന്‍ പാടശേഖരത്തിലെ 90 ഏക്കറില്‍ 50ഓളം ചെറുകിട കര്‍ഷകരാണുള്ളത്. ഇതില്‍ 15 ഏക്കറിലെ കൃഷിയും നശിച്ചു. അടുത്ത ദിവസം കൊയ്യാനിരിക്കെയാണ് കര്‍ഷകരെ മുഞ്ഞവേട്ടയാടിയത്. അടുത്ത കാലങ്ങളിലെ ഏറ്റവും നല്ല കൃഷിയായിരുന്നു ഇത്തവണത്തേത്. മൂന്നര മുതല്‍ നാല് വിളവുവരെ പ്രതീക്ഷിച്ചിരുന്നു. മടവീഴ്ചയിലെ ചെലവ് നികത്തണമെങ്കില്‍ ഒരേക്കര്‍ കൃഷിയുള്ള കര്ഷകന് 6000 രൂപ നല്‍കണം.
ഒരേക്കര്‍ കൃഷി ചെയ്ത് കൊയ്യാന്‍ പരുവമാക്കുന്നതിന് 40,000 രൂപയോളം വേറെയും ചെലവ് വന്നു. കൃഷിവായ്പയെടുത്തും പലിശക്ക് പണം കണ്ടെത്തിയുമാണ് കൃഷിയിറക്കിയത്. ഇതില്‍ പാട്ടകൃഷി ചെയ്യുന്നവരുമുണ്ട്. ഒരു കൃഷി ചെയ്യുന്നതിന് 20,000 രൂപയാണ് പാട്ടമായി നല്‍കുന്നത്. കൃഷി നഷ്ടമായാലും പാട്ടം കൃത്യമായി നല്‍കണം.
കൃഷിനാശത്തിന് അപേക്ഷ നല്കിയാലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാറില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് കൃഷിയുടെ സബ്സിഡിപോലും ലഭിച്ചിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഏക്കറിന് 1800 രൂപവീതം കിട്ടാനുണ്ട്. ഇത് കിട്ടിയാല്‍ മട വീഴ്ചയിലെ ചെലവ് പരിഹരിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.