സവാള കയറ്റുമതി നിരോധനത്തിനെതിരെ സമരം ശക്തമാക്കി കർഷകർ
text_fieldsമുംബൈ: സവാള കയറ്റുമതി നിരോധനത്തിനെതിരെയുള്ള മഹാരാഷ്ട്രയിലെ കർഷകരുടെ സമരം ശക്തിപ്രാപിക്കുന്നു. തിങ്കളാഴ്ച നാസികിൽ സവാള കർഷകർക്ക് പിന്തുണയുമായി സമരത്തിൽ എൻ.സി.പി അധ്യക്ഷനും മുൻ കേന്ദ്ര കൃഷി മന്ത്രിയുമായ ശരദ് പവാർ പങ്കെടുത്തു. കേന്ദ്ര സർക്കാറിന്റെ കൃഷിനയം തിരുത്തിക്കാൻ കർഷകർ ഒറ്റക്കെട്ടാകണമെന്നും നാസിക് അതിന് വേദിയാക്കണമെന്നും പവാർ പറഞ്ഞു.
ചൊവ്വാഴ്ച ഡൽഹിയിൽ ചെന്ന് ബന്ധപ്പെട്ടവരെ കാണുകയും സഭയിൽ വിഷയം ഉന്നയിക്കുകയും ചെയ്യുമെന്നും പവാർ കൂട്ടിച്ചേർത്തു. ഉദ്ധവ് പക്ഷ ശിവസേന, കോൺഗ്രസ്, സി.പി.എം പാർട്ടികളും സമരത്തെ പിന്തുണച്ചെത്തി. മുംബൈ-ആഗ്ര ദേശീയപാതയിൽ കർഷകർ വഴി തടഞ്ഞു. കയറ്റുമതി നിരോധനത്തിനെതിരെ മഹാരാഷ്ട്ര നിയമസഭക്കു മുന്നിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചു. എത്രയുംവേഗം നിരോധനം പിൻവലിക്കണമെന്നും സവാളയുടെ താങ്ങുവില ഉയർത്തണമെന്നും പ്രകൃതിദുരന്തത്തിൽ കർഷകർക്കുണ്ടായ നഷ്ടം നികത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
വിൽക്കപ്പെടാത്ത സവാള, കർഷകരിൽനിന്ന് കേന്ദ്രം വാങ്ങാൻ തയാറാണെന്ന് ഉപമുഖ്യമന്ത്രി ബി.ജെ.പിയിലെ ദേവേന്ദ്ര ഫഡ്നാവിസ് നിയമസഭയിൽ പറഞ്ഞു. ശനിയാഴ്ച മുംബൈയിൽ വെച്ച് കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമായി സംസാരിച്ചതായും കർഷകർക്ക് നഷ്ടം വരുത്തില്ലെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും ഫഡ്നാവിസ് പറഞ്ഞു. അടുത്ത മാർച്ച് 31വരെയാണ് സവാള കയറ്റുമതി കേന്ദ്രസർക്കാർ നിരോധിച്ചത്. ആഭ്യന്തരലഭ്യത വർധിപ്പിക്കാനും വില സുസ്ഥിരമാകാനുമാണ് നിരോധനമെന്നാണ് കേന്ദ്രം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.