കണ്ണീര് ഉണങ്ങാതെ കർഷകൻ
text_fieldsഎല്ലാവർഷത്തെയും പോലെ ചിങ്ങം ഒന്നിന് കർഷകരെ സർക്കാറും സംഘടനകളും ഇപ്രാവശ്യവും ആദരിച്ചു. അതേസമയം കർഷകന്റെ കണ്ണീർ ശാശ്വതമായി തുടക്കാൻ ഉത്തരവാദിത്തപ്പെട്ടവരാരും ശ്രമിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രഖ്യാപനങ്ങൾ ഏറെ ഉണ്ടാകുന്നുണ്ടെങ്കിലും പ്രവൃത്തിതലത്തിൽ ഇവയിലധികവും എത്തുന്നില്ല. ഇതോടെ കർഷകരുടെ ജീവിതം ദുരിതമയമായി. മലയോരവും അപ്പർകുട്ടനാടും ചേർന്നതാണ് ജില്ലയുടെ കാർഷിക മേഖല. വിവിധതരം വിഷയങ്ങളാണ് ജില്ലയിൽ കർഷകർക്ക് മുന്നിലുള്ളത്.
പ്രതീക്ഷകൾ നശിച്ചു
വന്യജീവി, പ്രകൃതിക്ഷോഭം, രോഗബാധ തുടങ്ങിയ വെല്ലുവിളികൾ സഹിച്ച് കൃഷി ചെയ്യുന്ന കർഷകരോട് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളും ഏജൻസികളും കാരുണ്യം കാട്ടുന്നില്ലെന്നാണ് സാധാരണ കർഷകരുടെ പരാതി. ഏറെ പ്രതീക്ഷകൾ നൽകിയാണ് ത്രിതല പഞ്ചായത്തുകളും കൃഷിവകുപ്പും നെൽകൃഷിയിലേക്ക് യുവാക്കളടക്കമുള്ളവരെ ഇറക്കിയത്.
പന്തളം കരിങ്ങാലി പാടത്ത് ഇത്തരത്തിൽ തരിശുനിലം കതിരണിയിച്ച യുവജന കൂട്ടായ്മകൾ ഇപ്പോൾ നിരാശയിലാണ്. വർഷങ്ങളായി തരിശു കിടന്ന 65 ഏക്കറോളം സ്ഥലത്ത് ചേരിക്കൽ സ്വദേശികളായ ഹരിലാൽ, ബൈജു, സിജു ഗോപി എന്നിവർ ചേർന്ന് കൃഷി ചെയ്തു. വായ്പയെടുത്ത പണം ഉപയോഗിച്ചാണ് ഇവർ കൃഷി ചെയ്തത്. നെല്ലിന്റെ സംഭരണവില കൃത്യമായി ലഭിക്കാതെ വന്നതോടെ വായ്പയെടുത്ത പണം പോലും തിരിച്ചടയ്ക്കാനായില്ല. 15 പവൻ സ്വർണം പണയം െവച്ചും ബാങ്ക് വായ്പയെടുത്തും വ്യക്തിഗത വായ്പകളുമായി 13 ലക്ഷം രൂപ കൃഷിക്കായി യുവജന കൂട്ടായ്മ ചെലവഴിച്ചതാണ്. ബാങ്ക് വായ്പയെടുത്തും പണം കടമെടുത്തും പണയം െവച്ചും സ്ഥലം പാട്ടത്തിനെടുത്തുമാണ് വാഴക്കൃഷി നടത്തിയവരുടെ പ്രതീക്ഷകളും നശിക്കുകയായിരുന്നു. നൂറുകണക്കിന് വാഴ നശിച്ച കർഷകരാണ് തുച്ഛമായ നഷ്ടപരിഹാരം തേടി ഓഫിസുകൾ കയറിയിറങ്ങേണ്ടി വരുന്നത്. വകയാർ സ്വദേശിയായ ഗണേശിന് കഴിഞ്ഞ മഴയിൽ നഷ്ടമായത് 300 വാഴകളാണ്. പന്തളം സ്വദേശിയായ ഗോപിനാഥൻ നായരുടെ 25 മൂട് വാഴയാണ് മഴക്കെടുതിയിൽ നശിച്ചെങ്കിൽ 125 എണ്ണം കാട്ടുപന്നിയും ചവിട്ടി മെതിച്ചു.
വാഴക്കർഷകർക്ക് കണ്ണീരോണം
ഏറെ പ്രതീക്ഷകളോടെ വാഴകൃഷിയിലേക്ക് ഇറങ്ങിത്തിരിച്ച കർഷകർ ഇക്കുറി കണ്ണീരിലാണ്. ജൂൺ, ജൂലൈ മാസങ്ങളിൽ പെയ്ത മഴയ്ക്കൊപ്പമുണ്ടായ കാറ്റ് വൻ നാശമാണ് ഏത്തവാഴ കർഷകർക്കുണ്ടാക്കിയത്. രണ്ടുലക്ഷത്തോളം വാഴ നശിച്ചു. 5,172 വാഴ കർഷകരെ നഷ്ടം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. കോന്നി, വകയാർ, പന്തളം, തിരുവല്ല മേഖലകളിലാണ് നഷ്ടം ഏറെ. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത വാഴകളാണ് നശിച്ചത്. കുലച്ചതും കുലയ്ക്കാത്തതുമായ ഏത്തവാഴകൾ നശിച്ചു. ഇതിൽ കുലച്ച വാഴകൾ മാത്രം 1.78 ലക്ഷമാണ്. ഓണത്തിന് ഇല വെട്ടാൻ പാകത്തിൽ കൃഷി ചെയ്ത ഞാലിപ്പൂവൻ വാഴയ്ക്കും നാശമുണ്ടായി.
പഴിചാരി വകുപ്പുകൾ
വന്യജീവി ശല്യമാണ് മലയോര കർഷകർക്ക് പ്രധാന വെല്ലുവിളി. വനമേഖലയോടു ചേർന്ന പ്രദേശങ്ങളിൽ മാത്രമല്ല, കിലോമീറ്ററുകൾക്കപ്പുറത്തേക്ക് ഇവയുടെ ശല്യം ഏറി. പന്തളം, തുമ്പമൺ, നാരങ്ങാനം, കോഴഞ്ചേരി, മല്ലപ്പള്ളി തുടങ്ങി വനത്തിൽനിന്ന് വിദൂര പ്രദേശങ്ങളിൽ പോലും ഇവയുടെ ശല്യമുണ്ട്. വിളനാശത്തിന് നഷ്ടപരിഹാരം തേടി കർഷകർ വനം വകുപ്പിനെയാണ് സമീപിക്കുന്നത്. അപേക്ഷ സ്വീകരിക്കുമെങ്കിലും ന്യായമായ നഷ്ടപരിഹാരം ലഭിക്കാറില്ല. തുച്ഛമായ തുകയാണ് നൽകുന്നത്. വന്യജീവി ആക്രമണംമൂലമുള്ള കൃഷിനാശം കൃഷിവകുപ്പ് സഹായം ചെയ്യാറില്ല. പ്രകൃതിക്ഷോഭ നഷ്ടപരിഹാരം കൃഷിവകുപ്പിന്റെ ഉത്തരവാദിത്തമാണ്. അപേക്ഷകൾ സ്വീകരിക്കുമെങ്കിലും പണം ലഭിക്കാറില്ല. വിള ഇൻഷുറൻസ് തുക പോലും കൃത്യമായി വിതരണം ചെയ്യാറില്ല. ധനവകുപ്പ് പണം അനുവദിക്കാത്തതാണ് തടസ്സമെന്ന് കൃഷിവകുപ്പ് പറയുന്നു. നെല്ലിന്റെ സംഭരണവില നൽകാത്തതിനും കാരണമിതാണ്. ധനവകുപ്പിനെ കൃഷിവകുപ്പ് പഴിചാരുമ്പോൾ ഉടൻ പണം നൽകുമെന്ന മറുപടിയാണ് ധനവകുപ്പിനുള്ളത്.
സംഭരണവില കിട്ടാതെ നെൽകർഷകർ
നെല്ല് കർഷകർ ഇക്കൊല്ലം ഏറെ ബുദ്ധിമുട്ടിലാണ്. പണയം െവച്ചും വായ്പയെടുത്തും കൃഷി ഇറക്കിയവരുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു. നെല്ലിന്റെ സംഭരണവില വൈകുന്നതാണ് പ്രധാന പ്രശ്നം. മുൻകൊല്ലങ്ങളിൽ വേനൽമഴ കർഷകരെ ചതിക്കാറുണ്ടായിരുന്നു. ഇക്കുറി പക്ഷേ വിളവെടുപ്പ് നല്ല രീതിയിൽ നടന്നു. എന്നാൽ, ഓണം എത്തിയിട്ടും സംഭരണ വില നൽകിയിട്ടില്ല. നാലുമാസം മുമ്പ് നൽകിയ നെല്ലിന്റെ വിലയാണ് ലഭിക്കാനുള്ളത്. കിലോഗ്രാമിന് 28.20 രൂപയാണ് സംഭരണ വില. വർഷങ്ങൾക്കു മുമ്പ് നിശ്ചയിച്ച തുകയാണിത്. കൂലിച്ചെലവിൽ അടക്കം വൻ വർധനയായി. തുക കൂട്ടുമെന്നത് പ്രഖ്യാപനം മാത്രം. മുൻ കൊല്ലങ്ങളിൽ രണ്ടാഴ്ചയ്ക്കകം സംഭരണവില കർഷകന് അക്കൗണ്ടിൽ നൽകിയിരുന്നു. ഇത്തവണ അതുണ്ടായില്ല. കേരള ബാങ്കിന്റെ സഹകരണത്തോടെ വില ഉടൻ നൽകുമെന്നാണ് ധനമന്ത്രി പറയുന്നത്. 2596.63 ഹെക്ടറിലായി ജില്ലയിൽ കൃഷി ചെയ്ത നെല്ല് 22 മില്ലുടമകളാണ് സംഭരിച്ചത്. മാർച്ച്, ഏപ്രിൽ മാസത്തിൽ സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് നൽകിയിട്ടുണ്ടെന്ന് കൃഷി വകുപ്പ് അധികൃതർ പറയുന്നു.
ഇൻഷുറൻസ് തുക കിട്ടാതെ 1396 പേർ
പ്രകൃതി ക്ഷോഭത്തിൽ കൃഷിനാശം നേരിട്ടവർക്കുള്ള ഇൻഷുറൻസ് തുക ലഭിക്കാതെ 1,396 കർഷകരാണ് ജില്ലയിലുള്ളത്. ഒന്നര വർഷം മുമ്പ് നൽകിയ അപേക്ഷകളാണ് ഇവരുടേത്. 2021 - 22നുശേഷം ഇൻഷുറൻസ് തുക നൽകിയിട്ടേയില്ല. പഴയ കണക്കിൽ 192 പേർക്കും പണം നൽകാനുണ്ട്. 2022 - 23ൽ 1206 പേർ അപേക്ഷ നൽകിയിരുന്നു. ഇക്കൊല്ലം 130 കർഷകർ ഓൺലൈനായി അപേക്ഷ നൽകിയിട്ടുണ്ട്. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം പതിവായതോടെയാണ് കർഷകരെ വിള ഇൻഷുറൻസ് പദ്ധതിയിൽ ചേർത്തു തുടങ്ങിയത്. എന്നാൽ, ഇതിൽ നിന്ന് പണം ലഭിക്കാതെ വന്നതോടെ ഇപ്പോൾ പദ്ധതിയിലേക്ക് ആരും ചേരുന്നില്ല. നെല്ല്, വാഴ കർഷകർക്കാണ് പദ്ധതി ഏറെ പ്രയോജനം ചെയ്തിരുന്നത്. ഇതു കൂടാതെ തെങ്ങ്, പച്ചക്കറികൾ, കുരുമുളക്, റബർ, കമുക്, കശുമാവ് തുടങ്ങി 27 ഇനം വിളകൾക്കാണ് ഇൻഷുറൻസ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.