ആറന്മുളയിലെ പാടത്ത് നിന്നുയരുന്നത് കർഷക വിലാപം...
text_fieldsഞാറ്റുപാട്ടിന്‍റെ ഈണവും താളവും അകമ്പടിയുമില്ലാതെയാണ് ഇപ്പോൾ ആറന്മുള മേഖലയിലെ പാടത്ത് വിത്തുവിതച്ചത്. 22 വർഷത്തോളം ഇവിടെ നെൽകൃഷി ഇല്ലാതിരുന്നതോടെ ഇവിടെ കർഷകത്തൊഴിലാളികളും ഇല്ലാതായി. കാർഷികവൃത്തികൾകൊണ്ട് ജീവിക്കാനാവില്ലെന്ന് വന്നതിനാൽ തൊഴിലാളികൾ മറ്റ് പണിക്കുപോയി.
ഇപ്പോൾ ഞാറുനടാനും കളപറിക്കാനുമൊന്നും ആളില്ല. തൊഴിലാളികളെ കിട്ടാനില്ലാത്ത പ്രശ്നം പരിഹരിക്കുന്നത് കുട്ടനാട്ടിൽനിന്ന് തൊഴിലാളികളെ എത്തിച്ചാണ്. ഉത്തരേന്ത്യൻ തൊഴിലാളികളും അവർക്കൊപ്പം കണ്ടത്തിലിറങ്ങുന്നു.
വെള്ളംവറ്റിയ കണ്ടത്തിൽ നെൽവിത്തുകൾ ചേറുകയായിരുന്നു. അതിനാൽ ഞാറ് പറിച്ചുനടുന്ന കൂലിച്ചെലവ് ലാഭിച്ചു. ഞാറ് കിളിർത്ത ഇടത്തെല്ലാം ഒന്നാംഘട്ട വളപ്രയോഗവും മരുന്ന് തളിക്കലും കഴിഞ്ഞു. ഇവിടുത്തെ കർഷകരുടെ പക്കൽ 40 ഏക്കറോളം ഭൂമിയേ ഉള്ളൂ. ബാക്കി 232 ഏക്കർ മിച്ചഭൂമി കേസിലകപ്പെട്ട ഭൂമിയാണ്. അവിടെയും നെല്ല് വിതച്ചുകഴിഞ്ഞു. ഭൂമിയിൽ ആരും പ്രവേശിക്കരുതെന്ന് ഹൈകോടതി വിലക്കിയതിനാൽ തുടർപരിചരണം നത്താനാകുമോ എന്ന ആശങ്കയാണ് പാടശേഖര സമിതിക്കുള്ളത്.
കുട്ടനാട്ടിൽനിന്നുള്ള സംഘമാണ് വിമാനത്താവള ഭൂമിയിൽ വിത നടത്തിയത്. കുട്ടനാട്ടിലെ പുളിങ്കുന്നിൽനിന്നുള്ള സംഘമാണ് കൃഷി ഇറക്കുന്നതിനായി എത്തിയിട്ടുള്ളത്. കൃഷിയോടുള്ള വൈകാരികത മൂലമാണ് സ്വന്തം നാടുവിട്ടും കൃഷിയിറക്കാൻ തയാറാകുന്നതെന്നാണ് അവർ പറയുന്നത്. കുട്ടനാട്ടിലെ 6000 പാടത്താണ് ഈ സംഘത്തിന് സ്വന്തമായി നിലമുള്ളത്.
ടോ ജോയാണ് സംഘത്തിന്‍റെ നേതാവ്. മഴ കൂടുതലായിരുന്നതിനാൽ വറ്റിക്കൽ തുടങ്ങാൻ താമസിച്ചു. അതിനാൽ പുഞ്ചവിത സമയം താമസിച്ചു. 90 ദിവസം കൊണ്ട് കൊയ്യാൻ കഴിയുന്ന മണിരത്ന വിത്താണ് വിതച്ചത്. മേയ് മധ്യത്തോടെ കൊയ്ത്ത് തുടങ്ങിയാലെ കാലവർഷത്തിൽ വെള്ളം കയറുന്നതിനുമുമ്പ് വിളവെടുപ്പ് പൂർത്തിയാക്കാനാവൂ. മുൻ വർഷങ്ങളിലേതുപോലെ മേയ് മധ്യത്തോടെ മഴ ശക്തിപ്പെട്ടാൽ കൊയ്ത്ത് വെള്ളത്തിലാകും. നവംബർ മാസം അവസാനം ആറന്മുള എം.എൽ.എയും ആരോഗ്യ മന്ത്രിയുമായ വീണ ജോർജ്, കൃഷിമന്ത്രി പി. പ്രസാദ്, ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി എന്നിവരുടെ യോഗം നിയമസഭ മന്ദിരത്തിൽ ചേർന്നിരുന്നു. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ആ യോഗതീരുമാനം അനുസരിച്ചാണ് കൃഷി തുടങ്ങിയത്.
രണ്ട് സെന്‍റ് ഭൂമി ജീവിതത്തിലെ സ്വപ്നം
രണ്ട് സെന്‍റ് മതിയായിരുന്നു. അത് കിട്ടിയിരുന്നുവെങ്കിൽ ഈ കുടിൽ പൊളിച്ച് അതിൽ കൊണ്ടുപോയി കെട്ടി അവിടെ കഴിഞ്ഞേനെ. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി അൽപം ഭൂമിയെന്നത്. പിന്നെ സംതൃപ്തിയോടെ മരിക്കാമായിരുന്നു. ആറന്മുള വിമാനത്താവളത്തിനായി നികത്തിയ ഭൂമിയിൽ കുടിൽകെട്ടി പാർക്കുന്ന ഇന്ദിര പറയുന്നു. വസ്തുവും വീടും ലഭിക്കാൻ ഞാൻ എട്ടുതവണ അപേക്ഷ നൽകി.
ഒരുതവണപോലും പരിഗണിക്കപ്പെട്ടിട്ടില്ല. ആറന്മുളയിൽ മേൽവിലാസമില്ലാത്തതിനാൽ അപേക്ഷ നൽകാനാവില്ല. ഭൂമിയും വീടുമില്ലാത്തവർക്ക് എന്ത് മേൽവിലാസമെന്ന വാദം പഞ്ചായത്ത് ചെവിക്കൊള്ളുന്നില്ല. കോന്നിയിൽ അരുവാപ്പുലം പഞ്ചായത്തിലാണ് മേൽവിലാസമുണ്ടായിരുന്നത്. അരുവാപ്പുലത്ത് ഐരവൺ വില്ലേജിൽ ഭൂമിയുണ്ടായിരുന്നു. അത് ഭർത്താവ് സുഖമില്ലാതെ കിടന്നപ്പോൾ വിൽക്കേണ്ടിവന്നു. പിന്നെ വാടക വീടുകളിലായിരുന്നു താമസം. വിവിധ അസുഖങ്ങൾക്കായി എട്ട് ഓപറേഷനുകളാണ് തനിക്ക് ചെയ്തത്. വാടക നൽകാൻ നിവൃത്തിയില്ലാതായപ്പോഴാണ് ഇവിടെ വന്ന് കുടിൽ കെട്ടി താമസമായത്. നന്ദുവക്കാട്ട് തട്ടുകട നടത്തവെ ഫോണിൽ ഒരാളോട് തന്‍റെ വിഷമങ്ങൾ പറയുന്നതുകേട്ട അവിടെ വെള്ളംകുടിക്കാനെത്തിയ ആളാണ് ഇവിടെ വന്ന് കുടിൽകെട്ടി താമസിക്കാൻ പറഞ്ഞത്. വീട്ടുവാടക കൊടുക്കാതെ കഴിയാമെന്ന് അറിഞ്ഞപ്പോൾ തൊട്ടടുത്ത ദിവസം തന്നെ ഇവിടെയെത്തി കുടിൽകെട്ടുകയായിരുന്നു. 75 വയസ്സുള്ള അമ്മയുണ്ട്. അമ്മയെ നോക്കാൻ നിവൃത്തിയില്ലാത്തതിനാൽ കരുണാലയത്തിൽ ആക്കിയിരിക്കയാണ്. ഭർത്താവ് ഉണ്ണി മേശിരിപ്പണിക്കാരനാണ്. വയ്യെങ്കിലും പണിക്കുപോകും. അതല്ലാതെ വരുമാനമൊന്നുമില്ല. ഇന്ദിര പറഞ്ഞു. ഇത് ഇന്ദിരയുടെ മാത്രം ദുരിതജീവിതമല്ല. ഇവിടെ മൊത്തം 32 വീട്ടുകാരുണ്ട്. എല്ലാവരും കൂലിപ്പണിക്കാർ. ഇവരെല്ലാം ഇതുപോലെ ഓരോ ദുരിത ജീവിതകഥകൾക്ക് ഉടമകളാണ്. മഴക്കാലമായാൽ താമസിക്കുന്ന കുടിലുകളിൽ വെള്ളംകയറും. വേനലായാൽ സഹിക്കാൻ കഴിയാത്തത്ര കൊടുംചൂട്. വെള്ളംകയറുമ്പോൾ നാൽക്കാലിക്കൽ സ്കൂളിലെ ക്യാമ്പിലേക്ക് താമസംമാറും. കൃഷിചെയ്താൽ പന്നിയും എലിയും കൊണ്ടുപോകും. വീടോ ഭൂമിയോ നൽകാൻ ഒരു നടപടിയുമില്ല. പുറമ്പോക്ക് എന്നുപറഞ്ഞ് അഞ്ചുപേർക്ക് വെള്ളക്കാർഡ് കിട്ടിയിട്ടുണ്ട്. അവർക്ക് ഇനി അപേക്ഷ നൽകാമെന്നായിട്ടുണ്ട്.
പാടശേഖരസമിതിയും ഹൈകോടതിയെ സമീപിച്ചു
മിച്ചഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാറിനുണ്ടായ കടുത്ത പരാജയമാണ് ഇപ്പോൾ കൃഷി തുടരുന്നതിന് തടസ്സമായ നിയമപ്രശ്നങ്ങൾക്ക് കാരണമെന്ന് മല്ലപ്പുഴശ്ശേരി പാടശേഖരസമിതി സെക്രട്ടറി ഹരി 'മാധ്യമ'ത്തോട് പറഞ്ഞു. കൃഷി തുടരുന്നതിന് അനുമതി തേടി പാടശേഖരസമിതി ഹൈകോടതിയെ സമീപിച്ചുകഴിഞ്ഞു. കലമണ്ണിൽ എബ്രഹാമിന് ഭൂമിയിൽ ഒരു അവകാശവുമില്ലാതിരിക്കെയാണ് അദ്ദേഹത്തിന്റെ ഭൂമിയിൽ അതിക്രമിച്ചുകയറിയെന്ന് ആരോപിച്ച് ഹൈകോടതിയിൽനിന്ന് ഉത്തരവ് നേടിയത്. തങ്ങളുടെ ഭാഗംകൂടി കോടതിയിൽ വിശദീകരിക്കുമെന്നും ഹരി പറഞ്ഞു.
കൃഷി തട്ടിപ്പെന്ന് ആക്ഷേപം
കുട്ടനാടൻ സംഘത്തിന്‍റേത് സർക്കാർ ഫണ്ട് തട്ടാനുള്ള ശ്രമമെന്ന് ആക്ഷേപം. തരിശ് ഭൂമിയിൽ കൃഷിയിറക്കുന്ന ആളെയാണ് കർഷകനായി പരിഗണിക്കുക. ഭൂ ഉടമക്ക് പാട്ടതുക നൽകും. നെൽകൃഷി നടത്തുന്ന കർഷകന് ഹെക്ടറിന് 25,000 രൂപ സബ്സിഡി ലഭിക്കും. ഭൂ ഉടമക്ക് 5000 രൂപയും ലഭിക്കും. ഈ സബ്സിഡി തട്ടലാണ് കുട്ടനാടൻ സംഘത്തിന്‍റെ ലക്ഷ്യമെന്നാണ് ആരോപണമുയരുന്നത്. സംസ്ഥാനത്ത് എവിടെ നെൽകൃഷി നടത്താനും കുട്ടനാടൻ സംഘം എത്തുന്നതിന്‍റെ പിന്നിലെ ആകർഷണം ഈ സബ്സിഡി തട്ടലാണെന്ന് ആറന്മുളയിലെ ഒരു കൂട്ടർ ചൂണ്ടിക്കാണിക്കുന്നു.
നെല്ല് സപ്ലൈകോക്ക് നൽകുമെന്ന് പറയുമെങ്കിലും കുട്ടനാടൻ സംഘം കൂടിയ വിലക്ക് സ്വകാര്യ മില്ലുകാർക്ക് നെല്ല് നൽകുകയാണ് ചെയ്തുവരുന്നതെന്നും അവർ പറയുന്നു. 2016ലും 2017ലും ആറന്മുളയിൽ കൃഷിയിറക്കിയപ്പോഴും നടന്നത് അതൊക്കെയായിരുന്നുവെന്നും അവർ പറയുന്നു. സബ്സിഡി ലഭിക്കണമെങ്കിൽ ഇന്നയാളുടെ ഭൂമിയിൽ ഇന്നയാൾ കൃഷിയിറക്കിയെന്നുകാട്ടി വില്ലേജ് ഓഫിസർ സർട്ടിഫിക്കറ്റ് നൽകണം. വിമാനത്താവള ഭൂമി കേസിൽപെട്ടതാണെന്നും അതിന് സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്നും ആറന്മുള, മല്ലപ്പുഴശ്ശേരി വില്ലേജ് ഓഫിസർമാർ നിലപാടെടുത്തിരിക്കയാണ്. സബ്സിഡി ലഭിക്കില്ലെന്നുവന്നതും ഭൂമിയിൽ പുറത്തുനിന്ന് ആരും കയറരുതെന്ന് ഹൈകോടതി ഉത്തരവ് വന്നതും കൃഷിയുമായി മുന്നോട്ടുപോകാനാവാത്ത സ്ഥിതി സംജാതമാക്കിയിരിക്കയാണ്. (അവസാനിച്ചു).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.