വന്യമൃഗങ്ങളോടു പൊരുതി ആറളത്തെ കർഷകർ; പച്ചമുളക് കൃഷിയിൽ വിജയഭേരി
text_fieldsകേളകം: കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങളോടു പൊരുതി ആദിവാസി കൂട്ടായ്മ നടത്തുന്ന പച്ചമുളക് കൃഷിയിൽ നൂറുമേനി നേട്ടം. ബ്ലോക്ക് 13ലെ ഫ്ലോറി വില്ലേജിൽ ആറളം ഫാം ഫ്ലവർ പ്രൊഡ്യൂസേഴ്സ് കോഓപറേറ്റിവ് സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള 18 കർഷകരുടെ കൂട്ടായ്മ നടത്തിയ കൃഷിയിൽ മികച്ച വിളവാണ് ലഭിച്ചത്. ആറളം കൃഷി അസിസ്റ്റൻറ് സി.കെ. സുമേഷിന്റെ നിർദേശങ്ങൾ പാലിച്ച് കൃഷി പരിപാലിച്ചാണ് ആറളത്തെ കർഷക കൂട്ടത്തിന്റെ വിജയഗാഥ തുടരുന്നത്.
ആദ്യഘട്ടത്തിൽ രണ്ട് ഏക്കർ കൃഷിയാണ് വിളവെടുപ്പിന് പാകമായത്. ഇതിനകം കിലോക്ക് 50 രൂപ നിരക്കിൽ അഞ്ച് ക്വിൻറൽ പച്ചമുളക് കണ്ണൂർ മാർക്കറ്റിൽ വിൽപന നടത്തി. വിഷരഹിതമായി ജൈവരീതിയിൽ നടത്തിയ കൃഷിയിൽ നിന്നുള്ള വിളവിന് ആവശ്യക്കാരുമുണ്ട്. സംസ്ഥാനത്തെ മികച്ച ട്രൈബൽ പച്ചക്കറി ക്ലസ്റ്ററിനുള്ള പുരസ്കാരം ഇവിടത്തെ കർഷക കൂട്ടായ്മയായ ആറളം ഫാം ഫ്ലവർ പ്രൊഡ്യൂസേഴ്സ് കോഓപറേറ്റിവ് സൊസൈറ്റിക്കായിരുന്നു.
കൃഷിഭവന്റെയും ആറളം പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, സംയോജിത പട്ടിക വർഗ വികസന പദ്ധതി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് പച്ചക്കറി കൃഷി നടത്തുന്നത്. 48 ലക്ഷം രൂപ ചെലവിൽ 40 ഏക്കറിലായി നടത്തുന്ന സമഗ്ര കാർഷിക വികസന പദ്ധതിയിൽപെടുത്തി 12 ഏക്കറിലാണ് പച്ചക്കറി കൃഷി നടത്തിയത്. പച്ചമുളകിനു പുറമെ വാഴ, കരനെല്ല്, ചീര, വെണ്ട, പയർ, വഴുതന, മഞ്ഞൾ, പാവൽ, ഇഞ്ചി തുടങ്ങി വിവിധ വിളകളുടെയും വിളവെടുപ്പ് കാലമാണിപ്പോൾ ആറളം ഫാമിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.