തരിശുനിലം വീണ്ടെടുത്ത് കർഷകർ
text_fieldsകടുംകുറ്റിപ്പാടം കതിരണിഞ്ഞു
തോടുകള്‍ പുനരുദ്ധരിച്ച് വെള്ളം ഒഴുക്കിയാണ് നിലം ഒരുക്കിയത്
കൊടകര: പതിറ്റാണ്ടുകളായി തരിശുകിടന്ന നിലം കൃഷിചെയ്ത് നൂറുമേനി വിളവെടുത്തിരിക്കയാണ് കനകമല പഴമ്പിള്ളി കടുംകുറ്റിപാടത്തെ കര്‍ഷകര്‍. കൊടകര കൃഷിഭവനുകീഴിലെ തേശേരി തെക്ക് പാടശേഖരത്തിന്റെ ഭാഗമായ കടുംകുറ്റിപ്പാടത്തെ 18 ഏക്കറോളം നിലം വര്‍ഷങ്ങളായി തരിശുകിടക്കുകയായിരുന്നു. ഒരുകാലത്ത് വർഷത്തിൽ മൂന്നുവട്ടം കൃഷിയിറക്കിയിരുന്ന സ്ഥലമാണ് ഇത്. പാടശേഖരത്തിലെ വെള്ളക്കെട്ടാണ് ഇവിടെ കൃഷിയിറക്കാന്‍ പ്രധാനതടസ്സമായിരുന്നത്.
പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ചേര്‍ന്ന് തരിശുനിലത്തില്‍ കൃഷിയിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി തോടുകള്‍ പുനരുദ്ധരിച്ച് വെള്ളം ഒഴുക്കി കളയാന്‍ സൗകര്യമൊരുക്കി. സ്വന്തമായി കൃഷിയിറക്കാന്‍ കഴിയാത്ത കര്‍ഷകരുടെ നിലം പാട്ടത്തിനെടുത്ത് കൃഷിയിറക്കാന്‍ തയാറായി ഏതാനും പേർ മുന്നോട്ടുവന്നതോടെ തരിശുനിലം നെല്‍കൃഷിക്ക് വഴിമാറി. നിലമൊരുക്കുന്നതിന് തൊഴിലുറപ്പു തൊഴിലാളികളുടെ സഹായവും ലഭിച്ചു.
കൃഷിയോഗ്യമാക്കിയ 14 ഏക്കറില്‍ ഏഴേക്കറും പാട്ടത്തിനെടുത്ത് കൃഷിയിറക്കിയത് ലളിതയാണ്. വര്‍ഷങ്ങളായി നിലം പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്തുവരുന്ന കര്‍ഷകയാണ് ഇവർ. ഉമ വിത്തുപയോഗിച്ച് ഇറക്കിയ മുണ്ടകന്‍ കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.
സ്രാമ്പിക്കൽ പാടത്ത് ജൈവ നെൽകൃഷി വിളവെടുത്തു
കൊരട്ടി: തരിശുനിലം ജൈവ കൃഷിയിലൂടെ വീണ്ടെടുത്ത് കർഷക കൂട്ടായ്മ. മേലൂർ ഓർഗാനിക് ഫാമിങ് ആൻഡ് മാർക്കറ്റിങ് സൊസൈറ്റിയുടെ (മിയോഫാം) ആഭിമുഖ്യത്തിൽ കൊരട്ടി സ്രാമ്പിക്കൽ പാടത്തെ തരിശുനിലത്താണ് ജൈവ നെൽകൃഷി നടത്തിയത്.
വിളവെടുപ്പ് ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ ഉദ്ഘാടനം ചെയ്തു. മേലൂർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സതി ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിര പ്രകാശൻ തുടങ്ങിയവർ കൃഷിസ്ഥലത്തെത്തി കർഷകർക്ക് പിന്തുണ നൽകി. മേലൂരിലെ 14 അംഗ ജൈവകർഷകർ അടങ്ങിയ സൊസൈറ്റി ഗ്രൂപ്പാണ് മിയോഫാം. ബോബി പി. തെക്കൻ, കർഷകരായ ലോനായി മേച്ചേരി, ജിജി തെക്കൻ, ഷൈജൻ വട്ടോലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നെൽകൃഷി വിളവെടുപ്പ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.