അന്തിക്കാട് കോൾ പാടശേഖരത്തിൽ കർഷകർ ഏക്കർകണക്കിന് നെൽപ്പാടങ്ങൾക്ക് തീയിട്ടു
text_fieldsഅന്തിക്കാട്: ഉഷ്ണതരംഗവും കൊടും ചൂടും കാരണം അന്തിക്കാട് കോൾ പാടശേഖരത്തിലെ ഏക്കർ കണക്കിന് നെൽപാടങ്ങൾ വിളവെടുക്കാതെ കർഷകർ തീയിട്ടു. വിളവെടുത്താൽ കൊയ്ത്തു യന്ത്രത്തിന് കൊടുക്കുന്ന പണം പോലും കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് കർഷകർ കൂട്ടത്തോടെ നെൽപ്പാടങ്ങൾ തീയിട്ടത്. വേനൽ മഴ വേണ്ടരീതിയിൽ ലഭ്യമാകാത്തതും കീടബാധ കൂടിയതും കാലാവസ്ഥ വ്യതിയാനവും കാരണം നെല്ലുൽപാദനം വലിയതോതിൽ ഇടിഞ്ഞിരുന്നു.
സമീപകാലത്ത് ഏറ്റവും കനത്ത ചൂടാണ് ഉണ്ടായത്. അന്തിക്കാട് കോൾ പാടശേഖരത്തിലെ കുൽ കാട്ടിര, പുത്തൻ കോൾ, പുള്ള്, കോവിലകം തുടങ്ങിയ കോൾ പാടശേഖരങ്ങളിൽ വിളവെടുത്തിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ കർഷകർ നെല്ല് കത്തിക്കുകയും ചില പാടശേഖരങ്ങളിൽ വിളവെടുക്കാതെ ട്രാക്ടർ ഇറക്കി പൂട്ടി നെൽചെടികൾ കീഴ്മേൽ മറിച്ചിടുകയും ചെയ്തു.
അന്തിക്കാട് പരപ്പൻചാൽ പാടത്ത് രണ്ടര പറ കൊയ്തെടുത്തപ്പോൾ വെറും രണ്ട് ചാക്ക് നെല്ല് മാത്രമാണ് കിട്ടിയതെന്നും വിളവെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നിയെന്നും കർഷകനായ ചക്കാണ്ടത്ത് പുഷ്കരൻ പറഞ്ഞു. 2023ൽ എട്ട് ചാക്ക് കിട്ടിയ പാടത്ത് ഇത്തവണ രണ്ട് ചാക്ക് മാത്രം നെല്ലാണ് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.