തരിശ്ശ് നിലത്തിൽ പൊന്നുവിളയിച്ചിട്ടും നെല്ല് കൊയ്യാനാകാതെ കർഷകർ
text_fieldsകഴക്കൂട്ടം: വർഷങ്ങളായി തരിശ്ശായികിടന്ന ഏക്കറുകണക്കിന് സ്ഥലം പാടമാക്കിമാറ്റി ലക്ഷങ്ങൾ മുടക്കി നെൽക്കൃഷിയിറക്കിയ കർഷകർ കൊയ്ത്ത് നടത്താനാകാതെ വലയുന്നു. ചന്തവിള ആമ്പലൂർ പാടശേഖരത്തിലാണ് സംഭവം. കുത്തിയൊലിച്ചെത്തിയ മഴവെള്ളം ഒഴുകിപ്പോകാനാകാതെ പാടത്ത് തങ്ങിയതോടെ കൊയ്യാൻ പാകമായ ഏക്കറുകണക്കിന് സ്ഥലത്തെ നെൽകൃഷി വെള്ളത്തിൽ മുങ്ങി. മഴയ്ക്ക് അൽപം ശമനം വന്നതോടെ കൃഷി ഉദ്യോഗസ്ഥരുടെ സഹായത്തോടെ ആലപ്പുഴയിൽനിന്ന് കൊയ്ത്തുയന്ത്രമെത്തിച്ചെങ്കിലും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന പാടശേഖരത്ത് കൊയ്ത്ത് നടത്താനാകാതെ വന്നതോടെ കൊയ്ത്തുയന്ത്രം തിരിച്ചയക്കുകയായിരുന്നു . ഇതോടെ പാടത്തെ കർഷകർ ദുരിതത്തിലായി. കടം മേടിച്ചും വായ്പ തരപ്പെടുത്തിയും കൃഷിയിറക്കിയ കർഷകർ ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണ്.
ചന്തവിള ആമ്പല്ലൂർ പാടശേഖരത്തിലെ 45 ഏക്കർ സ്ഥലത്തെ നെല്ലാണ് കൊയ്യാനാകാതെ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത്. വിവിധയിടങ്ങളിൽനിന്ന് പാടത്തേക്ക് ഒഴുകിയെത്തിയ വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതാണ് ഈ ദുർവിധിക്ക് കാരണം. ആമ്പല്ലൂർ പാടശേഖരത്ത് മുമ്പുണ്ടായിരുന്ന തടയണകളും നീർച്ചാലുകളും മണ്ണിട്ട് നികത്തി പാടത്തിന് കുറുകെ അനധികൃതമായി വയൽ നികത്തി സ്വകാര്യ വ്യക്തികൾ മതിൽ കെട്ടിത്തിരിച്ചതാണ് പാടശേഖരം വെള്ളത്തിൽ മുങ്ങാൻ കാരണം. ഏലായിൽ മഴ പെയ്ത് നിറയുന്ന വെള്ളം മുൻകാലങ്ങളിൽ തെറ്റിയാറിലേക്കാണ് ഒഴുകിയിരുന്നത്. ഭൂമാഫിയ സ്ഥലം വാങ്ങി തണ്ണീർതടങ്ങൾ ഉൾപ്പെടെ നികത്തിയതിനെതുടർന്നാണ് കർഷകർ പ്രതിസന്ധിയിലായത്. ഏറെനാൾ തരിശ് കിടന്ന സ്ഥലം കർഷകർ പാട്ടത്തിനെടുത്താണ് കൃഷി ചെയ്തത്. തൊഴിലുറപ്പുകാരെ ഉപയോഗിച്ച് കുറേശ്ശെ കൊയ്ത്തു നടത്തുന്നുണ്ടെങ്കിലും യന്ത്രമുപയോഗിച്ച് രണ്ടുദിവസം കൊണ്ട് കൊയ്യേണ്ട സ്ഥലത്ത് ഇപ്പോൾ ആഴ്ചകളെടുത്ത് കൊയ്ത്ത്
പൂർത്തിയാക്കിയാലും നെല്ല് ഉപയോഗശൂന്യമായി മാറുമെന്ന് കർഷകർ പറയുന്നു. പാടശേഖരത്തിന് സമീപത്തെ കൈയേറ്റങ്ങൾ കണ്ടെത്തി വെള്ളത്തിെൻറ സ്വാഭാവിക ഒഴുക്ക് സാധ്യമാക്കി കൃഷി സംരക്ഷിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
തണ്ണീർതടങ്ങളും നീർച്ചാലുകളും നികത്തിയുള്ള അനധികൃത നിർമാണങ്ങൾ കണ്ടെത്തി തടയുമെന്നും ഇത്തരക്കാർക്കെതിരെ നഗരസഭയുടെയും കൃഷി വകുപ്പിെൻറയും ആഭിമുഖ്യത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും ചന്തവിള വാർഡ് കൗൺസിലർ ബിനു എം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.