ചൂടിൽ വാടി ജില്ലയിലെ കാർഷികമേഖല: കോട്ടയത്തെ വരള്‍ച്ചബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന് കർഷകർ
text_fieldsകോട്ടയം: ജില്ലയിൽ മലയോര മേഖലയിലടക്കം വേനലിനെത്തുടര്‍ന്ന് വ്യാപക കൃഷിനാശം. പുതുപ്പള്ളി, കറുകച്ചാല്‍, മണിമല, മുണ്ടക്കയം, കോരിത്തോട്, മാമ്മൂട്, നെടുങ്കുന്നം എന്നിവിടങ്ങളിലടക്കം ജില്ലയിലെ 70 ശതമാനം പ്രദേശത്തും കടുത്ത കൃഷിനാശമാണ് നേരിടുന്നത്. ഏക്കറുകണക്കിന് കൃഷിയാണ് ഇവിടങ്ങളില്‍ നശിച്ചത്. ഓണം, വിഷു വിപണികള്‍ ലക്ഷ്യംവെച്ച് കൃഷിയിറക്കിയ കര്‍ഷകര്‍ ഇതോടെ കടുത്തപ്രതിസന്ധിയിലായി. വാഴ, പച്ചക്കറി, ജാതി, കൊക്കോ, പൈനാപ്പിള്‍, ഇഞ്ചി, ഏലം, റബര്‍ തുടങ്ങിയവയുടെ ഏക്കറു കണക്കിന് കൃഷിയാണ് വെള്ളം കിട്ടാതെ കരിഞ്ഞത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്.
പണം കടം വാങ്ങിയും പലിശക്കെടുത്തുമാണ് ഇവര്‍ കൃഷിയിറക്കിയത്. വേനല്‍മഴ കിട്ടാതെ വന്നതോടെ ഇവരുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. പൈനാപ്പിള്‍ ഉല്‍പാദനം പകുതിയായി കുറഞ്ഞു. മഴ ഇല്ലാതെവന്നതും കൈത്തോടുകള്‍ വറ്റിയതും പലയിടത്തും തിരിച്ചടിയായി. കൂരോപ്പട പഞ്ചായത്തിൽ ളാക്കാട്ടൂര്‍, കോത്തല, പങ്ങട, മാടപ്പാട് തുടങ്ങിയ സ്ഥലങ്ങളിലും വരള്‍ച്ച കടുത്തനാശമാണ് വിതക്കുന്നത്. ജലസേചനത്തിന് ആശ്രയിച്ചിരുന്ന കൈത്തോടുകളടക്കം വേനല്‍ കടുത്തതോടെ വറ്റിയതും പ്രതിസന്ധിയായെന്ന് കര്‍ഷകര്‍ പറയുന്നു. ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥപ്രവചനം. ഇതേതുടര്‍ന്ന് കൃഷിമേഖലയുടെ നിലനില്‍പുതന്നെ അവതാളത്തിലാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഈ സാഹചര്യത്തില്‍ വിദഗ്ധസംഘത്തെകൊണ്ട് പരിശോധന നടത്തി വരള്‍ച്ചബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കൃഷിയിടങ്ങളില്‍ നീര്‍ക്കുഴി കുത്തുന്ന പദ്ധതി മുടങ്ങിയതും വരള്‍ച്ചക്ക് ആക്കംകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.