വാഴകൃഷിക്ക് വെല്ലുവിളിയായി പിണ്ടിപ്പുഴു ശല്യം
text_fieldsകോട്ടയം: കിഴക്കൻമേഖലയിലെ വാഴകർഷകർക്ക് ഭീഷണിയായി പിണ്ടിപ്പുഴു ശല്യം രൂക്ഷം. പല കർഷകരുടേതായി ആയിരക്കണക്കിന് വാഴകളാണ് പുഴുവിന്റെ ആക്രമണത്തില്‍ നശിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ആരംഭിച്ച കർഷകരാണ് ഇതോടെ ദുരിതത്തിലായത്. പാമ്പാടി സ്വദേശിയായ എബി ഐപ്പിന്റെ മൂന്നേക്കർ സ്ഥലത്ത് കൃഷി ചെയ്ത നൂറിലധികം വാഴകളാണ് പിണ്ടിപ്പുഴുവിന്റെ ആക്രമണത്തില്‍ നശിച്ചത്. നിയന്ത്രിക്കാൻ കഴിയാത്തത്ര ശല്യമായിക്കഴിഞ്ഞു പിണ്ടിപ്പുഴുക്കള്‍. കുലക്കാറായ വാഴകൾ ഏറെയും വെട്ടിക്കളയേണ്ട അവസ്ഥയിലാണ് കർഷകർ. മലയോര മേഖലയായ കൂരോപ്പട, അകലകുന്നം, മണിമല, കറുകച്ചാൽ എന്നിവിടങ്ങളിലെ കർഷകരുടെ വാഴകൃഷിയാണ് പിണ്ടിപ്പുഴു ശല്യംമൂലം കൂടുതലും നശിക്കുന്നത്.
ഗുണനിലവാരമില്ലാത്ത വിത്തുകളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കർഷകർ പറയുന്നത്. തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്ന ഗുണനിലവാരമുള്ള വാഴതൈകൾ ഭൂരിഭാഗവും വടക്കു-കിഴക്കൻ സംസ്ഥാങ്ങളായ അസം, മേഘാലയ എന്നിവിടങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. പ്രതിരോധശേഷിയും ഗുണനിലവാരവും കുറഞ്ഞ വിത്തുകൾ കേരളത്തിലെ കർഷകരിലേക്കും എത്തുന്നു. മുൻവർഷങ്ങളിലും പ്രതിസന്ധിയുണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം രൂക്ഷമായത് ഇക്കൊല്ലമാണെന്ന് കർഷകർ പറയുന്നു. എത്തവാഴ, പാളയൻകോടൻ, ഞാലിപ്പൂവൻ തുടങ്ങിയ ഇനങ്ങളിലാണ് പുഴുക്കളുടെ രൂക്ഷമായ ആക്രമണം. വാഴകളുടെ വലുപ്പം കണ്ടാല്‍ ആക്രമണം മനസിലാവില്ലെങ്കിലും കുല മുരടിച്ച് കാമ്പില്ലാത്ത നിലയിലേക്ക് എത്തിക്കുന്നതാണ് പിണ്ടിപ്പുഴു ശല്യം.
ഒരു വാഴയില്‍ തുടങ്ങിയാല്‍ അതിവേഗം മറ്റ് വാഴകളിലേക്കും പുഴുശല്യം പടർന്ന് പിടിക്കും. പിണ്ടിപ്പുഴു ആക്രമിച്ചാല്‍ വാഴക്കുലകളുടെ വലിപ്പവും കായകളുടെ എണ്ണവും കുറയും. പ്രതിസന്ധി പരിഹരിക്കാൻ കൃഷിവകുപ്പ് ഇടപെടുന്നില്ലെന്നാണ് കർഷകരുടെ പരാതി. ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.